ഉൾക്കാഴ്ചയുടെ സന്ദേശം പകർന്ന് ഇരിങ്ങോളിന്റെ കൺമണികൾ
text_fieldsമഹാരാജാസ് കോളജില്‍ നേത്രദാന സമ്മതപത്രം ശേഖരിക്കുന്ന എൻ.എസ്.എസ് അംഗങ്ങൾ
പെരുമ്പാവൂര്‍: സംസ്ഥാന സ്കൂൾ കായികമേളയിൽ മത്സരങ്ങൾ തകർക്കുന്നതിനിടെ ഒരുപറ്റം വിദ്യാർഥികൾ കായികതാരങ്ങളും പരിശീലകരും കാണികളും ഉൾപ്പെടെയുള്ളവർക്ക് സമീപമെത്തി. ‘കണ്ണുകള്‍ മണ്ണിനുള്ളതല്ല മനുഷ്യനുള്ളതാണ്’ എന്ന സന്ദേശം പകരാനായിരുന്നു അവരുടെ വരവ്. ഇരിങ്ങോള്‍ സര്‍ക്കാര്‍ വി.എച്ച്.എസ് സ്കൂളിലെ നാഷനല്‍ സര്‍വിസ് സ്കീം സംഘമാണ് 10,0000 നേത്രദാന സമ്മതപത്രിക ശേഖരണവുമായി സ്കൂളിലെ മറ്റ് ക്ലബ് അംഗങ്ങളോടൊപ്പം മേളയുടെ ഒന്നാം വേദിയായ മഹാരാജാസ് കോളജ് ഗ്രൗണ്ടിലെത്തിയത്. ‘മരണശേഷവും കണ്ണുകള്‍ക്ക് ഫേസ്ബുക്കും, വാട്സാപ്പും, ഇന്‍സ്റ്റാഗ്രാമും കാണണമെങ്കില്‍ നേത്രദാനം ചെയ്യൂ ബ്രോ’ എന്ന് പറഞ്ഞ് വിദ്യാര്‍ഥികളെ സമീപിച്ചപ്പോൾ നിരവധിപേർ സമ്മതപത്രം ഒപ്പിട്ടു.
വിദ്യാര്‍ഥികള്‍ക്ക് പുറമെ എം.എല്‍.എമാരായ കെ.ജെ. മാക്സി, കെ.എന്‍. ഉണ്ണികൃഷ്ണന്, കെ.എസ്.ടി.എ ജനറല്‍ സെക്രട്ടറി കെ. ബദറുന്നിസ, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് വനിത ഡോക്ടര്‍മാരുടെ സംഘടനയായ ‘വിമ’ ചെയര്പേഴ്സൻ ഡോ. ദീപ അഗസ്റ്റിന്, കായികമേളയുടെ ഭാഗ്യചിഹ്നം ‘തക്കുടു’വിന്റെ ശില്പി വിനോജ് സുരേന്ദ്രന്, എന്‍.എസ്.എസ് ജില്ല കോഓഡിനേറ്റര്‍ എം.സി. സന്തോഷ്, ലൈറ്റ് ആന്റ് സൗണ്ട് കമ്മിറ്റി ജോ. കണ്‍വീനര്‍ അജിമോന്, എം.ജി. പ്രസാദ് ഉള്‍പ്പടെ നിരവധിപേരുടെ നേത്രദാന സമ്മതപത്രം ശേഖരിച്ചെന്ന് സ്കൂളിലെ അധ്യാപകനും എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസറുമായ സമീര്‍ സിദ്ദീഖി പറഞ്ഞു.
സ്പെഷല്‍ എജ്യുക്കേറ്റര്‍ ലിമി ഡാന്‍, വിദ്യാര്‍ഥികളായ ആബേല്‍ ജോയ്, എ.കെ. ആദില്‍ അബൂബക്കര്‍, കെ.ജെ. സെബാസ്റ്റ്യന്‍, മെഡിക്കല്‍ കമ്മിറ്റി കണ്‍വീനറും കെ.എ.ടി.എഫ് സംസ്ഥാന ട്രഷററുമായ മാഹിന്‍ ബാഖവി, സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്‍ ഹഖ്, ജില്ല പ്രസിഡന്റ് സി.എസ്. സിദ്ദീഖ്, ജില്ല സെക്രട്ടറി പി.എ. കബീര്‍, അസ്ലം കുറ്റ്യാടി തുടങ്ങിയവര്‍ നേതൃത്വം നല്കി.