കൃഷിയിടത്തിൽ ആട് കയറിയതിന്റെ പേരിൽ അമ്മക്കും മകനും ക്രൂരമർദനം; വിമുക്തഭടനായ പ്രതി ഒളിവിൽ
text_fieldsപിറവം: രാമമംഗലത്ത് കൃഷിയിടത്തിൽ ആട് കയറിയതിന്റെ പേരിൽ അമ്മക്കും മകനും വിമുക്തഭടന്റെ ക്രൂരമർദനം. രാമമംഗലം മേമ്മുറിയിൽ കല്ലേലി മറ്റത്തിൽ പ്രിയ മധു, മകൻ വിദ്യാർഥിയായ സാൻജോ മധു എന്നിവരെ മർദിച്ചതിനാണ് മേമ്മുറി മുതലക്കുളത്ത് വീട്ടിൽ രാധാകൃഷ്ണനെതിരെ പൊലീസ് കേസെടുത്തത്. സംഭവത്തിൽ രാധാകൃഷ്ണനെതിരെ പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
ഈമാസം അഞ്ചിനായിരുന്നു സംഭവം. വിമുക്ത ഭടനും അയൽവാസിയുമായ രാധാകൃഷ്ണന്റെ പുരയിടത്തിൽ പ്രിയയുടെ ആട് കയറിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ആടിനെ രാധാകൃഷ്ണൻ ക്രൂരമായി ആക്രമിക്കുന്നത് കണ്ട് തടയാനെത്തിയതായിരുന്നു പ്രിയയും മകനും. തർക്കത്തിനിടെ രാധാകൃഷ്ണൻ ഇവർ രണ്ടുപേരെയും ആക്രമിക്കുകയും പ്രിയക്കും മകനും ഗരുതര പരിക്കേൽക്കുകയുമായിരുന്നു. രക്തം വാർന്നൊഴുകി റോഡരികിൽ സഹായം അഭ്യർഥിച്ച് കരയുന്ന പ്രിയ മധുവിനെ വീണ്ടും രാധാകൃഷ്ണനെത്തി ഭീഷണിപ്പെടുത്തുന്ന വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും പ്രചരിച്ചു. ഇതോടെ ഉയർന്ന ജനകീയ സമ്മർദമാണ് കേസെടുക്കാൻ പൊലീസിനെ പ്രേരിപ്പിച്ചതെന്നും ആക്ഷേപമുണ്ട്. അതേസമയം, പ്രതി ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.
രാധാകൃഷ്ണനെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി കേസ് എടുത്തിട്ടുണ്ടെന്ന് രാമമംഗലം പൊലീസ് വ്യക്തമാക്കി. മാത്രമല്ല, രാധാകൃഷ്ണനെ മർദിച്ചതിന് പ്രിയ മധു, മകൻ സാൻജോ എന്നിവരുടെ പേരിലും കേസെടുത്തിട്ടുണ്ടെന്ന് എസ്.ഐ പറഞ്ഞു.
പരിക്കേറ്റ പ്രിയയെയും മകനെയും ആദ്യം മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്ക് കോലഞ്ചേരി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.