ടൂറിസ്റ്റ് ബസിൽനിന്ന് എം.ഡി.എം.എ പിടികൂടി; രണ്ടുപേർ അറസ്റ്റിൽ
text_fieldsമിഥുൻ, ആൽവിൻ
നെടുമ്പാശ്ശേരി: ടൂറിസ്റ്റ് ബസിൽനിന്ന് 123 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ. ചൊവ്വര വെളിയത്ത് മിഥുനിൽ (35) നിന്ന് 90 ഗ്രാമും ആലപ്പുഴ പൂന്തോപ്പ് വള്ളിയാട് വീട്ടിൽ ആൽവിൻ ഫ്രാൻസിസിൽ (19) നിന്ന് 33 ഗ്രാം എം.ഡി.എം.എയുമാണ് റൂറൽ ജില്ല ഡാൻസാഫ് ടീം പിടികൂടിയത്. ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ബംഗളൂരുവിൽനിന്ന് എറണാകുളത്തേക്കുള്ള രണ്ട് ടൂറിസ്റ്റ് ബസുകളിലാണ് ഇവർ യാത്ര ചെയ്തിരുന്നത്. അങ്കമാലിയിൽ വാഹനം തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. ആൽവിന്റെ ഷൂസിനുള്ളിലാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. മിഥുന്റെ ഷോൾഡർ ബാഗിലായിരുന്നു മയക്കുമരുന്ന്.
സ്ഥിരമായി മയക്കുമരുന്ന് കടത്തുന്നവരാണ് ഇവരെന്ന് പൊലീസിന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്. പിടികൂടിയ എം.ഡി.എം.എക്ക് ലക്ഷങ്ങൾ വില വരും.
ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ ഡിവൈ.എസ്.പിമാരായ ജെ. ഉമേഷ് കുമാർ, ടി.ആർ. രാജേഷ്, ഇൻസ്പെക്ടർമാരായ സാബു ജി. മാസ്, എ. രമേഷ് എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.