പായൽ നിറഞ്ഞ് കായൽ മത്സ്യബന്ധനത്തിന് ഇടമില്ലാതെ തൊഴിലാളികൾ
text_fieldsചീനവല താഴ്ത്തുന്ന ഭാഗത്ത് പായൽ കയറാതിരിക്കാൻ കളത്ര കായലിൽ
വേലി കെട്ടിയിരിക്കുന്നു
പള്ളുരുത്തി: കായലുകളും കടൽത്തീരവും പായലുകൾ നിറഞ്ഞതോടെ മത്സ്യബന്ധന തൊഴിലാളികൾ പ്രതിസന്ധിയിൽ. മത്സ്യബന്ധനത്തിന് ഇടമില്ലാത്ത അവസ്ഥയിലാണ് തങ്ങളെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. വേമ്പനാട്ട് കായലിന്റെ കൈവഴികളായ പെരുമ്പടപ്പ്, കുമ്പളങ്ങി, കളത്ര കായലുകളിൽ പോളപ്പായൽ നിറഞ്ഞിരിക്കയാണ്. ചീനവല തൊഴിലാളികൾ, കൊച്ചുവള്ളത്തിൽ മീൻ പിടിക്കുന്നവർ, വീശുവലക്കാർ, കുറ്റിവലക്കാർ അടക്കമുള്ള തൊഴിലാളികളുടെ വരുമാനം ഏതാണ്ട് നിലച്ച അവസ്ഥയിലാണ്. തിങ്ങിനിറഞ്ഞ പായൽമൂലം വല പായലിന് മുകളിൽ കുടങ്ങിക്കിടക്കുന്നതിനാൽ വെള്ളത്തിലേക്ക് താഴ്ത്താൻ കഴിയുന്നില്ല.
ചെറുവള്ളങ്ങൾക്കാകട്ടെ തുഴഞ്ഞ് നീങ്ങാൻപോലും കഴിയാത്ത അവസ്ഥയാണ്. കഴിഞ്ഞ ദിവസം പെരുമ്പടപ്പ് കായലിലെ പായലിൽ ചെറുവള്ളം കുടുങ്ങിയിരുന്നു. വീശുവലക്കാർക്ക് വലയെറിയാൻ കഴിയുന്നില്ല. കുറ്റിവലക്കാർക്കാകട്ടെ പായൽ കയറി വല കീറി നശിക്കുന്ന സ്ഥിതിയിലാണ്. അതിനാൽ പലരും വല അഴിച്ചുവെച്ചിരിക്കുകയാണ്. തണ്ണീർമുക്കം ബണ്ട് തുറന്നതോടെയാണ് പായൽ കായലുകളിലെത്തിയതെന്നാണ് തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നത്.
ഇനി ഉപ്പുവെള്ളം കയറി പായലുകൾ നശിക്കുംവരെ പായൽ നിലനിൽക്കുമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. മാസങ്ങളോളം തങ്ങൾ പട്ടിണി നേരിടേണ്ടി വരുമെന്നും ഇവർ പറയുന്നു. ഓരോ വർഷവും പായൽ നിർമാർജനത്തിനായി വലിയ പദ്ധതികളുടെ ആസൂത്രണവും പ്രഖ്യാപനങ്ങളും ഉണ്ടാകുന്നതല്ലാതെ ഒന്നും നടക്കുന്നില്ലെന്നാണ് തൊഴിലാളികളുടെ ആക്ഷേപം. കായലുകളിൽ എക്കൽ അടിഞ്ഞുള്ള പ്രതിസന്ധി ഒഴിവാക്കാൻപോലും അധികൃതർ തയാറാകുന്നില്ലെന്നും ഇവർ പറയുന്നു.
അതേസമയം, വർഷങ്ങളായി പായൽ ശല്യം തുടരുന്നതിനാൽ ചീനവല തൊഴിലാളികൾ വല താഴ്ത്തുന്ന ഭാഗത്ത് പായൽ കയറാതിരിക്കാൻ വേലി കെട്ടുന്ന രീതി അവലംബിച്ചിരിക്കുന്നത് വിജയം കാണുന്നുണ്ട്. എന്നാൽ, വലിയ വിസ്തീർണത്തിൽ വേലികെട്ടി തടയാനുള്ള സാമ്പത്തികമില്ലാത്തത് ചീനവലക്കാരെ പ്രതിസന്ധിയിലാഴ്ത്തുന്നുണ്ട്.
നൂറുകണക്കിന് ചീനവലകളാണ് പെരുമ്പടപ്പ്, കുമ്പളങ്ങി മേഖലയിൽ പ്രവർത്തിച്ചുവരുന്നത്. കായൽത്തീരത്തെ ചീനവലകളിലും ഈ രീതി ഫലപ്രദമല്ല. പായൽ നിർമാർജനത്തിന് സർക്കാർ ഇനിയെങ്കിലും നടപടി സ്വീകരിക്കണമെന്നാണ് മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെടുന്നത്.


