വയലേലകൾ പാടും കുട്ടിക്കർഷകരുടെ വിജയഗാഥ
text_fieldsകോടനാട് ബസേലിയോസ് പബ്ലിക് സ്കൂൾ വിദ്യാര്‍ഥികള്‍ കൃഷിയിടത്തില്‍
പെരുമ്പാവൂര്‍: കൃഷിക്ക് വളക്കൂറുള്ള മലയാറ്റൂര്‍ മലഞ്ചെരുവിന്റെ മണ്ണില്‍ വേരുറച്ച കാര്‍ഷിക സംസ്കാരവും പൈതൃകവും ദൃഢപ്പെടുത്തുകയാണ് കോടനാട് ബസേലിയോസ് മാര്‍ ഔഗേന്‍ പബ്ലിക് സ്കൂള്‍. കാര്‍ഷിക വിദ്യാഭ്യാസത്തിന് പുതിയ പദ്ധതികള്‍ നടപ്പാക്കി മാനേജ്മെന്റ് കുട്ടികളെ പ്രാപ്തരാക്കുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നെല്ല്, തിന, മരച്ചീനി, മരത്തോണി നെല്ല് എന്നിവയുള്‍പ്പെടെ വിവിധ വിളകള്‍ വിദ്യാര്‍ഥികള്‍ വിജയകരമായി കൃഷി ചെയ്യുന്നുണ്ട്.
ചേറില്‍ വിളയുന്ന നെല്ലിന്റെ പ്രാധാന്യത്തെ കുറിച്ച് വിദ്യാര്‍ഥികളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളിന്റെ കാര്‍ഷിക യാത്ര ആരംഭിച്ചത്. മണ്ണൊരുക്കല്‍, വിത്ത് തെരഞ്ഞെടുപ്പ്, കുരുപ്പിക്കല്, ജലസേചനം, കള പറിക്കല്‍, വളപ്രയോഗം, കീടപ്രതിരോധം തുടങ്ങി വിളവെടുപ്പ് വരെ കുട്ടികള്‍ മുന്‍പന്തിയില്‍ നിന്ന് ചെയ്തുവരുന്നു. പരിചയസമ്പന്നരായ കര്‍ഷകരുടെ നിരന്തര സന്ദര്‍ശനവും നിര്‍ദ്ദേശങ്ങളും അവര്‍ക്ക് പ്രചോദനമായി. അരിവാള്‍ ഉപയോഗിച്ച് പരമ്പരാഗത രീതിയില്‍ കുട്ടികള്‍ നെല്ലുകൊയ്യുന്നത് രക്ഷിതാക്കള്‍ക്കും വേറിട്ട അനുഭവമായി.
ജീവിതശൈലി രോഗങ്ങള്‍ മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരമായ ചെറു ധാന്യങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി തിന, കൂവരവ്, ചാമ, കുതിരവാലി, റാഗി, ചോളം തുടങ്ങിയവ രണ്ടം വര്‍ഷം കൃഷിയിറക്കി.
വിവിധയിനം മില്ലറ്റുകളുടെ കൃഷിരീതി, വളപ്രയോഗം, വിളവെടുപ്പ് എന്നിവയോടൊപ്പം ഇവയുടെ പ്രതിരോധശേഷിയും പോഷക ഗുണങ്ങളും കുട്ടികള്‍ തൊട്ടറിഞ്ഞു. മരച്ചീനി കൃഷിയിലൂടെ പരമ്പരാഗത ഭക്ഷണത്തിന്റെ വൈവിധ്യവും വിപണനത്തിലും പ്രാവീണ്യം നേടി.
2014ല്‍ വയനാട്ടിലെ പാരമ്പര്യ കര്ഷകന് സുനില്‍കുമാറുമായി സഹകരിച്ച് പൈതൃക നെല്ലിനമായ മരത്തൊണ്ടി കൃഷി ചെയ്തു. പുരയിട കൃഷിയുടെ സമാനമായ സ്കൂള്‍ മുറ്റത്തെ കൃഷി സംരംഭം നാഗരിക കൃഷി രീതികള്‍ക്ക് മാതൃകയാണ്. ടെറസ് വരാന്ത പരമാവധി പ്രയോജനപ്പെടുത്തുന്നത് എങ്ങനെയെന്ന് കുട്ടികള്‍ കണ്ടറിഞ്ഞ് പ്രചരിപ്പിച്ചു. ഇതിലൂടെ വിദ്യാര്‍ഥികളുടെയും ജീവനക്കാരുടെയും ഇടവേളകള്‍ ഫലപ്രദമായി വിനിയോഗിക്കാനായി. പഴങ്ങള്‍, പച്ചക്കറികള്‍, ഔഷധസസ്യങ്ങള്‍ വളര്‍ത്തി ചെറുകിട കൃഷിയുടെ സാധ്യത മനസിലാക്കി.
ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യത കൃഷിയില്‍ വിജയകരമായി പ്രയോജനപ്പെടുത്തുന്നതിന് ഡ്രോണ്‍ ഉപയോഗപ്പെടുത്തുന്നു.
വിദ്യാര്‍ഥികള്‍ക്കും പ്രാദേശിക കര്‍ഷകര്‍ക്കുമായി സംഘടിപ്പിച്ച ഡ്രോണ്‍ ഉപയോഗ പരിശീലനത്തിലൂടെ കൃത്യമായ കൃഷി വിള നിരീക്ഷണം, വിളവ് ഉത്തമീകരണം, മരുന്ന് തളിക്കല്‍, വളം നല്കല് എന്നിവക്കുള്ള പാഠമായി. ജൈവവളങ്ങളായ ഫിഷ് അമിനോ ആസിഡ്, മുട്ട അമിനോ ആസിഡ്, ജീവാണുവളം എന്നിവ നിര്‍മിക്കുന്നതിന് ഇതിനോടകം കുട്ടികള്‍ സ്വയം പര്യാപ്തരായിട്ടുണ്ട്.