പള്ളിക്കര-ചിത്രപ്പുഴ റോഡ് നിർമാണം മന്ദഗതിയിൽ
text_fieldsപള്ളിക്കര-ചിത്രപ്പുഴ റോഡ് നിർമാണവുമായി ബന്ധപ്പെട്ട് പെരിങ്ങാലക്ക് സമീപം തോടിന്
കുറുകെ പാലം നിർമിക്കാൻ റോഡ് പൊളിച്ചിട്ടിരിക്കുന്നു
പള്ളിക്കര: പള്ളിക്കര-ചിത്രപ്പുഴ റോഡ് നിർമാണം മന്ദഗതിയിൽ. മാർച്ച് അവസാനത്തോടെ നിർമാണം ആരംഭിച്ചതാണെങ്കിലും റോഡിന്റെ പല ഭാഗങ്ങളും കുത്തിപ്പൊളിച്ചിട്ടിരിക്കുകയാണ്.
പള്ളിക്കര കുടുംബാരോഗ്യ കേന്ദ്രത്തിന്റെ മുൻവശത്തെ റോഡ് കുത്തിപ്പൊളിച്ചിട്ട് മാസങ്ങളായി. കയറ്റം കുറക്കാനാണ് റോഡ് കുത്തിപ്പൊളിച്ചത്. കൂടാതെ പെരിങ്ങാലയിൽ തോടിന്റെ വീതി കൂട്ടി സ്ലാബ് സ്ഥാപിക്കാൻ കുത്തിപ്പൊളിച്ചെങ്കിലും പാതിവഴിയിൽ നിർമാണം നിർത്തി. ഒരുഭാഗത്ത് കൂടി മാത്രമാണ് വാഹനങ്ങൾക്ക് സഞ്ചരിക്കാനാകുന്നത്. ഇതോടെ പെരിങ്ങാല ഭാഗത്ത് ഗതാഗതക്കുരുക്ക് രൂക്ഷമായി.
പാടത്തിക്കര മൂലേക്കുഴി കയറ്റത്ത് റോഡിന്റെ വശങ്ങളിലുള്ള കരിങ്കൽക്കെട്ട് നിർമാണം പൂർത്തീകരിച്ചെങ്കിലും വശങ്ങളിൽ കോൺക്രീറ്റ് ചെയ്തിട്ടില്ല. റോഡ് വീതി കൂട്ടാൻ കരിമുകൾ മുതൽ അമ്പലപ്പടി വരെ മെറ്റൽ വിരിച്ചെങ്കിലും ശക്തമായ മഴയിൽ ഒലിച്ചു റോഡിലേക്ക് വീണിട്ടുണ്ട്. അമ്പലപ്പടി, മുലേക്കുഴി കയറ്റം എന്നിവിടങ്ങളിൽ റോഡരികിൽ വലിയ കുഴികൾ രൂപപ്പെട്ടു. വെളിച്ചമില്ലാത്ത ഇടങ്ങളിൽ രാത്രി വലിയ അപകടങ്ങൾക്ക് സാധ്യതയുണ്ട്. കൂടാതെ കരിമുകൾ കാർബൺ കമ്പനിക്ക് സമീപത്തെ ചപ്പാത്തിൽ വെള്ളക്കെട്ട് രൂക്ഷമാണ്. കലുങ്ക് നിർമിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടില്ല.
പാടത്തിക്കര ചപ്പാത്തിൽ മണ്ണ് ഒലിച്ചെത്തി അപകടസാധ്യത വർധിച്ചിട്ടുണ്ട്. റോഡിന്റെ നിർമാണത്തിന് 12 കോടി രൂപയാണ് പൊതുമരാമത്ത് വകുപ്പ് അനുവദിച്ചിരിക്കുന്നത്. എന്നാൽ, കൃത്യമായി നിർമാണം നടക്കാത്തത് നാട്ടുകാരിൽ ആശങ്ക വർധിപ്പിക്കുന്നുണ്ട്. അപകട സാധ്യതകൾ ഒഴിവാക്കി റോഡ് നിർമാണം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.