കാത്തിരുന്ന് മടുത്തു; കടമ്പ്രയാറിന് വികസനക്കടലിലേക്ക് ഒഴുകണം
text_fieldsകടമ്പ്രയാർ (ഫയൽചിത്രം)
പള്ളിക്കര: ഇൻഫോ പാർക്ക് മൂന്നാം ഘട്ടം- കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകളിലാണെന്ന ചർച്ച സജീവമായതോടെ വികസനം കാത്ത് കടമ്പ്രയാർ ടൂറിസം. കുന്നത്തുനാടിന്റെ ജീവനദിയായ കടമ്പ്രയാറും അനുബന്ധ കൈവഴികളും മാലിന്യങ്ങളാല്‍ വീര്‍പ്പ് മുട്ടുമ്പോൾ ഇൻഫോപാർക്ക് മൂന്നാം ഘട്ട വികസനം കടമ്പ്രയാറിന് ഏറെ പ്രതീക്ഷയാണ് നൽകുന്നത്.
പല പ്രാവശ്യം കടമ്പ്രയാർ വികസനത്തിന് തുക അനുവദിച്ചിരുന്നെങ്കിലും എങ്ങും എത്തിയിരുന്നില്ല. കടമ്പ്രയാറും കൈവഴികളും ഇന്ന് അറവുമാലിന്യങ്ങളും സെപ്റ്റിക് മാലിന്യങ്ങളും തള്ളാനുള്ള കേന്ദ്രങ്ങളായി മാറി. കടമ്പ്രയാറും കൈവഴികളും നവീകരിച്ച് നദിയിലെ നീരൊഴുക്ക് വർധിപ്പിച്ചാല്‍ മാത്രമേ ടൂറിസം പദ്ധതി വിജയകരമായി നടപ്പാക്കാനാവൂ.
വികസനം വരുമോ?
ഇൻഫോ പാർക്ക് മൂന്നാം ഘട്ടം പ്രഖ്യാപിച്ചതോടെ കടമ്പ്രയാർ വികസനവും വിനോദസഞ്ചാരവും സാധ്യമാകുമെന്നാണ് പ്രതീക്ഷ. ടൂറിസം വകുപ്പ് വഴി കടമ്പ്രയാർ നവീകരണത്തിന് ഒരുകോടി രൂപ അനുവദിച്ചതിന് പുറമേ സർക്കാറിന്‍റെ നവകേരള സദസ്സിൽ സമർപ്പിച്ച പദ്ധതിക്ക് വിനോദസഞ്ചാര വകുപ്പിൽ നിന്ന് മൂന്നരക്കോടിയുടെ ഭരണാനുമതി കൂടി ലഭ്യമായതോടെ 4.5 കോടിയുടെ ഇക്കോ ടൂറിസം പദ്ധതിയാണ് നടപ്പാക്കാനൊരുങ്ങുന്നത്.
പദ്ധതിയുടെ ഭാഗമായി പഴങ്ങനാട് നിന്ന് മനക്കക്കടവ് വരെ നീണ്ട നടപ്പാത വീതി കൂട്ടി മനോഹരമാക്കും. നിലവിലെ രണ്ട് തൂക്കുപാലങ്ങളും ഡൈനാമിക് ലൈറ്റിങ് സൗകര്യങ്ങളേർപ്പെടുത്തി നവീകരിക്കും. നടപ്പാതയിൽ ലൈറ്റിങ്, സി.സി.ടി.വി എന്നിവ സജ്ജമാക്കുകയും മികച്ച ലാൻഡ് സ്കേപ്പിങ്, ഇരിപ്പിടങ്ങൾ, വാഷ്റൂം, റിഫ്രഷ്മെന്‍റ് യൂനിറ്റ്, റെസ്റ്റാറന്‍റ് സമുച്ചയം എന്നിവയും ഉണ്ടാകും.
ഉല്ലാസ ബോട്ട് യാത്രകൾക്കൊപ്പം പ്രകൃതി സൗഹൃദ ബോട്ടിങ് സൗകര്യങ്ങളായ കയാക്കിങ്, പെഡൽ ബോട്ടുകൾ, ഫിഷിങ് ഡെക്കുകൾ എന്നിവയും ഒരുക്കുന്നുണ്ട് . കൂടുതൽ സന്ദർശകരെ ആകർഷിക്കുംവിധം എല്ലാവിധ സൗകര്യങ്ങളുമുള്ള സമഗ്ര ഇക്കോ ടൂറിസം പദ്ധതിയാണ് വിഭാവനം ചെയ്തിട്ടുള്ളതെന്നും പി.വി. ശ്രീനിജൻ എം.എൽ.എ പറഞ്ഞു.
പാതിവഴിയിൽ താളംതെറ്റി ഇക്കോ ടൂറിസം പദ്ധതി
കുന്നത്തുനാടിന്റെ സമഗ്രവികസനത്തിന് വഴിതുറക്കുമെന്ന് പ്രതിക്ഷിച്ച കടമ്പ്രയാര്‍ ഇക്കോഫാമിങ് ടൂറിസം പദ്ധതി പാതിവഴിയില്‍ താളം തെറ്റി. 2006-’07 സാമ്പത്തിക വർഷം പ്രഖ്യാപിച്ച പദ്ധതി ടൂറിസം വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ഘട്ടങ്ങളായി പൂര്‍ത്തീകരിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്.
കടമ്പ്രയാറിന്റെ ഭാഗികമായ നവീകരണവും പഴങ്ങനാട് പുതുശ്ശേരിക്കടവിലെ ഹോട്ടല്‍ നിർമാണവും പുതുശേരിക്കടവിലും മനക്കേക്കടവിലും ഓരോ തൂക്ക് പാലവും മാത്രമാണ് നിർമിച്ചത്. നടപ്പാതയിലെ കൈവരികള്‍ തുരുമ്പെടുത്ത് നശിച്ച നിലയിലാണ്. നിലത്ത് വിരിച്ച ടൈലുകൾ പല സ്ഥലത്തും പൊട്ടി. സൂക്ഷിച്ചുനടന്നില്ലങ്കിൽ സന്ദർശകർ വെള്ളത്തിൽ വീഴുമെന്ന അവസ്ഥയാണ്. കൂടാതെ പൊലീസിന്‍റെ വേണ്ടത്ര ശ്രദ്ധ ഇല്ലാതായതോടെ ഇവിടം സാമൂഹിക വിരുദ്ധരുടെ കേന്ദ്രമായി മാറി.


