ഡിസൈനിലെ പാകപ്പിഴ; പെരുമ്പാവൂര്‍ ബൈപാസ് നിര്‍മാണം പ്രതിസന്ധിയില്‍
text_fieldsപെരുമ്പാവൂർ ബൈപാസിന്റെ നിർമാണം നടക്കുന്ന മരുത്കവല ഭാഗം
പെരുമ്പാവൂർ: ഡിസൈനിലെ പാകപ്പിഴ മൂലം പെരുമ്പാവൂര്‍ ബൈപാസ് റോഡിന്റെ നിര്‍മാണം പ്രതിസന്ധിയിൽ. നാറ്റ്പാക് തയാറാക്കിയ ഡിസൈനില്‍ പിഴവുണ്ടെന്നാണ് സര്‍ക്കാര്‍ കണ്ടെത്തിയിരിക്കുന്നത്. നിര്‍മാണം തുടരണമെങ്കില്‍ ഡിസൈന്‍ മാറ്റണമെന്നും ചളി മാറ്റി കല്ല് പാകി വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
വശങ്ങള് കമ്പിവലകെട്ടിയ ശേഷം കല്ലിട്ട് ഉയര്‍ത്തി നിര്‍മിക്കണം. ഈ ജോലികള്‍ക്കെല്ലാം ഇനി നാലരക്കോടി രൂപ ചെലവുവരുമെന്ന് എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ അറിയിച്ചു. കഴിഞ്ഞ ഡിസംബറിലാണ് ഒന്നാംഘട്ട നിര്‍മാണത്തിന്റെ ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിച്ചത്. ഇതിനു ശേഷം കുറെ ഭാഗം മണ്ണിടല്‍ ഉൾപ്പെടെയുള്ള ജോലികള്‍ നടന്നു. പുതിയ കണ്ടെത്തല്‍ അടുത്ത നിയമസഭ തെരഞ്ഞെടുപ്പ് വരെ ബൈപാസ് നിര്‍മാണം വൈകിപ്പിക്കാനെണെന്ന ആക്ഷേപം ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്.
ഇതുവരെ തീര്‍ന്ന ജോലികളുടെ പണം സര്‍ക്കാര്‍ കൊടുത്ത് തീർക്കാത്തത് പ്രതിസന്ധിയായിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് കിഫ്ബി ഡയറക്ടറുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നു. ഇതിനിടെയാണ് അലെയ്ൻമെന്റിലും ഡിസൈനിലും മാറ്റമുണ്ടെന്ന പുതിയ കണ്ടെത്തല്‍. പെരുമ്പാവൂർ ജനതയുടെ ചിരകാലാഭിലാഷമാണ് ബൈപാസ്. നഗരം നേരിടുന്ന ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ ബൈപാസ് പരിഹാരമാണ്.
സംസ്ഥാന സര്‍ക്കാര്‍ വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ പദ്ധതിക്ക് ഫണ്ട് അനുവദിച്ചിരുന്നുവെങ്കിലും പിന്നീട് അതെല്ലാം വകമാറ്റി ചെലവഴിക്കുകയായിരുന്നുവെന്ന് നഗരസഭ ചെയര്മാന് പോള്‍ പാത്തിക്കല്‍ ആരോപിച്ചു. എല്‍ദോസ് കുന്നപ്പള്ളി എം.എല്‍.എയുടെ ശ്രമഫലമായാണ് ആറുമാസം മുമ്പ് നിര്‍മാണോദ്ഘാടനം നടന്നതും ദ്രുതഗതിയില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചതും.
ഇപ്പോള്‍ സാങ്കേതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച് നിര്‍മാണം നിര്‍ത്തിവെച്ചത് ഉദ്യോഗസ്ഥ തലത്തില്‍ നടന്ന മനഃപൂര്‍വമായ പിഴവായി മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂവെന്നും പാടശേഖരങ്ങളിലെ ബലക്ഷയമുള്ള കളിമണ്ണിന്റെ മുകളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ പാലിക്കേണ്ടവ അവഗണിച്ചാണ് പണികള്‍ ആരംഭിച്ചതെന്നും അപാകത പലതവണ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണെന്നും കരാറുകാര്‍ക്ക് കൂടുതല്‍ ലാഭം ഉറപ്പാക്കാനാണ് ലക്ഷ്യമെന്ന് സംശയമുയരുന്നതായും ചെയര്മാന് അറിയിച്ചു.
നഷ്ടം ഉദ്യോഗസ്ഥരില്‍നിന്ന് ഈടാക്കണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തുടക്കം മുതല്‍ തന്നെ പദ്ധതി നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ സി.പിഎം നേതൃത്വത്തില്‍ നടന്നിരുന്നു. നിര്‍മാണത്തിനായി കൊണ്ടുപോയ മണ്ണ് നേതാക്കൾ ഇടപ്പെട്ട് തടഞ്ഞിരുന്നതായും അദ്ദേഹം ആരോപിച്ചു.