അര്‍ബന്‍ സഹകരണ ബാങ്ക് അഴിമതി; പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി ക്രൈംബ്രാഞ്ച്
text_fieldsപെരുമ്പാവൂര്‍: അര്‍ബന്‍ സഹകരണ ബാങ്ക് അഴിമതിക്കേസില്‍ ഹൈകോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിൽ ഒളിവിൽ പോയ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി ക്രൈംബ്രാഞ്ച്. പിടിയിലായ രണ്ടുപേരെ കൂടാതെ 14 പേരെയാണ് അന്വേഷിക്കുന്നത്. 18 പേരില്‍ മുന്‍ പ്രസിഡന്റുമാരായ കെ.എം. സലാം, ബാബു ജോണ്‍ എന്നിവരെ അറസ്റ്റ് ചെയ്യുന്നത് കോടതി തടഞ്ഞിട്ടുണ്ട്. എസ്. ഷറഫ്, വി.പി. റസാക്ക് എന്നിവര്‍ നേരത്തെ റിമാന്‍ഡില്‍ പോയതിനാല്‍ അവരെയും ഒഴിവാക്കി.
സലാമും, ബാബു ജോണും 50,000 രൂപയും രണ്ടാള് ജാമ്യവും നല്‍കണമെന്നും ബാക്കിയുളളവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നുമാണ് കോടതി ഉത്തരവ്. സലാമിനെ വീട്ടിലും, ചികിത്സയിലുള്ള ബാബു ജോണിനെ ആശുപത്രിയിലുമെത്തി കഴിഞ്ഞ ദിവസങ്ങളില്‍ ഉദ്യോഗസ്ഥര്‍ മൊഴി എടുത്തിരുന്നു.
രവികുമാര്‍ തനിക്ക് 60 ശതമാനം ശാരീരിക പ്രയാസങ്ങളുണ്ടെന്നും അറസ്റ്റ് തടയണമെന്നും ആവശ്യപ്പെട്ട് ചികിത്സ രേഖകള്‍ ഉള്‍പ്പടെ കോടതിയില്‍ സമര്‍പ്പിച്ചെങ്കിലും അന്വേഷണ ഉദ്യോഗസ്ഥരുടെ ഓഫിസില്‍ ചോദ്യം ചെയ്യലിന് തനിച്ച് എത്തിയത് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന് എതിര്‍ക്കുകയായിരുന്നു. ഇതിനിടെ ഹൈകോടതി മുന്‍കൂര്‍ ജാമ്യം തളളിയ സാഹചര്യത്തില്‍ പ്രതികള്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
ജാമ്യം തടയണമെന്നും ഇക്കാര്യത്തില്‍ തങ്ങളുടെ വാദം കേള്‍ക്കണമെന്നും ആവശ്യപ്പെട്ട് നിക്ഷേപ സംരക്ഷണ സമിതി സുപ്രീം കോടതിയില്‍ ഇതിനിടെ ‘കവിയറ്റ്’ ഫയല്‍ ചെയ്തു (തനിക്കെതിരായ ഹരജിയിൽ തന്നെ കൂടി കേൾക്കണം എന്നും എന്നിട്ടേ വിധി പറയാവൂ എന്നും ആവശ്യപ്പെട്ടുള്ള ഹരജിയാണ് കവിയറ്റ് ഹരജി).
സംഭവത്തില്‍ പലരുടെയും പേരിലും ഒന്നിലധികം കേസുകളാണ് പൊലീസും ക്രൈംബ്രാഞ്ചും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മുന്‍ സെക്രട്ടറിമാര്‍ അഞ്ച് കേസുകളില്‍ പ്രതികളാണ്. ഫണ്ട് ദുര്‍വിനിയോഗം, കൃത്രിമ രേഖ ചമക്കല്‍, ഒരു വസ്തുവിന്റെ ഈടില്‍ ഒന്നിലധികം വായ്പകളിലൂടെ പലരുടെയും പേരില്‍ കോടികളുടെ വെട്ടിപ്പ് നടത്തിയത് ഉള്‍പ്പടെയുളള അഴിമതിയാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
തട്ടിപ്പില്‍ നേരിട്ട് പങ്കാളികളായവര്‍ സ്വന്തക്കാരുടെയും ജീവനക്കാരുടെയും പേരില്‍ വായ്പ പാസാക്കിയ കാലഘട്ടങ്ങളിലെ ബോര്‍ഡ് മെംബര്മാരായിരുന്നവരും ഇരകളായി. ഇവരില്‍ പലര്‍ക്കും സാമ്പത്തിക നേട്ടമുണ്ടായിട്ടില്ല. വര്‍ഷങ്ങളായി നടന്നുവന്ന വന്‍ വെട്ടിപ്പ് കണ്ടെത്താതിരുന്ന സഹകരണ ബാങ്ക് രജിസ്റ്റാര്‍ ഉദ്യോഗസ്ഥരുടെ വീഴ്ച സംബന്ധിച്ചും അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഭരണസമിതിയുടെയും ബാങ്ക് ജീവനക്കാരുടെയും സ്വാധീനങ്ങള്‍ക്ക് വഴങ്ങിയാണ് ഉദ്യോഗസ്ഥര്‍ അഴിമതി മൂടി വെച്ചതെന്നാണ് ആക്ഷേപം.