റേഷന്‍ മണ്ണെണ്ണ വിതരണം പ്രതിസന്ധിയിൽ
text_fieldsപെരുമ്പാവൂർ: റേഷൻ മണ്ണെണ്ണ വാതിൽപടി കിട്ടാതെ വിതരണം ചെയ്യില്ലെന്ന ഒരുവിഭാഗം റേഷൻ വ്യാപാരികളുടെ നിലപാടും യഥാസമയം വിതരണത്തിന് ലഭിക്കാത്തതും പ്രതിസന്ധിയാകുന്നു. രണ്ടുവർഷമായി മുൻഗണന വിഭാഗം കാര്‍ഡുകള്‍ക്ക് മാത്രമായി ചുരുക്കിയതുമൂലം കേരളത്തിലുണ്ടായിരുന്ന മണ്ണെണ്ണ മൊത്തവിതരണക്കാർ 80 ശതമാനവും നിർത്തിപ്പോയി.
കൂടാതെ പല മണ്ണെണ്ണ മൊത്തവിതരണക്കാരുടെയും ലൈസന്‍സ് പുതുക്കാനാകാത്തതുകൊണ്ട് നഷ്ടപ്പെട്ടു. മണ്ണെണ്ണ പമ്പുകൾ പൊളിച്ചുമാറ്റപ്പെടുകയും ചെയ്തു. പല താലൂക്കിലും ഹോള്‍സെയിൽ ഡിപ്പോകൾ ഇല്ലാത്തതിനാൽ റേഷൻ വ്യാപാരികൾ കിലോമീറ്ററുകൾ താണ്ടി മണ്ണെണ്ണ എടുക്കേണ്ട അവസ്ഥയാണിപ്പോൾ.
പല മണ്ണെണ്ണ ഡിപ്പോകളും നിന്നുപോയ സാഹചര്യത്തിൽ മൊത്തവിതരണക്കാർ ടാങ്കർ വാഹനങ്ങളിൽ ലിറ്ററിന് രണ്ട് രൂപ വ്യാപാരികളിൽനിന്ന് സര്‍വിസ് ചാര്‍ജ് വാങ്ങി താലൂക്കുകളിലെ വിവിധ പോയന്റുകളിൽ എത്തിക്കുകയും അവിടെന്ന് വ്യാപാരികൾ കൊണ്ടുപോകുകയുമാണ് ചെയ്യുന്നത്. കൊല്ലം, കരുനാഗപ്പള്ളി, പത്തനാപുരം, പുനലൂർ താലൂക്കുകളിലെ റേഷൻ കടകളിലേക്ക് ഒരു വാഹനത്തിൽ 1000 ലിറ്ററിൽ കൂടാത്ത വിധം മണ്ണെണ്ണ വിതരണം ചെയ്യാൻ പെര്‍മിറ്റ് അനുവദിക്കാൻ താലൂക്ക് സപ്ലൈ ഓഫിസര്‍മാരുടെ അപേക്ഷ സര്‍ക്കാർ പരിഗണിച്ചിട്ടുണ്ട്.
ജില്ലയിലെ ഒരുവിഭാഗം വ്യാപാരികൾ മണ്ണെണ്ണ കടകളിൽ വാതില്‍പടി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി സമര്‍പ്പിച്ചിരിക്കുകയാണ്. ഒരുവിഭാഗം പമ്പുകളില്‍ പോയി എടുക്കുന്നതില്‍ താല്പര്യത്തിലാണെങ്കിലും കോടതിയെ സമീപിച്ചവരെ പിണക്കാനാകാത്തതുകൊണ്ട് പിന്തിരിയുകയാണ്. ഈ സാഹചര്യത്തിൽ ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിലെ മണ്ണെണ്ണ 95 ശതമാനം കാർഡുടമകൾക്കും ലഭ്യമായില്ല. ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെയും ഇതേ അവസ്ഥയാകാനാണ് സാധ്യത.