പിണർമുണ്ട പാടശേഖത്തിൽ മാലിന്യം തള്ളുന്നതായി പരാതി
text_fieldsപിണർമുണ്ട മുരിയങ്കര പാടശേഖരത്തിൽ മാലിന്യം തള്ളിയ നിലയിൽ
പള്ളിക്കര: കുന്നത്തുനാട് പഞ്ചായത്ത് പതിനഞ്ചാം വാർഡ് പിണർമുണ്ട സൂര്യനെല്ലി മുരിയങ്കര പാടശേഖരത്തിന് സമീപം ആശുപത്രി മാലിന്യം ഉൾപ്പെടെയുള്ളവ വൻ തോതിൽ തള്ളുന്നതായി പരാതി. പ്ലാസ്റ്റിക് മാലിന്യങ്ങളും ശുചിമുറി മാലിന്യം ഉൾപ്പെടെയുള്ളവയും തള്ളുന്നതിനാൽ ദുർഗന്ധവും രൂക്ഷമാണ്. പ്രദേശവാസികൾ ഒട്ടേറെ പ്രാവശ്യം പരാതി നൽകിയെങ്കിലും നടപടി സ്വീകരിക്കാൻ പൊലീസ്, പഞ്ചായത്ത് അധികൃതർ തയാറായിട്ടില്ല.
കടമ്പ്രയാറിനോട് ചേർന്ന പാടശേഖരമായതിനാൽ മാലിന്യം വെള്ളത്തിലേക്ക് കലരാനും സാധ്യത ഏറെയാണ്. ആശുപത്രി മാലിന്യങ്ങളിൽനിന്ന് രോഗബാധ ഉൾപ്പെടെ പേടിച്ചാണ് നാട്ടുകാർ കഴിയുന്നത്.
ബ്രഹ്മപുരത്തേക്ക് എത്തിക്കുന്ന മാലിന്യങ്ങളാണ് ഇതിന് സമീപമുള്ള പാടശേഖരത്തിലേക്ക് തള്ളുന്നതെന്നാണ് നാട്ടുകാരുടെ പരാതി, ഇത്തരത്തിൽ പാടം നികത്തലാണ് സ്ഥലം ഉടമയുടെ ലക്ഷ്യമെന്നാണ് നാട്ടുകാർ പറയുന്നത്. മാലിന്യത്തിന് മീതെ ഇടക്കിടെ മണ്ണിട്ട് മൂടുന്നതും പതിവാണ്.
ഇതോടെ പാടവും നികത്തുന്നതാണ് മാഫിയക്കാരുടെ രീതി. മാലിന്യം തള്ളിയ വാഹനങ്ങൾ പൊലീസ് പിടിച്ചെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മഴ പെയ്യുമ്പോൾ മാലിന്യങ്ങളെല്ലാം സമീപത്തെ കിണറുകളിൽ ഒലിച്ചിറങ്ങി പകർച്ച വ്യാധികളും പിടിപെടാനുള്ള സാധ്യതയും ഏറെയാണ്.