പ്രദീപിന്റെ ചിത്രങ്ങള്‍ കടല്‍കടന്ന് ആംസ്റ്റര്‍ഡാമില്‍
text_fieldsഓയില്‍ പെയിന്റ് ഉപയോഗിച്ച് ചെയ്ത ചിത്രവുമായി പി.പി. പ്രദീപ്
പെരുമ്പാവൂര്‍: കൂവപ്പടി സ്വദേശിയും മുംബൈ മലയാളിയുമായ ചിത്രകാരന് പി.പി. പ്രദീപിന്റെ എട്ടോളം ചിത്രങ്ങള്‍ കടല്‍കടന്ന് നെതര്‍ലാൻഡ്സിലെ ആംസ്റ്റര്‍ഡാമിലെത്തി. ഓയില്‍ പെയിന്റിലും വാട്ടര്‍ കളറിലും ചെയ്ത എട്ട് ചിത്രങ്ങളുടെ പ്രദര്‍ശനം ആംസ്റ്റര്‍ഡാമിലെ സൗത്ത് ഏഷ്യന്‍ കണ്ടമ്പററി ആര്‍ട് ഗാലറിയില്‍ വെള്ളിയാഴ്ച ആരംഭിക്കും. ‘മാപ്പിംഗ് ദി ഇന്‍വിസിബിള്‍’ എന്ന് നാമകരണം ചെയ്ത പ്രദര്‍ശനം മേയ് നാല് വരെ നടക്കും.
കോവിഡ് വ്യാപനകാലത്ത് ജീവിതം മെട്രോപ്പൊളിറ്റന്‍ സിറ്റിയുടെ നാലുചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങിപ്പോയപ്പോള്‍ ആറു വയസ്സുകാരനായ മകന് പാർത്ഥന് ഫ്ലാറ്റിന്റെ പലഭാഗങ്ങളിലായി നിര്‍മിച്ചുവെച്ച കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ ചെറിയ ശില്പങ്ങളില്നിന്ന് കണ്ടെത്തിയ ആശയം മുന്‍നിര്‍ത്തിയാണ് ഇപ്പോള്‍ പ്രദര്‍ശനത്തിന് പോയ ചിത്രങ്ങള്‍ വരച്ചുതുടങ്ങിയതെന്ന് പ്രദീപ് പറയുന്നു. ആ സീരീസിലെ ഒരു ഭാഗം മാത്രമാണ് പ്രദര്‍ശനത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. ലോക്ക്ഡൗണ്‍ കാലത്തെ ജീവിതാവസ്ഥ ഓര്‍മിപ്പിക്കുന്നതാണ് ഓരോ ചിത്രങ്ങളും. പരിമിത സ്വാതന്ത്ര്യത്തോടെ എല്ലാ സമയവും ഒരു മുറിക്കുള്ളില്‍ അടച്ചിരിക്കേണ്ടി വന്ന സാഹചര്യം, അസുഖം, ഭയം, അതിജീവനം എന്നിവയോടൊപ്പം അനുഭവിച്ച ചെറിയ സന്തോഷങ്ങളും പ്രത്യാശകളുമാണ് ചിത്രങ്ങളില്‍ പ്രതിഫലിക്കുന്നത്.
കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍നിന്ന് 2005ല്‍ ഒന്നാം റാങ്കോടെ ബി.എഫ്.എ പൂര്‍ത്തിയാക്കിയ ഇദ്ദേഹം മുംബൈയിലെ പ്രശസ്തമായ ജെ.ജെ സ്കൂള്‍ ഓഫ് ആര്‍ട്സില്‍ നിന്നും 2008ല്‍ എം.എഫ്.എ നേടി. 2008ല്‍ കേരള ലളിതകല അക്കാദമിയുടെ സംസ്ഥാന പുരസ്കാരം തേടിയെത്തി. കൂവപ്പടി പുതിയേടത്ത് വീട്ടില്‍ പരേതനായ പത്മനാഭന് നായരുടെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനാണ്. ദിവ്യയാണ് ഭാര്യ. മകന്: പാര്ത്ഥന്.