അര്‍ബന്‍ ബാങ്ക് അഴിമതി; നേതാക്കളെടുത്ത വായ്പകള്‍ തിരിച്ചടപ്പിക്കാന്‍ നേതൃത്വം ഇടപെടണം
text_fieldsപെരുമ്പാവൂര്‍: അര്‍ബന്‍ സഹകരണ ബാങ്കില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍ എടുത്ത വായ്പകള്‍ തിരിച്ചടപ്പിക്കാന്‍ നേതൃത്വം ഇടപെടണമെന്ന ആവശ്യം ശക്തമാകുന്നു. പാര്‍ട്ടി പ്രവര്‍ത്തകരും നിക്ഷേപകരും പുതിയ ഭരണസമിതികളും ഈ ആവശ്യം ഉന്നയിച്ചിട്ടും നേതാക്കള്‍ അവഗണിക്കുകയാണെന്നാണ് ആക്ഷേപം. പാര്‍ട്ടിയുടെ ബ്ലോക്ക്, മണ്ഡലം നേതാക്കളും ജനപ്രതിനിധികളുമായ ചിലരുടെ വായ്പ തുക 40 കോടി രൂപയോളമാണ്.
ആദ്യകാലം മുതല്‍ കോണ്‍ഗ്രസ് ഭരിച്ച ബാങ്കില്‍ അനധികൃത ഇടപാടുകള്‍ നടത്തിയതായി ആരോപണമുയർന്നത് കോൺഗ്രസ് നേതാക്കൾക്കെതിരെയാണ്. നിലവില്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ള മുന്‍ പ്രസിഡന്റ് ഇ.എസ്. രാജന് മുന്‍ മണ്ഡലം പ്രസിഡന്റാണ്. ഇയാള്‍ ബാങ്ക് പ്രസിഡന്റായിരുന്ന സമയത്താണ് വെട്ടിപ്പിനും അഴിമതിക്കും തുടക്കമിട്ടത്.
ബാങ്കില്‍ കോടികളുടെ വായ്പയുള്ളവരില് പലരും നിലവില്‍ പാര്‍ട്ടിയുടെ താക്കോല്‍ സ്ഥാനങ്ങളിലുള്ളവരാണ്. ഇവരില്‍ നിന്ന് പണം തിരിച്ചുപിടിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സംസ്ഥാന-ജില്ല നേതൃത്വങ്ങള്‍ക്ക് പ്രവർത്തകർ പരാതി നല്‍കിയിട്ടുണ്ട്. നേതാക്കള്‍ പണം അടച്ചാല്‍ വലിയ കടബാധ്യതയില്‍ മുന്നോട്ടുപോകുന്ന ബാങ്കിനെ കരകയറ്റാനും പാവപ്പെട്ട നിരവധി നിക്ഷേപകരുടെ പണം തിരിച്ചുകൊടുക്കാനും സാധിക്കുമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.
സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പിരിഞ്ഞപ്പോള്‍ ലഭിച്ച ആനുകൂല്യം, വസ്തു വിറ്റുകിട്ടയ തുക, വാഹനാപകട ഇന്‍ഷുറന്‍സ് തുക, ചിട്ടി പണം തുടങ്ങിയ സമ്പാദ്യങ്ങള്‍ മക്കളുടെ വിവാഹവും വാര്‍ധ്യകകാല ജീവിതവും മുന്നില്‍ കണ്ട് നിക്ഷേപിച്ചവരാണ് പെരുവഴിയിലായത്. ഇവര്‍ നിക്ഷേപം തിരികെ ലഭിക്കാന്‍ ദിനംപ്രതി ബാങ്കില്‍ കയറി ഇറങ്ങുമ്പോള്‍ അതില്‍ ഇടപെടാന്‍ നേതാക്കാള്‍ തയ്യാറാകണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമാണ്.
നൂറ് കോടിയിലധികം വായ്പ തുക ബാങ്ക് തിരിച്ചു കൊടുക്കാനുളളപ്പോള് അതിനടുത്ത തുക വായ്പ ഇനത്തിൽ തിരിച്ചുകിട്ടാനുമുണ്ട്. ഇതില്‍ നല്ലൊരു പങ്ക് നേതാക്കളുടെ കയ്യിലാണെന്നത് ശ്രദ്ധേയമാണ്. ഇതിനു നേരെ കണ്ണടുക്കുന്ന സമീപനം അവസാനിപ്പിച്ചില്ലെങ്കില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫിന് ദോഷമാകുമെന്ന ആശങ്ക ചിലര്‍ ജില്ല നേതാക്കളെ അറിയിച്ചിട്ടുണ്ട്.കാലങ്ങളായി ജീവനക്കാര്‍ നടത്തിയ വെട്ടിപ്പുകള്‍ക്ക് നേതാക്കള്‍ കുടപിടിക്കുന്ന സമീപനം സ്വീകരിച്ചതാണ് കാര്യങ്ങള്‍ വഷളാക്കിയതെന്നും ഇനിയെങ്കിലും ഈ സമീപനം വെടിയണമെന്നുമാണ് പ്രവര്‍ത്തകരുടെ ആവശ്യം.