എ.ടി.എം കവര്‍ച്ചക്ക് ശ്രമിച്ച പ്രതി പിടിയില്‍
text_fieldsറജിബുല്‍ ഇസ്ലാം
പെരുമ്പാവൂര്‍: എ.ടി.എം കവര്‍ച്ചക്ക് ശ്രമിച്ച പ്രതി മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയിലായി. അസം നൗഗാവ് സ്വദേശി റജിബുല്‍ ഇസ്ലാമിനെയാണ് (26) പെരുമ്പാവൂര്‍ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ബുധനാഴ്ച പുലര്‍ച്ച മൂന്നുമണിയോടെ മുടിക്കല്‍ വഞ്ചിനാട് ജങ്ഷനിലുള്ള എ.ടി.എമ്മാണ് തകര്‍ത്തത്. ഉച്ചയോടെ സ്റ്റേഷനില്‍ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ജില്ല പൊലീസ് മേധാവി എം. ഹേമലതയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം നടത്തുകയായിരുന്നു.
അന്വേഷണത്തില്‍ മുടിക്കലിലുള്ള പ്ലൈവുഡ് കമ്പനിയില്‍നിന്ന് പ്രതി പിടിയിലായി. കമ്പിപ്പാര ഉപയോഗിച്ചാണ് ഇയാള്‍ എ.ടി.എം മെഷീൻ തകര്‍ക്കാന്‍ ശ്രമിച്ചത്. കഴിഞ്ഞ വര്‍ഷം അസമില്‍ ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ പ്രതി കേരളത്തിലേക്ക് എത്തുകയായിരുന്നു. 12 വര്‍ഷം മുമ്പ് മുതല്‍ ഇയാള്‍ കേരളത്തിലുണ്ട്. ഇവിടെ പലയിടങ്ങളിലായി ജോലി ചെയ്തു. ഇടക്ക് നാട്ടില്‍ പോയി വരും. എ.എസ്.പി ശക്തി സിങ് ആര്യ, ഇന്‍സ്പെക്ടര്‍ ടി.എം. സൂഫി, എസ്.ഐമാരായ റിന്‍സ് എം. തോമസ്, പി.എം. റാസിഖ്, എ.എസ്.ഐമാരായ പി.എം. അബ്ദുല്‍ മനാഫ്, സാജിത, സീനിയര്‍ സി.പി.ഒമാരായ വര്‍ഗീസ് വേണാട്ട്, ടി.എ. അഫ്സല്, ബെന്നി ഐസക് നജിമി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.