കേരളത്തിന്റെ വികസന പദ്ധതികൾ രാജ്യത്തിന് അഭിമാനം -മുഖ്യമന്ത്രി
text_fieldsപിറവത്ത് നവകേരള സദസ്സിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലേക്ക് ആനയിക്കുന്നു
പിറവം: കേരളത്തിന്റെ വികസന പദ്ധതികൾ രാജ്യത്തിന് അഭിമാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്ത് ആദ്യ ഡിജിറ്റൽ സർവകലാശാല കേരളത്തിലാണ്. ആദ്യ ഡിജിറ്റൽ സയൻസ് പാർക്കിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടതും കേരളത്തിലാണ്. ഇവയെല്ലാം രാജ്യത്തിന്റെ പദ്ധതികളായാണ് പരിഗണിക്കുന്നത്. കേന്ദ്രവും സംസ്ഥാനവും ഒരേ മനസ്സോടെ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. പിറവം മണ്ഡലതല നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പദ്ധതികൾ നടപ്പാക്കാൻ രൂപവത്കരിച്ച കിഫ്ബിയുടെയും ക്ഷേമപൻഷൻ നൽകാനായി രൂപം കൊടുത്ത കമ്പനിയുടെയും വായ്പകൾ സംസ്ഥാനത്തിന്റെ കടമായാണ് കേന്ദ്ര സർക്കാർ പരിഗണിക്കുന്നത്. കേരളത്തോടുള്ള ഈ സമീപനത്തെ ചോദ്യം ചെയ്യാൻ പ്രതിപക്ഷ കക്ഷികളും പ്രതിപക്ഷ എം.പിമാരും തയ്യാറാകുന്നില്ല. ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന ആക്രമണം പോലെ മണിപ്പൂരിൽ ഒരു വിഭാഗത്തിന്റെ വംശഹത്യക്കാണ് ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാസ്റ്റേഴ്സ് അത്ലറ്റിക്സിൽ മെഡലുകൾ നേടിയ മുൻ എം.എൽ.എ. എം.ജെ. ജേക്കബിനെ മുഖ്യമന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, പി.രാജീവ്, പി. പ്രസാദ് എന്നിവർ സംസാരിച്ചു. മന്ത്രിമാരായ കടന്നപ്പിള്ളി രാമചന്ദ്രൻ, കെ.ബി. ഗണേഷ് കുമാർ, എം.ബി. രാജേഷ്, വീണാ ജോർജ്, വി. ശിവൻ കുട്ടി, പി.എ. മുഹമ്മദ് റിയാസ്, വി.എൻ. വാസവൻ, കെ.രാധാകൃഷ്ണൻ, കെ. രാജൻ, കെ. കൃഷ്ണൻകുട്ടി, കെ.എൻ. ബാലഗോപാൽ, ജെ. ചിഞ്ചുറാണി, സജി ചെറിയാൻ, ഡോ. ആർ. ബിന്ദു, വി. അബ്ദുറഹിമാൻ, ജി.ആർ. അനിൽ, എ.കെ. ശശീന്ദ്രൻ, തോമസ് ചാഴിക്കാടൻ എം.പി., ജില്ലാ കലക്ടർ എൻ.എസ്.കെ. ഉമേഷ് എന്നിവര് പങ്കെടുത്തു.
സംഘാടക സമിതി ചെയർമാൻ എം.ജെ. ജേക്കബ് അധ്യക്ഷത വഹിച്ചു. മുവാറ്റുപുഴ ആർ.ഡി.ഒ പി.എൻ. അനി സ്വാഗതവും പിറവം നഗരസഭ ഡെപ്യൂട്ടി ചെയർമാൻ കെ.പി. സലിം നന്ദിയും പറഞ്ഞു.