പുക്കാട്ടുപടിയിൽ വൺവേ തെറ്റിച്ച് വാഹനപ്പാച്ചിൽ
text_fieldsപുക്കാട്ടുപടി ജങ്ഷനിൽ പൊലീസ് മുന്നറിയിപ്പ് അവഗണിച്ച് വാഹനം കടന്നുപോകുന്നു
പുക്കാട്ടുപടി: പുക്കാട്ടുപടിയിൽ വൺവേ സംവിധാനം പാലിക്കാതെ വാഹനങ്ങൾ. റോഡിലെ അനധികൃത പാർക്കിങ്ങും ഗതാഗതക്കുരുക്ക് ഇല്ലാതാക്കുന്നതിനുമായി ഒരു വർഷം മുമ്പ് പൊലീസിന്റെയും ജനപ്രതിനിധികളുടെയും വ്യാപാരി വ്യവസായികളുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് വൺവേ സംവിധാനം നടപ്പാക്കിയത്. മാസങ്ങളോളം കൃത്യമായി പോകുകയും ചെയ്തിരുന്നു.
ഗതാഗതക്കുരുക്കിനും ഒരു പരിധിവരെ പരിഹാരം ഉണ്ടായിരുന്നു. എന്നാൽ, ഇന്ന് വാഹനങ്ങൾ തോന്നുംപടിയായി. പ്രധാനമായും ആലുവ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങളും പെരുമ്പാവൂരിൽനിന്ന് വരുന്നവയും വായനശാല ഭാഗത്തുനിന്ന് തിരിഞ്ഞ് പുക്കാട്ടുപടി ബൈപാസ് വഴി വന്ന് വേണം എറണാകുളത്തേക്ക് പോകാൻ.
ഇപ്പോൾ പല വാഹനങ്ങളും പുക്കാട്ടുപടി ജങ്ഷനിലുള്ള റോഡിലൂടെ തിരിഞ്ഞുപോകാൻ ശ്രമിക്കുന്നത് അപകടത്തിന് കാരണമാകുന്നുണ്ട്. പ്രധാനമായും ഇരുചക്ര വാഹനങ്ങളും കാറുകളുമാണ് ട്രാഫിക് നിയമം ലംഘിക്കുന്നത്. ഈ റോഡ് വൺവേ ആയതിനാൽ എതിരെവരുന്ന വാഹനങ്ങൾ ശ്രദ്ധിക്കാതെയാണ് പോകുന്നത്.
ഇത് വലിയ അപകടത്തിന് കാരണമാകുകയും ചെയ്യും. റോഡ് തകർച്ചയിലായതോടെ ഗതാഗതക്കുരുക്കും രൂക്ഷമാണ്. ഇതാണ് ട്രാഫിക് ലംഘനത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു.