ഈ ചായക്കടയിൽ എമ്പാടും രാഷ്ട്രീയം പറയാം
text_fieldsമൂവാറ്റുപുഴ: നിരപ്പ് വാരിക്കാട്ട് ജങ്ഷനിലെ ചായക്കടയിൽ തെരഞ്ഞെടുപ്പ് കാലമെത്തിയാൽ ഉത്സവമാണ്, രാഷ്ട്രീയ ചർച്ചയുടെ ആരവം. വോട്ടു കാലത്ത് മാത്രമല്ല, 365 ദിവസവും ഇവിടെ രാഷ്ട്രീയ ചർച്ചയുണ്ട്. എന്നാൽ, തെരഞ്ഞെടുപ്പുകാലത്തെ ചർച്ചക്കിത്തിരി കടുപ്പവും ചൂടും കൂടും. തദ്ദേശ തെരഞ്ഞെടുപ്പാണെങ്കിൽ പറയാനുമില്ല. കോവിഡ് മുന്നേറുന്ന തെരഞ്ഞെടുപ്പുകാലത്തും ഇതിനൊരു മാറ്റവുമില്ല.
ചെറുപ്പക്കാർ മുതൽ വയോധികർ വരെ ഇവിടെ എത്തും, ചായ കുടിക്കാനെന്ന പേരിൽ ചർച്ച കേൾക്കാനും രാഷ്ട്രീയം പറയാനും. രാഷ്്ട്രീയം പറയാൻ കിലോമീറ്ററുകൾ താണ്ടി എന്നും ചായ കുടിക്കാനെത്തുന്നവരുമുണ്ട് നിരപ്പ് വാരിക്കാട്ട് ജങ്ഷനിലെ ഈ ചെറിയ മാടക്കടയിൽ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുതന്നെയാണ് ചർച്ച. പുലർച്ച അഞ്ചരക്ക് കട തുറക്കുമ്പോൾതന്നെ ആളുകളെത്തിത്തുടങ്ങും. ഇത് 8.30വരെ തുടരും.
കാൽനൂറ്റാണ്ട് മുമ്പാണ് പായിപ്ര പഞ്ചായത്ത് 10, 11 വാർഡുകളുടെ സംഗമ സ്ഥാനമായ വാരിക്കാട്ട് കവലയിലെ കനാൽ ബണ്ടിെൻറ ഓരത്ത് മാടക്കട ആരംഭിച്ചത്.
ഷീറ്റുമേഞ്ഞ് ഓലകൊണ്ട് മറച്ച ചായക്കട ബധിരനും മൂകനുമായ മുളവൂർ വാരിക്കാട്ട് ഇബ്രാഹീമെന്ന വയോധികേൻറതാണ്. പതിവുപോലെ വെള്ളിയാഴ്ചയും രാഷ്ട്രീയ വെടിവട്ടത്തിന് തിരികൊളുത്തിയത് മുളവൂർ കൂവക്കാട്ടിൽ െസയ്തുമുഹമ്മദായിരുന്നു.
ഡൽഹിയിലെ കർഷക സമരമായിരുന്നു വിഷയം. സമരം ആരംഭിച്ച് ആഴ്ച പിന്നിട്ടിട്ടും ഒത്തുതീർക്കാനാവാത്ത കേന്ദ്രസർക്കാറിെൻറ ധാർഷ്ട്യത്തിനെതിരായ പ്രതിഷേധമായിരുന്നു െസയ്തുമുഹമ്മദിെൻറ വാക്കുകളിൽ നിറയെ. ഇതിനെ ഏറ്റുപിടിച്ച് മറ്റത്തിൽ മൊയ്തുവും ഷാജി വാരിക്കാട്ടും മീരാൻ മറ്റത്തിലും നൗഷാദും കൂടിയതോടെ ചർച്ചക്ക് കൊഴുപ്പായി.
പിന്നെ, പാചകവാതക-പെട്രോൾ വില വർധനയിലേക്കുമായി ചർച്ച വഴിമാറിയെങ്കിലും അധികം വൈകാതെ തെരഞ്ഞെടുപ്പിെൻറ ട്രാക്കിലെത്തി. പായിപ്ര പഞ്ചായത്ത് മുളവൂർ മേഖലയിലുള്ള വിവിധ വാർഡുകളിലെ മത്സരചിത്രങ്ങളിലേക്ക് ചർച്ച എത്തിയതോടെ രൂപം തന്നെ മാറി. പിന്നെ യു.ഡി.എഫ്, എൽ.ഡി.എഫ് കക്ഷികളായി മാറിയ ചർച്ച വിവിധ വാർഡുകളിലെ ജയപരാജയങ്ങളിലേക്കും എത്തി. സ്വർണക്കടത്തും അഴിമതിയും വരെ ഇതിനിടെ പുറത്തെടുത്ത് അലക്കി. പഞ്ചായത്തിലെ വികസന മുരടിപ്പും ചർച്ചക്കെത്തി. പത്രമെത്തിയതോടെ ചർച്ച വീണ്ടും കർഷകസമരത്തിലേക്ക് തിരിഞ്ഞു. ചർച്ച പൊടിപൊടിക്കുമ്പോഴും ഇതിലൊട്ടും ശ്രദ്ധിക്കാതെ ആവശ്യക്കാർക്ക് ചായയും കടിയും നൽകുന്ന തിരക്കിലായിരുന്നു ഉടമ ഇബ്രാഹീം.