യു.പി.ഐ വഴി പണം തട്ടുന്ന സംഘങ്ങള്‍ വിലസുന്നു
text_fieldsപെരുമ്പാവൂര്‍: നഗരത്തിന്റെ പല ഭാഗത്തും എ.ടി.എമ്മുകളും ബാങ്ക് പരിസരങ്ങളും കേന്ദ്രീകരിച്ച് ഗൂഗിള്‍ പേ, ഫോൺ പേ തുടങ്ങിയ യു.പി.ഐ സംവിധാനങ്ങൾ വഴി പണം തട്ടുന്ന സംഘങ്ങള്‍ വിലസുന്നതായി ആക്ഷേപം.എ.ടി.എം കൗണ്ടറുകള്‍ക്കും ബാങ്കുകള്‍ക്ക് മുന്നിലും തമ്പടിക്കുന്ന ഇക്കൂട്ടര്‍ ഇതര സംസ്ഥാനക്കാരെയും അഭ്യസ്തവിദ്യരെയുമാണ് കബളിപ്പിച്ച് പണം കവരുന്നത്. യുവാക്കളാണ് തട്ടിപ്പുമായി രംഗത്തുള്ളത്.
ബാങ്കിലും സി.ഡി.എം വഴിയും പണം നിക്ഷേപിക്കാൻ എത്തുന്നവരെ സമീപിക്കുന്ന ഇക്കൂട്ടര്‍ അടുത്ത ബന്ധുക്കൾ ആശുപത്രിയിലാണെന്നും അത്യാവശ്യമായി പണമായി ഒരു തുക ആവശ്യമുണ്ടെന്നും പറയും. അക്കൗണ്ടിലേക്ക് യു.പി.ഐ വഴി തുക നല്‍കാമെന്നും അറിയിക്കും. പണം കിട്ടിയാൽ നൽകിയ ആള്‍ക്ക് തുകയുടെ വിവരം മാത്രം യു.പി.ഐ വഴി റിക്വസ്റ്റ് മെസേജ് നല്കി തട്ടിപ്പുകാരന് സ്ഥലം വിടുകയാണെന്നാണ് പറയുന്നത്. അക്കൗണ്ട് പരിശോധിക്കുമ്പോഴാണ് പണം വന്നിട്ടില്ലെന്ന് അറിയുന്നത്.
ഇത്തരം നിരവധി സംഭവങ്ങള്‍ നഗരത്തില്‍ നടന്നതായാണ് പറയുന്നത്. 500 മുതൽ 2000 രൂപ വരെ നഷ്ടപ്പെട്ടവരുണ്ട്. മകളുടെ പഠനാവശ്യത്തിനുള്ള പണം ബാങ്കിൽ അടക്കാനെത്തിയ വീട്ടമ്മയും കബളിപ്പിക്കപ്പെട്ടു.തട്ടിപ്പ് സംഘങ്ങളില്‍ അധികവും തമ്പടിക്കുന്നത് പി.പി റോഡിലും സ്വകാര്യ ബസ് സ്റ്റാന്‍ഡ് പരിസരങ്ങളിലുമാണെന്ന് പറയപ്പെടുന്നു.
ഞായറാഴ്ചകളില്‍ ഇതര സംസ്ഥാനക്കാര്‍ നാട്ടിലേക്ക് പണം അയക്കാനെത്തുന്നത് ലക്ഷ്യമിട്ടാണ് ഇവർ എത്തുന്നത്. മാന്യമായി വസ്ത്രം ധരിച്ച് എത്തുന്ന നാട്ടുകാരായെ യുവാക്കളെപ്പറ്റി ആർക്കും സംശയം തോന്നില്ലത്രേ. തട്ടിപ്പിന് ഇരയായവരിൽ പലരും തുടർ നടപടികൾ ഒഴിവാക്കാൻ പരാതി നൽകുന്നില്ല. അതേസമയം കബളിപ്പിക്കപ്പെട്ട ഇതര സംസ്ഥാന തൊഴിലാളികള്‍ തട്ടിപ്പുകാരെ കണ്ടെത്തി പിടികൂടി കൈകാര്യം ചെയ്ത സംഭവങ്ങളുമുണ്ട്.സി.സി ടി.വി കാമറകളില്‍ പതിയാതെയാണ് തട്ടിപ്പു നടത്തുന്നത്. ചിലർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. തട്ടിപ്പുകാരെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും നീരീക്ഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു.