യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ മൂന്നാം പ്രതിക്ക് 24 വര്‍ഷം തടവ്
text_fieldsപെരുമ്പാവൂര്‍: സുഹൃത്തിന്റെ വിവാഹത്തിനെത്തിയ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മൂന്നാം പ്രതിക്ക് 24 വര്‍ഷം തടവും ഒന്നര ലക്ഷം രൂപ പിഴയും. മലയാറ്റൂര്‍ കാടപ്പാറ വെട്ടിക്ക വീട്ടില്‍ ലൂണ മനോജ് എന്ന മനോജിനെയാണ് (38) പെരുമ്പാവൂര്‍ അഡീഷനല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 2016 സെപ്റ്റംബര്‍ 12ന് മലയാറ്റൂര്‍ കാടപ്പാറ മണിയാട്ട വീട്ടില്‍ റിതിന് രാജിനെയാണ് സുഹൃത്തിന്റെ വിവാഹത്തലേന്ന് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ റിതിന് രാജിന്റെ തലക്ക് കസേരകൊണ്ട് അടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടിലേക്ക് പോകുന്ന വഴി റോഡില്‍ വെച്ച് കമ്പിവടിക്ക് കാലിലും നടുവിലും അടിച്ച് വീഴ്ത്തുകയും കത്തിക്ക് നട്ടെല്ലിന് പലപ്രാവശ്യം കുത്തുകയുമായിരുന്നു. ആക്രമണത്തില്‍ യുവാവിന്റെ നട്ടെല്ല് പൊട്ടുകയും സ്പൈനല്‍ കോഡിനും കിഡ്നിക്കും ഗുരുതര പരിക്കേല്‍ക്കുകയും നടുവിന് താഴേക്ക് ചലനശേഷി നഷ്ടപ്പെടുകയും ചെയ്തിരുന്നു.
യുവാവ് ഇപ്പോള്‍ ചക്രക്കസേരയിലാണ് സഞ്ചരിക്കുന്നത്. അങ്കമാലി-കാലടി റൂട്ടില്‍ സർവിസ് നടത്തുന്ന ‘വിനേഷ്’ എന്ന ബസിലെ ഡോര്‍ ചെക്കറായിരുന്നു റിതിന് രാജ്. 2014 മാര്‍ച്ച് 10ന് വേങ്ങൂര്‍ നായരങ്ങാടി ഭാഗത്ത് ബസ് തടഞ്ഞുനിര്‍ത്തി യുവാവിനെ വാളിന് വെട്ടിക്കൊല്ലാന്‍ ശ്രമിച്ചിരുന്നു. അന്ന് വെട്ട് മാറിക്കൊണ്ടത് തൃക്കാക്കര കാര്‍ഡിനല്‍ ഹൈസ്കൂളിലെ പ്രധാനാധ്യാപികക്കാണ്. അവര്‍ക്ക് ഗുരുതര പരിക്കേറ്റിരുന്നു. തുടര്‍ന്നുള്ള കേസില്‍ പറവൂര്‍ അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ വിചാരണവേളയില്‍ അധ്യാപിക പ്രതികളെ ഭയന്ന് മൊഴി മാറ്റി പറഞ്ഞിരുന്നു.
കേസിലെ സാക്ഷിയായിരുന്ന റിതിന് രാജ് പ്രതികള്‍ക്കെതിരെ മൊഴി പറയുകയും കോടതി പ്രതികളെ 10 വര്‍ഷം കഠിന തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു. പെരുമ്പാവൂര്‍ അഡീഷനല്‍ സെഷന്‍സ് കോടതിയിലെ കേസില്‍ ഏഴ് പ്രതികളാണ് ഉണ്ടായിരുന്നത്. മറ്റ് പ്രതികളെ കോടതി നേരത്തേ ശിക്ഷിച്ചിരുന്നു. മൂന്നാം പ്രതിയായിരുന്ന ലൂണ മനോജ് വിചാരണ വേളയില്‍ ഒളിവില്‍ കഴിയുകയായിരുന്നു. പിന്നീട് പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി പുനര്‍വിചാരണ നടത്തുകയായിരുന്നു. ജഡ്ജി ആനി വര്‍ഗീസാണ് ശിക്ഷ വിധിച്ചത്. സര്‍ക്കാറിനുവേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എം.ജി. ശ്രീകുമാര്‍ ഹാജരായി.