വിമാനം താഴ്ന്നുപറന്ന് വീടിന്‍റെ മേല്‍ക്കൂര തകര്‍ന്നു
text_fieldsവിമാനം താഴ്ന്നുപറന്നതിനെ തുടര്‍ന്ന് ഒക്കല്‍ മാണിക്യത്താന്‍ എം.വി. ജോയിയുടെ വീടിന്‍റെ മേല്‍ക്കൂര തകര്‍ന്ന നിലയില്‍
പെരുമ്പാവൂര്‍: നെടുമ്പാശ്ശേരിയില്‍ ഇറങ്ങാനായി വിമാനം താഴ്ന്നുപറന്നതിനെ തുടര്‍ന്നുണ്ടായ ശക്തമായ കാറ്റില്‍ വീടിന്‍റെ മേല്‍ക്കൂര തകര്‍ന്നു. ഒക്കല്‍ മാണിക്യത്താന്‍ എം.വി. ജോയിയുടെ വീടിന്‍റെ ഓടുകളാണ് ഇളകി താഴേക്ക് പതിച്ചത്. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം.
വിമാനത്താവളത്തില്‍ ഇറങ്ങാനായി തട്ടേക്കാട് ഭാഗത്തുനിന്ന് തിരിഞ്ഞ് ഒക്കല്‍, നമ്പിള്ളി പ്രദേശങ്ങള്‍ക്ക് മുകളിലൂടെയാണ് വിമാനങ്ങള്‍ പോകുന്നത്. ഇത്തരത്തില്‍ താഴ്ന്നുപറന്ന വിമാനത്തില്‍ നിന്നുള്ള അതിശക്തമായ വായുപ്രവാഹമാണ് അപകടത്തിന് കാരണമായത്. വീടിന്‍റെ മേല്‍ക്കൂരയിലുണ്ടായിരുന്ന നൂറ്റമ്പതോളം ഓടുകൾ നിലംപൊത്തുകയായിരുന്നു. 10,000ത്തിലധികം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി വീട്ടുകാര്‍ പറയുന്നു.
സംഭവം നടക്കുമ്പോള്‍ ജോയിയുടെ പിതാവ് വര്‍ഗീസ് മുറ്റത്തുണ്ടായിരുന്നെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. കുട്ടികള്‍ പുറത്തില്ലാതിരുന്നതിനാല്‍ വൻ ദുരന്തം ഒഴിവായി. പ്രദേശത്ത് മുമ്പും സമാനസംഭവം ഉണ്ടായിട്ടുണ്ട്. പല പ്രാവശ്യം വിമാനത്താവള അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇത്തവണ വിമാനത്താവള അധികൃതരെ സമീപിക്കുന്നില്ലെന്ന തീരുമാനത്തിലാണ് നഷ്ടം സംഭവിച്ച കുടുംബം.


