പിറവം ബി.പി.സി.കോളജ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ; 14 പേർ ആശുപത്രിയിൽ
text_fieldsപിറവം: ബി.പി.സി കോളജ് ഹോസ്റ്റൽ കാന്‍റീനിൽ ഭക്ഷ്യവിഷബാധയേറ്റ് 14 വിദ്യാർഥിനികൾ ആശുപത്രിയിൽ. ഒൻപതു പേരെ പിറവം താലൂക്ക് ആശുപത്രിയിലും അഞ്ചു പേരെ കോലഞ്ചേരി മെഡിക്കൽ മിഷൻ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു.
നിർത്താതെയുള്ള ഛർദിയെ തുടർന്ന് അവശതയിലായ അഞ്ചു പേരെയാണ് കോലഞ്ചേരിയിലേക്ക് മാറ്റിയത്. ഞായറാഴ്ച രാവിലെ കാന്‍റീനിൽ നിന്നും ഉപ്പുമാവ് കഴിച്ച മുഴുവൻ കുട്ടികൾക്കും വിഷബാധയേറ്റതിനെ തുടർന്ന് ഛർദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു.
വിവരം പുറത്തറിഞ്ഞതോടെ കുട്ടികളെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഞായറാഴ്ചയായിരുന്നതിനാൽ താലൂക്ക് ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തത് അടിയന്തര ചികിത്സ നൽകുന്നതിനെ പ്രതികൂലമായി ബാധിച്ചു. മോശമായ ഭക്ഷണമാണ് വിഷബാധക്ക് കാരണമെന്നും മുമ്പും ഇവിടെ ഭക്ഷണത്തിൽ വിഷബാധ ഉണ്ടായിട്ടുള്ളതാണെന്നും വിദ്യാർഥിനികൾ പറഞ്ഞു.
നഗരസഭ അധികൃതർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ എത്തും മുമ്പ് തന്നെ ഭക്ഷണ അവശിഷ്ടങ്ങൾ മാറ്റിയതായി കൗൺസിലർ അഡ്വ: വിമൽ ചന്ദ്രൻ പറഞ്ഞു. വിദഗ്ധ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു.