‘എണ്ണാമെങ്കിൽ എണ്ണിക്കോ’ തണ്ടേക്കാടിന്റെ വിജയഗാഥ
text_fieldsപിറവം: ‘എണ്ണാമെങ്കിൽ എണ്ണിക്കോ... മാപ്പിളകലകളിലെ തണ്ടേക്കാടിന്റെ വിജയഗാഥ’. എച്ച്.എസ് വിഭാഗം ദഫ്ഫ്മുട്ടിൽ തുടർച്ചയായ പതിനാലാം വർഷവും ഒന്നാം സ്ഥാനം ലഭിച്ച തണ്ടേക്കാട് ജമാഅത്ത് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ ആത്മവിശ്വാസത്തോടെ മുന്നേറുകയാണ്. പ്രവാചക പ്രകീർത്തനവും രിഫാഈ ബൈത്തുകളുമായി ദഫ്മുട്ടി താളപ്പെരുക്കങ്ങൾ തീർത്ത് ഉയർന്നും താഴ്ന്നും ചെരിഞ്ഞും കുട്ടികൾ മുന്നേറിയപ്പോൾ നിറഞ്ഞ സദസ്സാണ് മത്സരം ആസ്വദിക്കാനുണ്ടായിരുന്നത്.
സ്വലാത്തോടെ ആരംഭിച്ച് മേളം ഒന്നാംകാലവും രണ്ടാംകാലവും മൂന്നാംകാലവുമായി ദഫിൽ കുട്ടികൾ കൊട്ടികയറിയത് കാണികൾ ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്. ഒന്നാം സ്ഥാനക്കാരയ ജമാഅത്ത് എച്ച്.എസ്.എസ് ടീമിൽ ഇത്തവണ ഇർഫാൻ മാഹിൻ, റിസ്വാൻ അൻവർ, സലാഹുദ്ദീൻ അയ്യൂബ്, മുഹമ്മദ് മുഖ്താർ, എം.എം. അൽഫാസ്, മുഹമ്മദ് സുഹൈൽ, ആഷിക് അലി, മുഹമ്മദ് അമിൻഷാ, ഷാനവാസ് സുധീർ, സൽമാനുൽ ഫാരിസി എന്നിവരാണുണ്ടായിരുന്നത്. രണ്ട് തവണ സ്കൂളിന് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. അസ്ലം തമ്മനമാണ് പരിശീലകൻ. ദഫ് മുട്ടിൽ മാത്രമല്ല കോൽക്കളി, അറബനമുട്ട്, വട്ടപ്പാട്ട് എന്നിവയിലും വർഷങ്ങളായി ആധിപത്യം നേടാറുണ്ട് തണ്ടേക്കാട് ജമാഅത്ത് എച്ച്.എസ്.എസിലെ വിദ്യാർഥികൾ. ഇത്തവണ എച്ച്.എസ് വിഭാഗം മാപ്പിളപ്പാട്ടിലും ഇതേ സ്കൂളിലെ ഫാത്തിമ നൗറിനാണ് ഒന്നാമതെത്തിയത്.
ഹയര്‍സെക്കണ്ടറി വിഭാഗം ദഫ്മുട്ടിൽ സെൻറ്. തോമസ് എച്ച്.എസ്.എസ് കീഴില്ലം ഒന്നാം സ്ഥാനം നേടി. കഴിഞ്ഞ വര്‍ഷം ഇതേ സ്കൂളിനായിരുന്നു വിജയം. മുഹമ്മദ് റിസ്വാന്, മുഹമ്മദ് റാഫി, അമീന് സാഹില്‍, മുഹമ്മദ് മുഹ്സിന്, റുമൈസ് റാഫി, മുഹമ്മദ് ഫയാസ്, മുഹമ്മദ് മിഷാല്‍, മുഹമ്മദ് ബിലാല്‍, മുഹമ്മദ് ആസിഫ്, മുഹമ്മദ് സിനാന് എന്നിവരാണ് ടീമംഗങ്ങള്‍.