കുന്നത്തുനാട് പഞ്ചായത്ത് അവിശ്വാസപ്രമേയം; വോട്ടെടുപ്പിൽനിന്ന് യു.ഡി.എഫ് വിട്ടുനിൽക്കും
text_fieldsപള്ളിക്കര: കുന്നത്തുനാട് പഞ്ചായത്തിൽ സ്വന്തം പ്രസിഡന്റിനെതിരെ ട്വന്റി 20 കൊണ്ടുവരുന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ യു.ഡി.എഫ് പങ്കെടുക്കുമെങ്കിലും വോട്ടെടുപ്പിൽനിന്ന് യു.ഡി.എഫ് അംഗങ്ങൾ വിട്ട് നിൽക്കും. സെപ്റ്റംബർ 30നാണ് അവിശ്വാസപ്രമേയത്തിന് ട്വൻറി 20 നോട്ടീസ് നൽകിയത്.
ലക്ഷങ്ങൾ സാമ്പത്തിക ഇടപാട് നടത്തിയതായി ആരോപിച്ചും സംഘടനാവിരുദ്ധ പ്രവർത്തനം ചൂണ്ടിക്കാട്ടിയും രാജിവെക്കാൻ പ്രസിഡൻറിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും രാജിവെച്ചിരുന്നില്ല. ഇതേതുടർന്നാണ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയത്.
എന്നാൽ, ട്വൻറി 20 ഭരണസമിതി പൂർണമായും അഴിമതി നിറഞ്ഞതാണെന്നും എല്ലാവരും രാജിവെക്കണമെന്നുമാണ് യു.ഡി.എഫ് നിലപാടെന്ന് മണ്ഡലം പ്രസിഡൻറ് കെ.കെ. രമേശ് പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന യു.ഡി.എഫ് പട്ടിമറ്റം കുന്നത്തുനാട് സംയുക്ത മണ്ഡലം യോഗവും ഈ നിലപാട് സ്വീകരിക്കുകയായിരുന്നു.
വ്യാഴാഴ്ച നടന്ന പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ പ്രസിഡന്റ് പങ്കെടുത്തു. പ്രസിഡൻറിന് ട്വന്റി 20യുടെ വിപ്പ് നൽകാനുള്ള നീക്കം സംഘർഷത്തിലേക്ക് നീങ്ങിയതോടെ കുന്നത്തുനാട് പൊലീസ് സ്ഥലത്തെത്തി. ഇതോടെ സംഘർഷം ഒഴിവായി.


