കലക്ടർക്ക് നൽകിയ ഉറപ്പ് പാഴ്വാക്കായി; പ്ലാസ്റ്റിക് മാലിന്യ നീക്കം ഇഴയുന്നു
text_fieldsതൃക്കാക്കര നഗരസഭയുടെ പ്ലാസ്റ്റിക് മാലിന്യ യാർഡിലെ നിലവിലെ അവസ്ഥ
കാക്കനാട്: തൃക്കാക്കര നഗരസഭക്ക് സമീപത്തെ മാലിന്യ യാർഡിൽ പ്ലാസ്റ്റിക് കുന്നുകൂടുന്നത് ജനങ്ങളിൽ ഭീതി പരത്തുന്ന സംഭവത്തിൽ കലക്ടർ എൻ.എസ്.കെ. ഉമേഷിന്റെ ഇടപെടൽ ഉണ്ടായിട്ടും പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യൽ ഇഴയുകയാണ്. ശനിയാഴ്ചത്തെ ‘മാധ്യമം’ വാർത്ത ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് തദ്ദേശ സ്വയംഭരണ ജോയന്റ് ഡയറക്ടറോട് നഗരസഭയുടെ മാലിന്യയാർഡ് സന്ദർശിച്ച് റിപ്പോർട്ട് നൽകാൻ ജില്ല കലക്ടർ ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് അന്വേഷണം നടത്തിയ ജോയന്റ് ഡയറക്ടർ, നഗരസഭ സെക്രട്ടറി സന്തോഷിനോട് വിശദീകരണം ആവശ്യപ്പെട്ടു. ഞായറാഴ്ച വൈകീട്ടോടെ പ്ലാസ്റ്റിക് മാലിന്യം പൂർണമായും നീക്കം ചെയ്യുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചതായും കലക്ടർക്ക് ജോയന്റ് ഡയറക്ടർ റിപ്പോർട്ട് നൽകിയിരുന്നു. നിലവിൽ കരാറുകാരൻ മാലിന്യ നീക്കം തുടങ്ങിയെങ്കിലും ഇപ്പോഴും യാർഡിൽ മാലിന്യം നിറഞ്ഞ അവസ്ഥയാണ്. നിലവിൽ കുന്നായി കിടന്ന മാലിന്യം ആരുടെയും ശ്രദ്ധ പതിയാതിരിക്കാൻ പരത്തിയിട്ടിരിക്കുകയാണ്.
യാർഡിലെ കവാടം വഴി റോഡിലേക്കും മാലിന്യം വ്യാപിച്ച അവസ്ഥയാണ്. ഒരു ചെറിയ തീപ്പൊരി വീണാൽ നിമിഷ നേരം കൊണ്ട് എല്ലാം ചാമ്പലാകുമെന്ന ഭീതിയിലാണ് ഈ പ്രദേശം. കലക്ടറേറ്റ്, കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റി, ജില്ല പഞ്ചായത്ത് ഓഫിസ് തുടങ്ങിയവയും ഒട്ടേറെ പാർപ്പിട സമുച്ചയങ്ങളും ഇതിന് 100 മീറ്റർ ചുറ്റളവിലുണ്ട്. വീടുകൾ, വാണിജ്യ സ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങളിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം യഥാസമയം കയറ്റിവിടാനാകാത്തതാണ് കുമിഞ്ഞുകൂടാൻ കാരണം. കഴിഞ്ഞ ഒമ്പത് മാസത്തെ ബിൽ തുക കരാറുകാരന്, തൃക്കാക്കര നഗരസഭ നൽകാനുണ്ട്. മാലിന്യവുമായി ബന്ധപ്പെട്ട് ഒരു കോടി രൂപയാണ് ഡി.പി.സി അംഗീകാരത്തോടെ നഗരസഭ മാറ്റി വച്ചത്.എന്നാൽ ഈ വർഷം ജൈവ- അജൈവ മാലിന്യ സംസ്കരണത്തിന് നിലവിൽ അനുവദിച്ചതിലും കൂടുതൽ തുക ചെലവഴിക്കേണ്ടി വന്നിരിക്കുകയാണ്.