പാലക്കാട്ടുതാഴം പാലത്തില്‍ അനധികൃത പാര്‍ക്കിങ്; ഗതാഗതക്കുരുക്കില്‍ കുടുങ്ങി യാത്രക്കാര്‍
text_fieldsപാലക്കാട്ടുതാഴം പാലത്തില്‍ അനധികൃതമായി പാര്‍ക്ക് ചെയ്ത ലോറികൾ
പെരുമ്പാവൂര്‍: എ.എം റോഡിലെ പ്രധാന വഴിയായ പാലക്കാട്ടുതാഴം പാലത്തിലെ അനധികൃത പാര്‍ക്കിങ് യാത്രക്കാര്‍ക്കും പ്രദേശവാസികള്‍ക്കും ഭീഷണി. ആലുവ ഉൾപ്പെടെ പടിഞ്ഞാറ് ഭാഗത്ത് നിന്നുള്ള വാഹനങ്ങള്‍ കടന്നുപോകുന്ന പഴയ പാലത്തിന്റെ വശങ്ങളിലാണ് നിരയായി വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത്. പാലക്കാട്ടുതാഴം ജങ്ഷനിലെയും പാര്‍ക്കിങ് പ്രതിസന്ധിയാണ്. ദീർഘദൂര ബസുകൾ അടക്കം ദിവസേന നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന തിരക്കേറിയ പാലത്തിലാണ് വലിയ ലോറികള്‍ ഉൾപ്പെടെ നിര്‍ത്തിയിടുന്നത്.
ഇവയില്‍ അധികവും അന്തര്‍ സംസ്ഥാനങ്ങളില്‍ നിന്ന് ലോഡുമായി വരുന്ന ലോറികളാണ്. ലോഡ് ഇറക്കി ഇവിടെ തമ്പടിക്കുകയാണ് പതിവ്. സമീപത്തെ സ്ഥാപനങ്ങളിലേക്കും കടകളിലേക്കും എത്തുന്ന കാറുകള്‍ ഉൾപ്പെടെ ചെറു വാഹനങ്ങളും പാലത്തിലാണ് പാര്‍ക്ക് ചെയ്യുന്നത്. ഇതോടെ കെ.എസ്.ആര്.ടി.സി-സ്വകാര്യ ബസുകള്‍ അടക്കം വലിയ വാഹനങ്ങള്‍ക്ക് പാലത്തിലൂടെ സുഗമമായി കടന്നുപോകാന്‍ കഴിയാത്ത സാഹചര്യമാണ്. ഇടുങ്ങിയ പാലത്തില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് പലപ്പോഴും വലിയ അപകടസാധ്യതയും ഉയര്‍ത്തുന്നു.
നിരവധി തവണ പൊലീസിനെയും ബന്ധപ്പെട്ട അധികാരികളെയും അറിയിച്ചിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. പൊലീസിന്റെ വാഹന പരിശോധനയിലും അനധികൃത പാര്‍ക്കിങ് കണ്ടില്ലെന്ന് നടിക്കുകയാണ്. രാവിലെയും വൈകുന്നേരവും തിരക്കേറിയ സമയങ്ങളില്‍ പോലും നിയന്ത്രണമില്ലാതെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് കാല്‍നടക്കാരെയും ദുരിതത്തിലാക്കുന്നു.


