പെരുമ്പാവൂര്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ടാപ്പുകള്‍ മോഷ്ടിച്ചു
text_fieldsപെരുമ്പാവൂര്‍: ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കുട്ടികള്‍ കൈകഴുകാന്‍ ഉപയോഗിച്ചിരുന്ന ടാപ്പുകള്‍ മോഷണം പോയി. ഞായറാഴ്ച രാത്രിയാണ് മോഷണം നടന്നത്. തിങ്കളാഴ്ച ജീവനക്കാര്‍ സ്കൂളിൽ എത്തിയപ്പോഴാണ് വിവരം അറിഞ്ഞത്. ഹൈസ്കൂള്‍ വിഭാഗം വിദ്യാര്‍ഥികള്‍ ഉപയോഗിക്കുന്ന 10 സ്റ്റീല്‍ ടാപ്പുകളാണ് ഊരിയെടുത്തത്. വാഷ് ബേസിന് മുകളില്‍നിന്ന് ടാപ്പുകള്‍ അഴിച്ചെടുത്ത നിലയിലാണ്. സ്കൂള്‍ അധികൃതര്‍ പൊലീസില്‍ പരാതി നല്കി.
മുമ്പും സ്കൂളില്‍ മോഷണം നടന്നിട്ടുണ്ട്. ഒരിക്കല്‍ വാട്ടര്‍ മീറ്റര്‍ കവര്‍ന്നു. അടുത്തിടെ തുറന്ന പുതിയ കെട്ടിടത്തിന്റെ പണി നടക്കുമ്പോള്‍ ഇലക്ട്രിക് വയറുകളും സാമഗ്രികളും മോഷ്ടിച്ചു. സ്കൂള്‍ ഗേറ്റ് രാത്രിയും തുറന്നിടുന്നതാണ് മോഷണം നടക്കാൻ ഇടയാക്കുന്നതെന്ന് ആക്ഷേപമുണ്ട്. രാത്രി സ്കൂള്‍ വളപ്പും വരാന്തകളും സാമൂഹികവിരുദ്ധരുടെ താവളമാണ്. പി.ടി.എ ഭാരവാഹികളും സ്കൂള്‍ അധികൃതരും പലപ്പോഴും ഗേറ്റ് അടച്ചിടാന്‍ തീരുമാനിച്ചെങ്കിലും പ്രദേശവാസികളുടെ എതിര്‍പ്പ് മൂലം പിന്‍വാങ്ങുകയായിരുന്നു.
കെ.എസ്.ഇ.ബി റോഡിലും പരിസരത്തുമുള്ള കാൽനടക്കാരുടെ എളുപ്പവഴിയാണ് വളപ്പ്. പലരും ഇതുവഴിയാണ് പോകുന്നത്. ഗേറ്റ് അടച്ചിടുന്നത് ഇവര്‍ക്ക് തടസ്സമാണ്.
പ്രഭാത സവാരിക്ക് നിരവധി ആളുകള്‍ ഗ്രൗണ്ടിലെത്തുന്നുണ്ട്. വൈകീട്ട് ആറിന് ശേഷം ഗേറ്റ് അടച്ച് പുലര്‍ച്ചെ അഞ്ചിന് തുറക്കാനുള്ള സൗകര്യമൊരുക്കി രാത്രിയിലെ സാമൂഹികവിരുദ്ധ ശല്യം ഒഴിവാക്കണമെന്ന് ആവശ്യമുയരുന്നുണ്ട്. സ്കൂള്‍ വളപ്പില്‍ സി.സി ടി.വി കാമറകള്‍ ഇല്ലാത്തത് മോഷ്ടാക്കള്‍ക്ക് സൗകര്യമാണ്. സ്കൂളില്‍ അടുത്തിടെ നടന്ന മോഷണങ്ങളെക്കുറിച്ച് അന്വേഷിച്ച് പ്രതികളെ പിടികൂടണമെന്ന് പി.ടി.എ കമ്മിറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.


