റുക്സ റഷീദിന്റെ പരിശീലനത്തില്‍ ആരും 'ഫിറ്റാകും'; 150 ഓളം ശിഷ്യർ പൊലീസ്, എക്സൈസ്, എയര്‍പോര്‍ട്ട്, റെയില്‍വേ ജോലിയിൽ കയറി
text_fields
പെരുമ്പാവൂര്‍ ആശ്രമം ഗ്രൗണ്ടില്‍ യുവാവിനെ വടത്തില്‍ കയറാന്‍ പരിശീലിപ്പിക്കുന്ന റുക്സ റഷീദ്
പെരുമ്പാവൂര്‍: ആശ്രമം ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ റുക്സ റഷീദ് നല്കുന്ന കായികക്ഷമത പരിശീലനത്തിന് എത്തുന്നവരില്‍ പലരും നാളെകളിലെ പൊലീസുകാരും എക്സൈസ് ഉദ്യോഗസ്ഥരുമാണ്. അഞ്ച് വര്‍ഷമായി യുവാക്കള്‍ക്കും യുവതികള്‍ക്കും ഗ്രൗണ്ടില്‍ സൗജന്യമായി പരിശീലനം നല്‍കുകയാണ് നഗരത്തിലെ ടൗണ്‍ ജുമാ മസ്ജിദിന് എതിര്‍വശത്തെ റുക്സ സ്റ്റുഡിയൊ ഉടമയായ റഷീദ്.
കോവിഡ് രൂക്ഷമായിരുന്ന ഘട്ടത്തില്‍ പരിശീലനം നിര്ത്തിവെച്ചതൊഴികെ ബാക്കിയൊന്നും ബാധിച്ചിട്ടില്ല. പുലര്‍ച്ച ആറ് മുതല്‍ രാവിലെ 8.30 വരെയാണ് പരിശീലനം. വടം കയറല്‍, ലോങ് ജംപ്, ഓട്ടം, ചാട്ടം, ജാവലിൻ, ഷോട്ട്പുട്ട് തുടങ്ങിയവയിലെല്ലാം പരിശീലകനാണ് റഷീദ്.
ഇവിടെ പരിശീലനം നടത്തി പോയവരില്‍ നൂറ്റി അമ്പതോളം പേര് ഇപ്പോള്‍ പൊലീസ്, എക്സൈസ്, എയര്‍പോര്‍ട്ട്, റെയില്‍വേ വിഭാഗങ്ങളില്‍ ഉദ്യോഗസ്ഥരാണെന്ന് റഷീദ് പറയുന്നു. പൊലീസിലും കായികക്ഷമത ആവശ്യമായ മറ്റ് സര്‍ക്കാര്‍ ജോലികള്‍ക്കും തെരഞ്ഞെടുപ്പെടുന്നവര് റഷീദിനെ സമീപിക്കുകയാണ് പതിവ്.
ഒരാള്‍ക്ക് നാലും അഞ്ചും മാസം പരിശീലനമുണ്ടാകും. നിലവില്‍ തൃപ്പൂണിത്തുറ, കാക്കനാട്, പുക്കാട്ടുപടി, കോതമംഗലം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ പരിശീലിക്കുന്നുണ്ട്. ദൂരെയുള്ളവര്‍ ഇവിടെ താമസിച്ചാണ് പരിശീലനം. ആദ്യകാലങ്ങളില്‍ നാട്ടുകാര്‍ മാത്രമായിരുന്നു പരിശീലനത്തിന് എത്തിയിരുന്നത്.
ഇപ്പോള്‍ പെരുമ്പാവൂരിന്റെ 50 കിലോ മീറ്റര്‍ ചുറ്റളവിലുള്ളവരും കോഴിക്കോട്, കണ്ണൂര്‍ ഉൾപ്പെടെയുള്ളവരും റഷീദിെൻറ ശിഷ്യരാണ്. ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നല്‍കുന്നവരും ദിനേന ഗ്രൗണ്ടില്‍ എത്തുന്നു. ഓരോരുത്തര്‍ക്കും അനുയോജ്യമായ വ്യായാമങ്ങള്‍ പരിശീലിപ്പിക്കുകയാണ് രീതി.