പഠനത്തിന്റെ പുതുവഴികൾ തീർത്ത് പുറ്റുമാനൂർ ഗവ. യു.പി സ്കൂൾ
text_fieldsപുറ്റുമാനൂർ ഗവ. യു.പി സ്കൂൾ
പള്ളിക്കര: 109 വർഷം പൂർത്തീകരിച്ച കരിമുകൾ പുറ്റുമാനൂർ ഗവ. യു.പി സ്കൂൾ പാരമ്പര്യത്തിന്റെ പ്രൗഢിയോടെ യാത്ര തുടരുകയാണ്. പുറ്റുമാനൂരിലെ കുട്ടികൾക്ക് ദൂരെ പോയി പഠിക്കാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് 1918ൽ എൽ.പി സ്കൂളായാണ് തുടക്കം. അന്നത്തെ മന കുടുംബം ഒന്നേമുക്കാൽ ഏക്കർ സ്ഥലം ഇതിനായി വിട്ടുകൊടുത്തു. 1965നുശേഷമാണ് യു.പി സ്കൂളായി ഉയർത്തിയത്. ഒരുകാലത്ത് ഒരേസമയം 700 കുട്ടികൾ വരെ ഇവിടെ പഠിച്ചിരുന്നു. നഷ്ടപ്പെട്ട പ്രതാപം നാട്ടുകാരുടെയും പഞ്ചായത്തിന്റെയും ജനപ്രതിനിധികളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് സ്കൂൾ.
കോവിഡിനുമുമ്പ് 80 കുട്ടികളാണ് ഉണ്ടായിരുന്നതെങ്കിൽ ഇന്ന് 185ലധികം പേരുണ്ട്. എഴുതാനും വായിക്കാനും ബുദ്ധിമുട്ടുന്ന കുട്ടികൾക്കുവേണ്ടി എല്ലാ ശനിയാഴ്ചകളിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് അധ്യാപകരെ സ്കൂളിലെത്തിച്ച് ‘അക്ഷര മഹോത്സവം’ എന്ന പേരിൽ കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകി മികവിലേക്ക് ഉയർത്തി. ഇത് ജനകീയമായതോടെ കുട്ടികൾ വർധിച്ചു. കോവിഡ് കാലത്ത് സ്കൂളിലെ 84 കുട്ടികൾക്കും അധ്യാപക സംഘടനകളുടെയും മറ്റ് സംഘടനകളുടെയും സഹായത്തോടെ മൊബൈൽ നൽകുകയും ടൈംടേബിൾ അനുസരിച്ച് ക്ലാസ് നടത്തുകയും ചെയ്തത് സ്കൂളിന് വലിയ നേട്ടമായി. ചിട്ടയായ പ്രവർത്തനങ്ങളിലൂടെ അധ്യയനവർഷം 60ഓളം വിദ്യാർഥികളെ പുതുതായി എത്തിക്കാനായി. മികവ്, കൈത്താങ്ങ്, എന്റെ മലയാളം, ലിറ്റിൽ ഇംഗ്ലീഷ്, പ്രഭാത സർഗമേള പുസ്തകവണ്ടി, പത്രക്വിസ്, നാട്ടിലെ വാർത്ത തുടങ്ങി വിദ്യാർഥികളുടെ മികവ് ഉയർത്താൻ സ്കൂളിൽ നിരവധി പ്രവർത്തനങ്ങൾ ആവിഷ്കരിച്ചു.
കുട്ടികളിൽ വായന പ്രോത്സാഹിപ്പിക്കാൻ ആണ്ടോളം നീണ്ട വായനപദ്ധതിയും വിജയംകണ്ടു. സ്കൂളിൽ എത്തുന്ന പത്രങ്ങൾ വായിക്കുകയും കുട്ടികളും അധ്യാപകരും ചേർന്ന് ചർച്ച നടത്തുകയും അവ ഫേസ്ബുക്ക് ലൈവിലൂടെ പുറത്തുവിടുകയും ചെയ്യും. ഓരോ ദിവസത്തെയും പത്രവാർത്തയെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളുടെ ശേഖരം തയാറാക്കി കുട്ടികൾക്ക് നൽകുകയും എല്ലാ മാസവും ക്വിസ് മത്സരം സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്.
വിജയികൾക്ക് പഞ്ചായത്തിന് കീഴിലെ ദിശയുടെ നേതൃത്വത്തിൽ സമ്മാനം നൽകും. ഇത് പിന്നീട് പി.എസ്.സി പരീക്ഷകൾക്ക് ഉപയോഗപ്പെടുന്ന രൂപത്തിൽ കുടുംബശ്രീ, തൊഴിലുറപ്പ് കൂട്ടായ്മകൾ, റസിഡന്റ്സ് അസോസിയേഷനുകൾ എന്നിവക്കും നൽകിവരുന്നു. സ്കൂൾ വായനശാലയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന മറ്റൊരു പദ്ധതിയാണ് നാട്ടുവാർത്ത. വിവിധ മേഖലകളുമായി ബന്ധപ്പെട്ട അറിവുകളും വിവിധ പുസ്തകങ്ങളെക്കുറിച്ചുള്ള പരിജ്ഞാനവും വാട്സ്ആപ് ഗ്രൂപ്പുകൾ വഴി ലഭിക്കും. ഇത് രക്ഷിതാക്കളെയും വീട്ടമ്മമാരെയുമാണ് ലക്ഷ്യമിടുന്നത്. സഞ്ചരിക്കുന്ന ലൈബ്രറിയും സ്കൂളിലുണ്ട്.
വിവിധ സംഘടനകളുടെ സഹായത്തോടെ പ്രഭാതഭക്ഷണവും ആഴ്ചയിൽ ഒരിക്കൽ സസ്യേതര ഭക്ഷണവും നൽകിവരുന്നു. മാതൃസംഗമത്തിന്റെ നേതൃത്വത്തിൽ നാട്ടിലെ പോഷക വസ്തുക്കൾ ചേർത്ത് അമ്മക്കറിയും നൽകും. ജെ.സി.ഐ ഫ്രൂട്സ് പദ്ധതി വഴി മാസത്തിൽ രണ്ടുതവണ മുഴുവൻ കുട്ടികൾക്കും ഒരുകിലോ വീതം പഴവർഗങ്ങൾ അടങ്ങുന്ന കിറ്റും നൽകിയിരുന്നു. ‘പൊതുനന്മ’ ഫണ്ട് ഉപയോഗിച്ച് പി.ടി.എയുടെയും സ്കൂൾ വികസന സമിതിയുടെയും നേതൃത്വത്തിൽ സ്കൂളിൽ ഭൗതിക സൗകര്യങ്ങൾ ഒരുക്കി. ജില്ലയിൽ ശീതീകരിച്ച കമ്പ്യൂട്ടർ ലാബുള്ള എക യു.പി സ്കൂൾ ഇതാണ്. അംഗൻവാടികളെ പങ്കെടുപ്പിച്ച് കലാകായിക മത്സരങ്ങളും കലോത്സവങ്ങളും ലഹരിവിരുദ്ധ പരിപാടികളുടെ ഭാഗമായി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരെ പങ്കെടുപ്പിച്ച് റിപ്പബ്ലിക് ഡേ നടത്തവും സംഘടിപ്പിക്കാറുണ്ട്.
ഭൗതികസാഹചര്യങ്ങളും കുട്ടികളുടെ എണ്ണവും വർധിച്ചതനുസരിച്ച് സ്കൂളിന് ഓഡിറ്റോറിയം ആവശ്യമാണെന്ന് പ്രധാനാ ധ്യാപിക കെ.എസ്. മേരി പറഞ്ഞു. ഇതിനുള്ള സ്ഥലസൗകര്യമുണ്ട്. കുട്ടികളുടെ കലാപരിപാടികൾക്ക് പുറമെ നാടിന്റെ പൊതു ആവശ്യങ്ങൾക്കും അത് ഉപയോഗപ്പെടുത്താം. അടുത്ത അധ്യയനവർഷത്തോടെ സ്കൂളിൽ വിദ്യാർഥികളുടെ എണ്ണം വർധിക്കുമെന്നാണ് പ്രതീക്ഷയെന്നും പ്രധാനാധ്യാപിക പറഞ്ഞു.


