ലഹരിക്കെതിരെ പ്രതിരോധം തീർത്ത് വിദ്യാലയങ്ങൾ
text_fieldsകൊച്ചി: കഴിഞ്ഞ അധ്യയന വർഷം ജില്ലയിലെ സ്കൂളുകളിൽ ആയിരത്തിലേറെ ലഹരി വിരുദ്ധ ക്ലാസുകൾ സംഘടിപ്പിച്ചു. വിദ്യാർഥികളിലും കൗമാരക്കാരിലും പിടിമുറുക്കുന്ന ലഹരി മാഫിയക്കെതിരെ പ്രതിരോധം തീർക്കുന്നതിനായി ഹൈസ്കൂൾ, ഹയർ സെക്കൻഡറി തലങ്ങളിലാണ് ക്ലാസുകൾ നടത്തിയത്. സ്കൂൾതല കൗൺസലിങ് വഴി വിദ്യാർഥികളിലെ ലഹരി ഉപയോഗം പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്താനും കഴിഞ്ഞിട്ടുണ്ട്.
മുന്നിൽ നയിച്ച് എസ്.പി.സി
വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ബോധവത്കരണ ക്ലാസുകൾ നടത്തുന്നതിൽ സർക്കാർ കണക്കുകൾ പ്രകാരം മുന്നിൽ സ്റ്റുഡന്റ് പൊലീസ് കാഡറ്റ് (എസ്.പി.സി) പദ്ധതി. എസ്.പി.സിയുടെ കീഴിലുള്ള ‘യോദ്ധാവ്’ പദ്ധതിയുടെ ഭാഗമായാണ് ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നത്. പദ്ധതിക്ക് കീഴിൽ കഴിഞ്ഞ അധ്യയന വർഷം ജില്ലയിൽ നടന്നത് 631 ബോധവത്കരണ ക്ലാസുകളാണ്.
‘വിമുക്തി’യും സജീവം
ലഹരിക്കെതിരെ പ്രതിരോധം തീർക്കാൻ എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ‘വിമുക്തി’ പദ്ധതിയുടെ കീഴിലും വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. സ്കൂളുകളിലെ ലഹരിവിരുദ്ധ ക്ലബുകളാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
ഇതോടൊപ്പം എൻഫോഴ്സ്മെൻറ്, ചികിത്സ നടപടികളും സജീവമാക്കിയാണ് വകുപ്പ് മുന്നോട്ടുപോകുന്നത്. കച്ചേരിപ്പടിയിലെ എക്സൈസ് മേഖല ഓഫിസ് കേന്ദ്രീകരിച്ച് കൗൺസലിങ് കേന്ദ്രവും മൂവാറ്റുപുഴ ജനറൽ ആശുപത്രി കേന്ദ്രീകരിച്ച് വിമുക്തി ലഹരിമോചന കേന്ദ്രവും പ്രവർത്തിക്കുന്നുണ്ട്.
മാതൃകയായി എൻ.എൻ.എസ്
ഹയർ സെക്കൻഡറി വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നാഷനൽ സർവിസ് സ്കീം (എൻ.എസ്.എസ്) യൂനിറ്റുകളുടെ കീഴിൽ രൂപവത്കരിച്ച ‘കാവലാൾ’ പദ്ധതിയുടെ കീഴിലാണ് ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നത്. ഇക്കാലയളവിൽ വിവിധ വിദ്യാലയങ്ങളിലായി എൻ.എസ്.എസ് 117 ബോധവത്കരണം നടത്തി.