സ്‌കൂൾ ഓഫിസ് റൂം കുത്തിത്തുറന്ന് പണം കവര്‍ന്നു
text_fieldsപെരുമ്പാവൂര്‍ ഗവ. ഗേള്‍ഡ് സ്കൂള്‍ ഓഫിസിന്റെ വാതില്‍
പൊളിച്ച നിലയില്‍
പെരുമ്പാവൂര്‍: നഗരത്തിലെ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂൾ ഓഫീസ് റൂം കുത്തിതുറന്ന് പണം കവര്‍ന്നു. ഹൈസ്‌കൂള്‍ വിഭാഗം കെട്ടിടത്തിന്റെ പ്രധാന അധ്യാപികയുടെ ഓഫീസും അധ്യാപകരുടെ മുറിയിലുമാണ് മോഷണം നടന്നത്.
പ്രധാന അധ്യപികയുടെ ഓഫീസിലെ മേശയില്‍ നിന്ന് 3500 രൂപയും അധ്യാപകരുടെ മുറിയില്‍ നിന്ന് 500 രൂപയുമാണ് മോഷ്ടിച്ചത്. തിങ്കളാഴ്ച രാത്രി 10ന് ആയിരുന്നു കവര്‍ച്ച. പ്രധാന അധ്യാപികയുടെ ഓഫീസ് മുറിയുടെ വാതില്‍ മധ്യഭാഗം പൊളിച്ചാണ് അകത്തു കയറിയത്. സ്റ്റാഫ് റൂമിന്റെ ലോക്ക് പൊളിച്ചു.
ചോദ്യ പേപ്പറുകള്‍ സൂക്ഷിച്ചിരുന്നതുകൊണ്ട് രാത്രിയില്‍ സര്‍ക്കാര്‍ താത്ക്കാലികമായി നിയമിച്ച ജീവനക്കാരന്‍ കാവലുണ്ടായിരുന്നു. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറിയിലും ചോദ്യ പേപ്പറുകള്‍ സൂക്ഷിച്ചിരുന്നതുകൊണ്ട് ജീവനക്കാരൻ അവിടെയും ഡ്യൂട്ടിയുണ്ടായിരുന്നു. ബോയ്‌സില്‍ നരീക്ഷിച്ച ശേഷം ജീവനക്കാരന്‍ എത്തിയപ്പോള്‍ വാതില്‍ തുറന്നു കിടക്കുന്നത് കണ്ട് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് മോഷണം നടന്നത് കണ്ടെത്തിയത്. സി.സി ടി.വി ക്യാമറ മറച്ചുവെച്ചാണ് കവര്‍ച്ച നടത്തിയത്. കമ്പിവടി പിടിച്ച് മോഷ്ടാവ് നടന്നുപോകുന്ന ദൃശ്യങ്ങള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഡോഗ് സ്‌ക്വാഡും വിരളടയാള വിദഗ്ധരും പരിശോധന നടത്തി. മുന്‍ ഭാഗത്തെ മതില്‍ ചാടി കടന്ന മോഷ്ടാവ് കൃത്യം നടത്തി പിന്‍ ഭാഗത്തെ മതില്‍ ചാടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു.
മാസങ്ങള്‍ക്ക് മുമ്പ് ഹയര്‍ സെക്കന്‍ഡറി വിഭാഗം കെട്ടിടത്തില്‍ മോഷണ ശ്രമമുണ്ടായി. ഒരു മാസം മുമ്പ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറിയില്‍ കുട്ടികള്‍ കൈകഴുകിയിരുന്ന 12 ടാപ്പുകള്‍ മോഷ്ടിച്ച സംഭവമുണ്ടായി.


