Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപണികഴിഞ്ഞ്...

പണികഴിഞ്ഞ് പുതുമോടിയായി: മാർത്താണ്ഡവർമ പാലം ഇന്ന് തുറന്നുകൊടുക്കും

text_fields
bookmark_border
പണികഴിഞ്ഞ് പുതുമോടിയായി: മാർത്താണ്ഡവർമ പാലം   ഇന്ന് തുറന്നുകൊടുക്കും
cancel
camera_alt

മാ​ർ​ത്താ​ണ്ഡ​വ​ർ​മ പാ​ല​ത്തി​ൽ ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ ന​ട​ന്ന അ​റ്റ​കു​റ്റ​പ്പ​ണി​

ആലുവ: അറ്റകുറ്റപ്പണികൾ നടത്തിയ മാർത്താണ്ഡവർമ്മ പഴയ പാലം വ്യാഴാഴ്ച ഗതാഗതത്തിനായി തുറന്നുകൊടുക്കും. വ്യാഴാഴ്ച്ച രാവിലെ മുതലാണ് പാലത്തിലൂടെ ഗതാഗതം അനുവദിക്കുക. പഠന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കാലപ്പഴക്കം ഏറെയുള്ള പാലത്തിന് അടിയന്തിര അറ്റകുറ്റ പണികൾ വേണ്ടിവന്നിരുന്നു. ഇതിനായി കഴിഞ്ഞ മാസം 28 നാണ് പാലം അടച്ചത്. വെള്ളിയാഴ്ച്ച വരെ പാലം അടച്ചിടുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, ദേശീയപാതയിലെ രൂക്ഷമായ ഗതാഗത കുരുക്ക് കണക്കിലെടുത്ത് എത്രയും വേഗം പാലം തുറക്കാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു. മൈക്രോ കോൺക്രീറ്റിങ്, എക്സ്പാൻഷൻ ജോയിന്റുകളുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികൾ, ബെയറിങ് ജോലികൾ തുടങ്ങിയവയായിരുന്നു പ്രധാന അറ്റകുറ്റപ്പണികൾ. ഇവയെല്ലാം പൂർത്തിയായതായാണ് അറിവ്. പാലത്തിന്റെ അടിയിലെ ബെയറിങ്ങുകളിൽ കഴിഞ്ഞ ദിവസം ഗ്രീസിട്ടിരുന്നു. പാലത്തിൽ പ്രഷർ പമ്പ് ഉപയോഗിച്ച് പൂർണമായി കഴുകി വൃത്തിയാക്കിയിട്ടുണ്ട്. ഇതിന് മുന്നോടിയായി പാഴ്ച്ചെടുകൾ വെട്ടിക്കളഞ്ഞിരുന്നു. പാലത്തിലെ ആർച്ചുകളുടെയും അവയെ ബന്ധിപ്പിക്കുന്ന ബീമുകളുടെയും അറ്റകുറ്റപ്പണികളും നടത്തിയിട്ടുണ്ട്. ബീമുകളിൽ പല ഭാഗത്തും തേപ്പ് അടർന്ന് കമ്പി പുറത്തു കാണുന്ന തരത്തിലായിരുന്നു. ഇത്തരം ഭാഗങ്ങളിലാണ് പ്ലാസ്‌റ്റർ ചെയ്തത്. ഇത്തരത്തിൽ പ്ലാസ്റ്റർ ചെയ്ത‌ില്ലെങ്കിൽ കമ്പികൾ തുരുമ്പെടുത്ത് ബലക്ഷയമുണ്ടാകും. ഇത് പാലത്തിന് ദോഷം ചെയ്യും.

അറുതിയാവുന്നത് ഒരാഴ്ച്ച നീണ്ട യാത്രാദുരിതത്തിന്

പാലം അറ്റകുറ്റപ്പണികൾക്ക് ശേഷം തുറക്കുമ്പോൾ യാത്രക്കാർക്കും നാട്ടുകാർക്കും പൊലീസിനും ഒരു പോലെ ആശ്വാസം. ഒരാഴ്ച്ചയായി തുടരുന്ന രൂക്ഷമായ യാത്രാ ദുരിതത്തിന് അറുതിയാവുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. അറ്റകുറ്റ പണികൾ ആരംഭിച്ചതോടെ ദേശീയപാതയിലെ യാത്ര ദുരിതം ഇരട്ടിയാവുകയായിരുന്നു. പണികൾക്കായി പാലം അടച്ചതിനാൽ ഏറെ ദൂരം വരെ വാഹനങ്ങൾ ഇഴഞ്ഞാണ് നീങ്ങിയിരുന്നത്. ഇതു മൂലം യാത്രക്കാർക്ക് ലക്ഷ്യങ്ങളിലെത്തിച്ചേരാൻ ഏറെ സമയം വേണ്ടി വന്നിരുന്നു. കഴിഞ്ഞ മാസം 28 ന് രാവിലെ മുതലാണ് പണികൾ ആരംഭിച്ചത്. ഇതിൻ്റെ ഭാഗമായി ദേശീയപാതയിലും ആലുവയിലെ സമീപ റോഡുകളിലും ഗതാഗത നിയന്ത്രണവുമുണ്ടായിരുന്നു. അതിനാൽ തന്നെ ദേശീയപാതയിലും സമീപ റോഡുകളിലും ഗതാഗത കുരുക്കും രൂക്ഷമായി മാറി. തിരക്കുള്ള സമയങ്ങളിൽ കിലോമീറ്ററുകളോളം വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയായിരുന്നു. ദീർഘ ദൂര യാത്രക്കാരടക്കം മണിക്കൂറുകളോളം റോഡിൽ കുടുങ്ങി. വിദ്യാർഥികളും വിവിധ സ്ഥാപനങ്ങളിൽ ജോലിക്ക് പോകുന്നവരുമാണ് കൂടുതൽ ദുരിതമനുഭവിച്ചത്. രാവിലെയും വൈകുന്നേരവുമാണ് ഗതാഗത കുരുക്ക് രൂക്ഷമായിരിക്കുന്നത്. കുരുക്ക് ഒഴിവാക്കാൻ പലരും മറ്റു വഴികളിലൂടെ ഏറെ ദൂരം ചുറ്റി കറങ്ങിയാണ് യാത്ര ചെയ്തത്. ഇത് മറ്റ് പ്രദേശങ്ങളിലും ഗതാഗത കുരുക്കിനിടയാക്കിയിരുന്നു.

ശാശ്വത പരിഹാരം ഇനിയുമകലെ

അറ്റകുറ്റപ്പണികൾക്ക് ശേഷം മാർത്താണ്ഡവർമ പാലം തുറന്ന് കൊടുത്താലും ദേശീയപാതയിലെ ഗതാഗത കുരുക്കിന് കാര്യമായ കുറവുണ്ടാകില്ല. പാലം അടക്കുന്നതിന് മുൻപും ദേശീയ പാതയിലും സമീപ റോഡുകളിലും നഗരത്തിലും ഗതാഗത കുരുക്ക് പതിവായിരുന്നു. പഴയ പാലത്തിലെ വീതി കുറവാണ് ഇതിന് പ്രധാന കാരണം. എന്നാൽ, അറ്റകുറ്റ പണികൾ കൊണ്ട് ആ പ്രശ്നത്തിന് പരിഹാരമുണ്ടാകില്ല. പണി കഴിഞ്ഞ് തുറക്കുന്ന പാലം പഴയപോലെ വീതി കുറഞ്ഞതാണ്. അതിനാൽ തന്നെ ദേശീയപാതയിലേക്കും നഗരത്തിലേയും വാഹനങ്ങൾ ഒരുമിച്ച് പാലത്തിലേക്ക് പ്രവേശിക്കുമ്പോൾ വാഹന കുരുക്കിനിടവരും. പഴയ പാലത്തിന് പകരമായി വീതി കൂടിയ പുതിയ പലമോ പുളിഞ്ചോട് കവല മുതൽ മംഗലപ്പുഴ പാലം വരെ എലിവേറ്റഡ് ഹൈവേയോ നിർമിച്ചാൽ മാത്രമേ ശാശ്വത പരിഹാരം കാണാനാകൂ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Marthandavarma bridge aluva Ernakulam 
News Summary - Renovated Marthanda Varma Bridge Reopens for Traffic Today
Next Story