പെരുമ്പാവൂരില്‍ 14 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍
text_fieldsസന്തോഷ്, രതീഷ് അയ്യപ്പന്
പെരുമ്പാവൂര്‍: 14 കിലോ കഞ്ചാവുമായി പെരുമ്പാവൂരില്‍ രണ്ടുപേര്‍ പിടിയിലായി. തിരുപ്പൂര്‍ പരപ്പാളയം കുമാരസ്വാമി ലേഔട്ടില്‍ സന്തോഷ് (36), പാലക്കാട് കുഴല്‍മന്ദം ചിതലി മരത്തക്കാട് വീട്ടില്‍ രതീഷ് അയ്യപ്പന് (45) എന്നിവരെയാണ് റൂറല്‍ ജില്ല ഡാന്‍സാഫ് ടീമും പെരുമ്പാവൂര്‍ പൊലീസും ചേര്‍ന്ന് പിടികൂടിയത്. മിനി പിക്അപ് വാനിലാണ് കഞ്ചാവ് കടത്തിയത്.
ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഞായറാഴ്ച രാത്രി പ്രധാന പാതയിലൂടെ പോകുകയായിരുന്ന വാഹനം എം.സി റോഡിലെ ചേലാമറ്റത്ത് പൊലീസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ഊടുവഴിയിലേക്ക് അമിതവേഗതയില്‍ പായുകയായിരുന്നു. പിന്തുടര്‍ന്ന പൊലീസ് സാഹസികമായാണ് ഇവരെ പിടികൂടിയത്.
ഒഡിഷയില്‍നിന്ന് 3000 രൂപക്ക് വാങ്ങുന്ന കഞ്ചാവ് ഇവിടെ 30,000 രൂപക്കാണ് വില്പന നടത്തിയിരുന്നത്. പച്ചക്കറി വ്യാപാരത്തിന്റെ മറവിലായിരുന്നു കച്ചവടം. പിക്അപ് വാനില്‍ മറ്റ് പെട്ടികളുടെ ഒപ്പമാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. പ്രത്യേകം പാക്ക് ചെയ്ത നിലയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇടക്കുവെച്ച് കഞ്ചാവ് പാക്കറ്റ് ആര്‍ക്കെങ്കിലും കൈമാറിയിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
ഇവരില്‍നിന്ന് കഞ്ചാവ് വാങ്ങുന്നവരെക്കുറിച്ചും അന്വേഷിക്കുന്നു. സ്ഥിരമായി കഞ്ചാവ് കടത്തുന്നവരാണ് പിടിയിലായ രണ്ടുപേരും. ജില്ല പൊലീസ് മേധാവി എം. ഹേമലതയുടെ നേതൃത്വത്തില്‍ എ.എസ്.പി ശക്തി സിങ് ആര്യ, നാർകോട്ടിക് സെല്‍ ഡിവൈ.എസ്.പി ജെ. ഉമേഷ്കുമാര്‍, ഇന്‍സ്പെക്ടര്‍ ടി.എം. സൂഫി, സബ് ഇന്‍സ്പെക്ടര്‍ പി.എം. റാസിഖ്, ഡാന്‍സാഫ് ടീം എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.