Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightPerumbavoorchevron_rightകെ.എസ്.ആര്‍.ടി.സി ബസ്...

കെ.എസ്.ആര്‍.ടി.സി ബസ് നടുറോഡില്‍ നിര്‍ത്തി ഡ്രൈവർ ഇറങ്ങിപ്പോയി

text_fields
bookmark_border
കെ.എസ്.ആര്‍.ടി.സി ബസ് നടുറോഡില്‍ നിര്‍ത്തി ഡ്രൈവർ ഇറങ്ങിപ്പോയി
cancel
camera_alt

വ​ല്ലം ജ​ങ്ഷ​നി​ല്‍ ത​ട​സം സൃ​ഷ്ടി​ച്ച് നി​ര്‍ത്തി​യി​ട്ട കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സ്

പെരുമ്പാവൂര്‍: മറ്റൊരു വാഹനം ഉരസിയെന്നാരോപിച്ച് കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ ബസ് നടുറോഡില്‍ ഉപേക്ഷിച്ച് ഇറങ്ങിപ്പോയി. വെള്ളിയാഴ്ച രാത്രി 7.30ഓടെ എം.സി. റോഡിലെ തിരക്കുള്ള വല്ലം ജങ്ഷനിലായിരുന്നു സംഭവം. കിലോമീറ്ററോളം ഗതാഗതക്കുരുക്കിന് വഴിവെച്ചു. മണിക്കൂറോളം ജനങ്ങളെ ബുദ്ധിമുട്ടിച്ചത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. രാത്രിയും പകലും ഒരുപോലെ തിരക്കനുഭവപ്പെടുന്ന പ്രധാന ജങ്ഷനിലാണ് ബസ് മാര്‍ഗ്ഗതടസം സൃഷ്ടിച്ച് നിര്‍ത്തിയിട്ടത്. തന്‍റെ ബസില്‍ മറ്റൊരു വാഹനം തട്ടിയെന്നാരോപിച്ചായിരുന്നു ഡ്രൈവറുടെ പ്രതിഷേധം. എന്നാല്‍, പൊലീസും നാട്ടുകാരും ചേര്‍ന്ന് പ്രാഥമികമായി പരിശോധിച്ചപ്പോള്‍ ബസില്‍ കേടുപാട് കണ്ടെത്താനായില്ല. എന്നിട്ടും വാഹനം മാറ്റിയിടാന്‍ ഡ്രൈവര്‍ തയാറാകാതെ നിലയുറപ്പിച്ചത് യാത്രക്കാരെയും നാട്ടുകാരെയും പ്രകോപിപ്പിച്ചു.

സംഭവസമയത്ത് പൊലീസുകാരനും ട്രാഫിക് വാര്‍ഡനും സ്ഥലത്തുണ്ടായിരുന്നെങ്കിലും ഡ്രൈവറുടെ നിസ്സഹകരണം മൂലം ഗതാഗത നിയന്ത്രണം പൂര്‍ണമായും പാളി. ദീര്‍ഘദൂര ബസുകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് വാഹനങ്ങള്‍ വഴിയില്‍ കുടുങ്ങി. യാത്രക്കാര്‍ ബസിനുള്ളിലും പുറത്തുമായി 15 മിനിറ്റിലധികം പെരുവഴിയിലായി.

പാലക്കാട് നിന്ന് കട്ടപ്പനയിലേക്ക് പോയതാണ് ബസ്. ഒടുവില്‍ പ്രശ്‌നം വഷളാകുമെന്ന് കണ്ടപ്പോള്‍, മറ്റൊരു കെ.എസ്.ആര്‍.ടി.സി ബസിലെ ഡ്രൈവര്‍ ഇടപെട്ട് തടസ്സമായി കിടന്ന ബസ് റോഡരികിലേക്ക് മാറ്റിയിട്ട ശേഷമാണ് ഗതാഗതക്കുരുക്ക് മാറിയത്. ബസിൽ മുട്ടിയ വാഹത്തിന്‍റെ ചിത്രം പകർത്താൻ പോയതാണെന്നായിരുന്നു ഡ്രൈവറുടെ വാദം. പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ച ഡ്രൈവര്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് നാട്ടുകാരും വ്യാപാരികളും കെ.എസ്.ആര്‍.ടി.സി അധികൃതര്‍ക്ക് പരാതി നല്‍കി.

Show Full Article
TAGS:KSRTC Bus Transport Department Government of Kerala 
News Summary - KSRTC bus stopped in the middle of the road and the driver got out.
Next Story