Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightPerumbavoorchevron_rightഒഴിഞ്ഞ ഷെഡ്ഡില്‍ അന്തർ...

ഒഴിഞ്ഞ ഷെഡ്ഡില്‍ അന്തർ സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം; ലഹരി മാഫിയ ഭീതിയിൽ പ്രദേശവാസികൾ

text_fields
bookmark_border
ഒഴിഞ്ഞ ഷെഡ്ഡില്‍ അന്തർ സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം; ലഹരി മാഫിയ ഭീതിയിൽ പ്രദേശവാസികൾ
cancel
camera_alt

അജ്ഞാത മൃതദേഹം കണ്ടെത്തിയ പെരുമ്പാവൂര്‍ ടൗണിലെ ഷെഡ്

പെരുമ്പാവൂര്‍: നഗരമധ്യത്തിലെ ഒഴിഞ്ഞ പറമ്പില്‍ അന്തർ സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തിയത് ആശങ്കയായി. അമിതമായ ലഹരി ഉപയോഗത്തെ തുടര്‍ന്ന് ജീവഹാനി സംഭവിച്ചതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നഗരസഭ 23ാം വാര്‍ഡില്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് എതിര്‍വശമുള്ള പെട്രോൾ പമ്പിന് പിന്നിൽ സ്വകാര്യ വ്യക്തിയുടെ ഒഴിഞ്ഞ പറമ്പിലെ ഷെഡ്ഡിലാണ് വെളളിയാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്.

കച്ചവടക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇതിനിടെ ഇയാളെ അറിയാവുന്ന ഒരു അന്തര്‍സംസ്ഥാനക്കാരനെ പൊലീസ് സംഭവസ്ഥലത്ത് നിന്ന് സ്റ്റേഷനില്‍ എത്തിച്ച് മൊഴി എടുക്കാന്‍ ഒരുങ്ങുന്നതിനിടെ ഇയാള്‍ പൊലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടു. ഇയാള്‍ സ്‌റ്റേഷനില്‍ നല്‍കിയിരുന്ന മൊബൈല്‍ നമ്പര്‍ വ്യാജമായിരുന്നു.

നഗരത്തിലെ ഒഴിഞ്ഞ പറമ്പുകളും കെട്ടിടങ്ങളും മയക്കുമരുന്ന് സംഘങ്ങള്‍ കൈയടക്കുന്നതായി പരാതി വ്യാപകമാണ്. മൃതദേഹം കണ്ടെത്തിയ സ്ഥലം മയക്കുമരുന്ന് മാഫിയകളുടെയും സാമൂഹികവിരുദ്ധരുടെയും താവളമാണെന്ന് വ്യാപാരികള്‍ ഉൾപ്പെടെയുള്ളവര്‍ പറയുന്നു. പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലേക്കുള്ള റോഡുവശത്താണ് സ്ഥലം. തുറസ്സായിക്കിടക്കുന്ന ഈ പറമ്പിലും കെട്ടിടത്തിലും പകലും രാത്രിയും വ്യത്യാസമില്ലാതെ ലഹരിസംഘങ്ങള്‍ തമ്പടിക്കുകയാണ്. മയക്കുമരുന്ന് കുത്തിവെക്കുന്നതുള്‍പ്പടെയുള്ളവക്ക് പറമ്പ് താവളമാക്കുകയാണ്.

ബസ് സ്റ്റാന്‍ഡിലേക്ക് പോകുന്ന യാത്രക്കാര്‍ക്കും സമീപത്തെ വ്യാപാരികള്‍ക്കും വലിയ ഭീഷണിയായി മാറുകയാണ് പ്രദേശം. വിദ്യാര്‍ഥിനികള്‍ അടക്കമുള്ളവര്‍ ബസ് കാത്തുനില്‍ക്കുന്നതിന് സമീപത്താണ് ലഹരി സംഘങ്ങളുടെ താവളം. മയക്കുമരുന്നിനെതിരെ ഓപറേഷന്‍ തൂഫാൻ പദ്ധതിയുടെ ഭാഗമായി ശക്തമായ പരിശോധനകള്‍ നടക്കുന്നതിനിടയിലാണ് നഗരമധ്യത്തില്‍ ഇത്തരമൊരു മരണം സംഭവിച്ചിരിക്കുന്നതെന്നത് ഗൗവരകരമാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ ഈ പറമ്പിലും സ്റ്റാന്‍ഡിലും നടന്ന പരിശോധനയില്‍ മയക്കുമരുന്നുമായി അന്തര്‍സംസ്ഥാന തൊഴിലാളികളെ പൊലീസ് പിടികൂടിയിരുന്നു. പറമ്പിലും ഷെഡിലും സാമൂഹിക വിരുദ്ധര്‍ തമ്പടിക്കുന്നതിനെതിരെ പ്രദേശവാസികള്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് വാര്‍ഡ് കൗണ്‍സിലര്‍ ഹയറുന്നിസ നസീര്‍ നഗരസഭയില്‍ പരാതി നല്‍കുകയും സ്ഥലം ഉടമയെക്കൊണ്ട് കാടുകള്‍ വെട്ടിത്തെളിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ലഹരി സംഘങ്ങള്‍ അകത്തുകടക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്ഥല ഉടമകള്‍ സ്വീകരിച്ചില്ലെന്ന് ആക്ഷേപമുണ്ട്.

Show Full Article
TAGS:Ernakulam migrant worker Death Case drug mafia public safety 
News Summary - Body of interstate worker found in empty shed; locals fear drug mafia
Next Story