പുക്കാട്ടുപടിയിൽ ഒരാഴ്ചക്കിടെ മൂന്ന് മോഷണം
text_fieldsമലയിടംതുരുത്ത് സെന്റ് മേരീസ് പള്ളിയിൽ മോഷണം നടത്തുന്നതിന്റെ സി.സി ടി.വി ദൃശ്യം
പുക്കാട്ടുപടി: പുക്കാട്ടുപടിയിൽ വ്യാപക മോഷണം. ഒരാഴ്ചക്കുള്ളിൽ മൂന്ന് മോഷണമാണ് നടന്നത്. കഴിഞ്ഞ ഞായറാഴ്ച 2.40ന് ജങ്ഷനിൽ പ്രവർത്തിക്കുന്ന മഹിമി എന്റർപ്രൈസസ് വർക്ഷോപ്പിൽനിന്ന് വെൽഡിങ് കേബിളുകളും ഇരുമ്പും ഉൾപ്പെടെ 10,000 രൂപയിലധികം സാധനങ്ങൾ കവർന്നു. ഇത് എടത്തല പൊലീസ് സ്റ്റേഷൻ പരിധിയിലാണ്.
അന്നുതന്നെ പുക്കാട്ടുപടി പെട്രോൾ പമ്പിന് സമീപം നിർമാണം നടക്കുന്ന വീട്ടിലെ ഭിത്തിയിലെ വയർ ഊരിയെടുത്ത് ആക്രിക്കടയിൽ കൊണ്ടുവന്ന് കൊടുത്തിരുന്നു. ഇയാളെ പിന്നീട് നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടിയിരുന്നു. അസം സ്വദേശി ഗുൽദർ ഉസൈനെയാണ് പൊലീസ് പിടികൂടിയത്.
ഇതിനിടയിൽ കഴിഞ്ഞ ദിവസം പുലർച്ച മലയിടംതുരുത്ത് സെന്റ് മേരീസ് പള്ളിയിൽ മോഷണം നടന്നു. ഓഫിസ് കുത്തിത്തുറന്ന് 40,000 രൂപയാണ് കവർന്നത്. കൂടാതെ വികാരി താമസിക്കുന്ന മുറി കുത്തിത്തുറന്ന് വൈദികർ പ്രാർഥനക്ക് ഉപയോഗിക്കുന്ന കറുത്ത കുപ്പായവും ധരിച്ചാണ് മോഷ്ടാവ് കടന്നുകളഞ്ഞത്. ഈ പള്ളിയിൽ ഒരുവർഷത്തിനിടെ മൂന്നാം തവണയാണ് മോഷണം.
പൊലീസ് രാത്രി പരിശോധന ശക്തമാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. എന്നാൽ, സ്റ്റേഷനുകളിൽ വേണ്ടത്ര പൊലീസുകാരില്ലാത്തത് വെല്ലുവിളിയാകുന്നുണ്ട്.