പെരുമ്പാവൂരിനെ ‘ക്ലീനാക്കും’ ഈ ഓപറേഷൻ
text_fieldsപെരുമ്പാവൂർ: ആയിരക്കണക്കിന് അന്തർസംസ്ഥാന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പെരുമ്പാവൂർ നഗരത്തിൽ ലഹരി ഉപയോഗവും നാൾക്കുനാൾ വർധിക്കുകയാണ്. തൊഴിലാളികൾക്കിടയിലെ ലഹരി വ്യാപനത്തിനെതിരെ ‘ഓപറേഷൻ ക്ലീൻ പെരുമ്പാവൂർ’ പദ്ധതിയുടെ ഭാഗമായി വ്യാപക പരിശോധനയാണ് എ.എസ്.പിക്ക് കീഴിലുള്ള പൊലീസ് ദിവസങ്ങളായി നടത്തുന്നത്. ജൂൺ ഒന്നിന് കാളച്ചന്ത ഭാഗത്തെ ബേക്കറിയിൽനിന്ന് നിരോധിത പുകയില ഉൽപന്നങ്ങളും ജ്യോതി ജങ്ഷനിലെ ഗോഡൗണിൽനിന്ന് 10 ലക്ഷം രൂപയോളം വില വരുന്ന നിരോധിത പുകയില ഉൽപന്നങ്ങളും പിടികൂടി. അന്നുതന്നെ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിൽനിന്ന് ഒരു മലയാളി യുവാവിനെ കഞ്ചാവുമായും അന്തർസംസ്ഥാന തൊഴിലാളിയെ ഹെറോയിനുമായും പിടികൂടിയിരുന്നു. ജൂണ്‍ രണ്ടിന് 25 കുപ്പി ഹെറോയിനുമായി രണ്ട് അസം സ്വദേശികള്‍ പിടിയിലായി. മൂന്നിന് 81 കുപ്പി ഹെറോയിനുമായി കുറുപ്പംപടി പൊലീസ് അസം സ്വദേശിയെ പിടികൂടി. ആറിന് അഞ്ചരക്കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശിയെ മുടിക്കൽ പവർ ഹൗസിന് സമീപത്തുനിന്നും പെരുമ്പാവൂർ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഒന്നരക്കിലോ കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശിയും ശനിയാഴ്ച രണ്ടേകാൽ കിലോ കഞ്ചവുമായി ഒഡിഷ സ്വദേശിയും പിടിയിലായിരുന്നു.
മേയിലും കിലോക്കണക്കിന് കഞ്ചാവ് പിടിച്ചെടുത്തിരുന്നു. ഒമ്പതിന് ഒഡിഷ സ്വദേശിയിൽനിന്ന് 16 കിലോ കഞ്ചാവ് പിടിച്ചെടുത്തതും 12ന് തലയണയിൽ ഒളിപ്പിച്ച 93 കുപ്പി ഹെറോയിൻ പിടികൂടിയതും വൻ ലഹരി വേട്ടയായിരുന്നു. ഏപ്രിൽ 30ന് പൊലീസും കുന്നത്തുനാട് എക്സൈസ് സർക്കിളിന്റെ കീഴിലുള്ള ടീമും സംയുക്തമായി നടത്തിയ പരിശോധനയിൽ നിരോധിത പുകയില ഉൽപന്നങ്ങൾ വിറ്റ 10 പേർക്കെതിരെ കേസെടുക്കുകയും 20 കിലോ പുകയില ഉൽപന്നങ്ങൾ കണ്ടെടുക്കുകയും ചെയ്തിരുന്നു. പുറംനാട്ടുകാർക്കിടയിൽ ലഹരിവ്യാപനം വർധിക്കുന്നതിൽ പ്രദേശവാസികളിൽ പ്രതിഷേധം ശക്തമായിരുന്നു. ഇതിനു പിന്നാലെയാണ് അധികൃതർ പരിശോധന ശക്തമാക്കിയത്.