പെരുമ്പാവൂര്‍ ഡിപ്പോയിൽ വികസനം 'വട്ടപ്പൂജ്യം'; വൃത്താകൃതിയില്‍ നിര്‍മിച്ച പ്രശസ്തമായ ഡിപ്പോ തകർച്ചയിൽ
text_fieldsകെ.എസ്.ആര്.ടി.സി പെരുമ്പാവൂര്‍ ഡിപ്പോ വളപ്പില്‍ അടഞ്ഞുകിടക്കുന്ന
കാൻറീന്
പെരുമ്പാവൂര്‍: പരാധീനതകളുടെ നടുവിലാണ് കെ.എസ്.ആര്.ടി.സി പെരുമ്പാവൂര്‍ ഡിപ്പോ. സംസ്ഥാനത്ത് വൃത്താകൃതിയില്‍ നിര്‍മിച്ച് പ്രശസ്തമായ ഡിപ്പോ കെട്ടിടം ഇപ്പോള്‍ ശോച്യാവസ്ഥയിലാണ്. പുനര്‍നിര്‍മിക്കാനുള്ള ആലോചനകൾ നടക്കുന്നെന്ന് പറയുേമ്പാഴും നടപടകൾ ഉണ്ടാകുന്നില്ല.
യാത്രക്കാര്‍ക്ക് വിശ്രമിക്കാന്‍ സൗകര്യങ്ങളില്ലാത്തതും കാൻറീന് അടച്ചിട്ടതും പ്രതിസന്ധിയാണ്. തെക്കുവടക്കന്‍ ജില്ലകളില്‍നിന്നുള്ള ദീര്‍ഘദൂര ബസുകള്‍ കയറുന്നതാണ് ഡിപ്പോ. ഉച്ചഭക്ഷണത്തിന് ഇവിടെ ന്യായവില ശാലകളില്ല. കംഫര്‍ട്ട് സ്റ്റേഷന് കൈകാര്യം ചെയ്യാന്‍ സ്ഥിരജീവനക്കാരില്ല. സുരക്ഷിതമല്ലാത്തതിനാല്‍ സ്ത്രീകള്‍ കയറാന്‍ മടിക്കുന്നു. വാച്ചര്‍മാരെ നിയമിക്കാത്തതിനാല്‍ കംഫര്‍ട്ട് സ്റ്റേഷന് കൈകാര്യം ചെയ്യുന്നത് ഉദ്യോഗസ്ഥര്‍ ചുമതലപ്പെടുത്തുന്നവരാണ്.
പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിന് പണം ഈടാക്കുന്നുണ്ട്. ഇതിെൻറ വരുമാനം പങ്കിെട്ടടുക്കുകയാണെന്ന് ആരോപണമുണ്ട്. വരുമാനമാര്‍ഗം ഉദ്ദേശിച്ച് കെട്ടിടത്തില്‍ കച്ചവടസ്റ്റാളുകള്‍ നിര്‍മിച്ചിരുന്നു. അമിത തുക ഈടാക്കിയാണ് ഇവ വാടകക്ക് കൊടുത്തിരുന്നത്. എന്നാൽ, വാടക കൊടുക്കാനാകാതെ പലരും മുറികള്‍ ഒഴിഞ്ഞുപോയി. ഇപ്പോള്‍ മുന്‍വശത്ത് മാത്രമുള്ള ചില കടകളാണ് തുറക്കുന്നത്. അമിതവാടക കൊടുക്കുന്നതുകൊണ്ട് ഈ സ്ഥാപനങ്ങളും നഷ്ടത്തിലാണ്. ആദ്യകാലങ്ങളില്‍ രാത്രിയില്‍ ഇവിടെ സെക്യൂരിറ്റിയെ നിയോഗിച്ചിരുന്നു. അടുത്തിടെ പിന്‍വലിച്ചു. ഇപ്പോള്‍ രാത്രി സ്റ്റാൻഡ് മോഷ്ടക്കളുടെയും മദ്യപാനികളുടെയും താവളമാണ്.
കവര്‍ച്ചയും മദ്യപരുടെ അഴിഞ്ഞാട്ടവും നിത്യസംഭവമാണ്. വര്‍ക്ഷോപ്പില്‍നിന്ന് വിലപിടിപ്പുള്ള സാധനങ്ങള്‍ കളവുപോയ സംഭവങ്ങളുണ്ട്. സ്റ്റാൻഡിെൻറ വടക്കുവശത്തെ മതില് പൊളിഞ്ഞിട്ട് വര്‍ഷങ്ങള്‍ പിന്നിടുന്നു.
ശുദ്ധജലം ലഭിച്ചിരുന്ന കിണര്‍ ഡീസല്‍ കലര്‍ന്ന് മലിനമാണ്. തിരുവനന്തപുരം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് രാത്രികാലങ്ങളിലുണ്ടായിരുന്ന സര്‍വിസ് നിര്‍ത്തലാക്കി. ലോക്കല്‍ സര്വിസുകള്തന്നെ വേണ്ടവിധത്തിലല്ലെന്ന് പരാതി വ്യാപകമാണ്.
ഇവിടെനിന്ന് സര്‍വിസ് നടത്തിയിരുന്ന ജനറം സര്‍വിസുകള്‍ നിര്‍ത്തി ബസുകള്‍ മറ്റ് ഡിപ്പോകളിലേക്ക് മാറ്റി.
എറണാകുളം, ആലുവ എന്നിവിടങ്ങളിലേക്കുള്ള സര്‍വിസുകളാണ് നിര്‍ത്തിയത്. ഹൈകോടതി, ജെട്ടി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് യാത്രക്കാര്‍ ആശ്രയിച്ചിരുന്നത് ഈ സര്‍വിസുകളായിരുന്നു. ഏഴുലക്ഷം രൂപ പ്രതിദിന വരുമാനമുണ്ടായിരുന്ന ഡിപ്പോയുടെ നിലവിലെ വരുമാനം പകുതിയില്‍ താഴെയാണ്.
വരുമാന മാര്‍ഗത്തിന് ഷോപ്പിങ് കോംപ്ലക്സ് നിര്‍മിക്കണം
വരുമാനമാര്‍ഗം തേടുന്ന സര്‍ക്കാറിന് ഡിപ്പോ വളപ്പില്‍ ഷോപ്പിങ് കോംപ്ലക്സ് നിര്‍മിച്ച് വാടകക്ക് കൊടുക്കാമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
വര്‍ക്ഷോപ്പ് മാത്രം സ്ഥിതിചെയ്യുന്നത് ഏക്കര്‍കണക്കിന് സ്ഥലത്താണ്. ഡിപ്പോ കെട്ടിടത്തിന് ചുറ്റും ആവശ്യത്തിലധികം സ്ഥലം വെറുതെകിടക്കുന്നു. ഇത് പുതുക്കിപ്പണിയുന്നതിനൊപ്പം ഷോപ്പിങ് കോപ്ലക്സ്കൂടി നിര്‍മിക്കുന്ന കാര്യം പരിഗണിക്കണമെന്നാണ് ആവശ്യം.