105 ഒരു പ്രായമല്ല; ഇതാ, നമ്മുടെ ‘ഡിജിറ്റല്‍’ മൗലവി
text_fieldsമൊബൈലില്‍ വാര്‍ത്തകള്‍ നോക്കുന്ന അബ്ദുല്ല മൗലവി
പെരുമ്പാവൂര്‍: ‘ഓ, പ്രായമായി ഇനിയിപ്പോ സ്മാര്‍ട്ട് ഫോണും കമ്പ്യൂട്ടറും ഒക്കെ എന്തിനാ’ എന്നു ചിന്തിക്കുന്നവരുണ്ടെങ്കില്‍ ഇങ്ങോട്ടൊന്നു നോക്കൂ... 105ാം വയസ്സില്‍ ഡിജിറ്റല്‍ സാക്ഷരത കൈവരിച്ച ഒരു ‘ചെറുപ്പക്കാര’നിതാ ഇവിടെ ഫോണില്‍ തോണ്ടിക്കൊണ്ടിരിക്കുന്നുണ്ട്. പെരുമ്പാവൂര്‍ അശമന്നൂര്‍ മടത്തികുടി അബ്ദുല്ല മൗലവിയാണ് ഡിജി കേരളം പദ്ധതിയിലെ ഏറ്റവും പ്രായം കൂടിയ പഠിതാവായി നാടിന്റെ അഭിമാനമായത്.
ഇദ്ദേഹത്തെ കാണാന്‍ തിങ്കളാഴ്ച മന്ത്രി എം.ബി. രാജേഷ് എത്തും. കോവിഡ് കാലത്താണ് അദ്ദേഹം ഡിജിറ്റല്‍ സാക്ഷരതക്ക് തുടക്കമിട്ടത്. ബാഖവി ബിരുദധാരിയായ അദ്ദേഹം നിരവധി ജുമാമസ്ജിദുകളില്‍ ഖതീബും മുരദിസുമായി ജോലി ചെയ്തിട്ടുണ്ട്. മകനും കായംകുളം നെല്ല് ഗവേഷണ കേന്ദ്രത്തിലെ ജീവനക്കാരനുമായ ഫൈസലിന്റെ മക്കളായ ഷാക്കിറലിയും ഐഷ നസീഫയും പിന്തുണച്ചതോടെ പഠനം കെങ്കേമമായി. സര്‍ക്കാര്‍ വളന്റിയറായ സി.ആര്. ജയയായിരുന്നു പ്രധാന പരിശീലക.
യൂ ട്യൂബും വാട്സ്ആപ്പും ഫേസ്ബുക്കും ഇപ്പോള്‍ അബ്ദുല്ല ബാഖവിക്ക് ഈസിയാണ്. അറബി മുഖ്യമായും ഇംഗ്ലീഷ്, ഉർദു ഭാഷകള്‍ അനായാസമായും ഹിന്ദി തെറ്റില്ലാതെയും കൈകാര്യം ചെയ്യും. ഈ ലോകത്തെക്കുറിച്ചുള്ള പരിധിയില്ലാത്ത അറിവുകള്‍ നേടാന്‍ ഏറെ സഹായകരമാണ് മൊബൈല്‍ ഫോണെന്നും എന്നാല്‍, ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ ദോഷഫലങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
മറ്റ് മക്കളായ ബഷീറലി, സൈനബ, അമീനുല്ല മൗലവി, അബ്ദുല്‍ ഹയ്യ് എന്നിവരുടെ പിന്തുണയും ബാപ്പക്കുണ്ട്. സര്‍ക്കാറിന്റെ ഡിജിറ്റല്‍ സാക്ഷരതയാണെന്ന് അബ്ദുല്ല മൗലവിയെ ഐ ഫോണിന്റെ ലോകത്തേക്ക് എത്തിച്ചത് മക്കള്‍ പറയുന്നു. അബ്ദുല്ല മൗലവിയെ കാണാനും ആഗസ്റ്റ് 21ന് തിരുവനന്തപുരത്ത് നടക്കുന്ന സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത പ്രഖ്യപന ചടങ്ങിലേക്ക് ക്ഷണിക്കാനുമായാണ് മന്ത്രിയെത്തുക.