2000 സർവിസ് തികച്ച് സിയാൽ ബിസിനസ് ജെറ്റ് ടെർമിനൽ
text_fieldsനെടുമ്പാശേരി: ഇന്ത്യയിലെ ആദ്യ ചാർട്ടർ ഗേറ്റ് വേ എന്ന ആശയത്തോടെ സിയാൽ ആരംഭിച്ച ബിസിനസ് ജെറ്റ് ടെർമിനൽ 2000 സർവീസ് പൂർത്തിയാക്കി. രാജ്യത്തെതന്നെ ഏറ്റവും വലിയ സ്വകാര്യ ജെറ്റ് ടെർമിനലാണ് സിയാലിലേത്. 2022-’23ൽ 242 ചാർട്ടർ സർവിസാണ് പൂർത്തിയാക്കിയത്. 2023-’24ൽ 708 സർവിസും 2024-’25ൽ 714 പ്രൈവറ്റ് ജെറ്റ് ഓപറേഷനും സിയാൽ കൈകാര്യം ചെയ്തു. നടപ്പ് സാമ്പത്തിക വർഷത്തിൽ ഇതുവരെ 344 സർവിസാണ് നടത്തിയത്. 2022 ഡിസംബർ 10നാണ് മുഖ്യമന്ത്രി പിണറായി വിജയൻ സിയാൽ ബിസിനസ് ജെറ്റ് ടെർമിനൽ ഉദ്ഘാടനം ചെയ്തത്.
ഗൾഫ് രാജ്യങ്ങൾക്ക് പുറമെ ലണ്ടൻ, മാലി ദ്വീപ്, ഹോങ്കോങ്, മോണ്ടിനെഗ്രോ ഇന്ത്യൻ നഗരങ്ങളായ മുംബൈ, ഡൽഹി, ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ, പുണെ, തിരുപ്പതി എന്നിവിടങ്ങളിൽനിന്നാണ് പ്രധാനമായും സർവീസ് നടത്തുന്നത്. 2022 ഡിസംബറിൽ കൊച്ചിയിൽ നടന്ന ഐ.പി.എൽ ലേലം, 2023 മാർച്ച് മുതൽ ജൂൺ വരെ സംഘടിപ്പിച്ച വിവിധ ജി-20 സമ്മേളനങ്ങൾ, 2022 ഡിസംബർ മുതൽ ഏപ്രിൽ 2023 വരെ സംഘടിപ്പിച്ച കൊച്ചി മുസിരിസ് ബിനാലെ പോലുള്ള രാജ്യാന്തര സമകാലിക കലാ, സാംസ്കാരിക പ്രദർശനങ്ങൾ എന്നിവയോടനുബന്ധിച്ച് സിയാൽ ബിസിനസ് ജെറ്റ് ടെർമിനലിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് സ്വകാര്യ ജെറ്റുകൾ എത്തി.
2023 ഏപ്രിലിൽ ലക്ഷദ്വീപിൽ നടന്ന ജി-20 യോഗത്തിൽ പങ്കെടുക്കാൻ വിവിധ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളുമായി ഒരു ഡസനോളം ചാർട്ടർ വിമാനങ്ങളാണ് ടെർമിനലിൽ എത്തിയത്.
2023 സെപ്റ്റംബറിൽ ചാർട്ടേർഡ് ബോയിങ് 737 വിമാനം വിവിധ രാജ്യങ്ങളിൽനിന്നുള്ള 58 യാത്രക്കാരുമായി എത്തി. കേരളത്തിന്റെ തനത് കലകൾക്ക് ഇടം സൃഷ്ടിക്കാനുള്ള ശ്രമവും സിയാലിൽ നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി കഥകളി ശിൽപങ്ങളും കലാമണ്ഡലം ഗോപിയുടെ നവരസാവിഷ്കാര പെയിന്റിങ്ങും ബിസിനസ് ജെറ്റ് ടെർമിനലിൽ ഒരുക്കിയിട്ടുണ്ട്. ഈവർഷം ഡിസംബറിൽ ആരംഭിക്കുന്ന ആറാമത്തെ ബിനാലെ പതിപ്പിനോടനുബന്ധിച്ച് അന്വേഷണങ്ങളും സിയാലിൽ എത്തുന്നുണ്ട്. ശബരിമല തീർഥാടന കാലത്ത് സർവിസുകളുടെ എണ്ണത്തിൽ വർധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ.


