പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത്; ഇരുവശത്തേക്കും തൂങ്ങുന്ന ചരിത്രം
text_fieldsപാറക്കടവ്: രണ്ടര പതിറ്റാണ്ടോളമായി ഇരുമുന്നണിയും മാറിമാറി ഭരിക്കുന്ന പാറക്കടവ് ബ്ലോക്ക് പഞ്ചായത്തിൽ പോരാട്ടം പ്രവചനാതീതം. 2020ലെ തെരഞ്ഞെടുപ്പിൽ ആറ് പഞ്ചായത്തുകളിൽ പുത്തൻവേലിക്കര ഒഴികെ അഞ്ചിലും ഭരണം ലഭിച്ചത് യു.ഡി.എഫിനാണെങ്കിലും ബ്ലോക്കിൽ ഒമ്പത് സീറ്റ് (ആകെ 13) നേടി എൽ.ഡി.എഫ് മേൽെക്കെ നേടുകയായിരുന്നു. തുടർച്ചയായി രണ്ടുവട്ടം ബ്ലോക്ക് ഭരിച്ചിരുന്ന യു.ഡി.എഫ് നാല് സീറ്റിൽ ഒതുങ്ങി.
ഇത്തവണ ആകെ സീറ്റ് 14 ആയിട്ടുണ്ട്. എൽ.ഡി.എഫിൽ സി.പി.എം 11സീറ്റിലും, ഒരിടത്ത് സി.പി.എം സ്വതന്ത്രനും, രണ്ടിടങ്ങളിൽ സി.പി.ഐയും ജനവിധി തേടുന്നു.
യു.ഡി.എഫിൽ 14 സീറ്റിലും മത്സരിക്കുന്നത് കോൺഗ്രസ് തന്നെ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എളന്തിക്കര ഡിവിഷനിൽ സി.പി.ഐ ടിക്കറ്റിൽ മത്സരിച്ച് വൈസ് പ്രസിഡന്‍റ് സ്ഥാനം അലങ്കരിച്ച ഷെറൂബി സെലസ്റ്റീന അവസാന സന്ദർഭത്തിൽ പാർട്ടിയുമായി തെറ്റി സി.പി.എമ്മിൽ ചേക്കേറി.
പുത്തൻവേലിക്കര ഡിവിഷനിലാണ് ജനവിധി തേടുന്നത്. 2010ലെ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് 11സീറ്റുകൾ നേടിയിരുന്നു. എൽ.ഡി.എഫിന് രണ്ടെണ്ണമാണ് ലഭിച്ചത്. 2015ൽ യു.ഡി.എഫിന് ഒമ്പത് സീറ്റ് ലഭിച്ചപ്പോൾ എൽ.ഡി.എഫ് നാല് സീറ്റ് ലഭിച്ചു.
1,65,741 വോട്ടർമാർ
പുത്തൻവേലിക്കര, പാറക്കടവ്, കുന്നുകര, ചെങ്ങമനാട്, നെടുമ്പാശ്ശേരി, ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തുകളാണ് പാറക്കടവ് ബ്ലോക്ക് പഞ്ചായത്തിന്‍റെ പരിധിയിലുള്ളത്. ആകെ 1,65,741 വോട്ടർമാർ. കൂടുതൽ വോട്ടർമാർ കുറുമശ്ശേരി ഡിവിഷനിലും (12,474) കുറവ് കുത്തിയതോട്ടിലുമാണ് (10897). ആകെ ഡിവിഷൻ 14.


