സ്വാമി ചമഞ്ഞ് ലക്ഷങ്ങളുടെ തട്ടിപ്പ്: പൊലീസ് അന്വേഷണം ആരംഭിച്ചു
text_fieldsസൗപർണിക വിജേന്ദ്രപുരി സ്വാമി
തൃപ്പൂണിത്തുറ: സ്വാമി ചമഞ്ഞ് ബിസിനസ് ആവശ്യത്തിനായി കോടികൾ നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പലരിൽ നിന്നായി വൻതുക തട്ടിയെടുത്തെന്ന പരാതിയിൽ ഹിൽപാലസ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കാലടി കേന്ദ്രീകരിച്ചുള്ള ഹിന്ദു ആചാര്യസഭ ചാരിറ്റബിൾ ട്രസ്റ്റിന്റെ സ്ഥാപകൻ സൗപർണിക വിജേന്ദ്രപുരി സ്വാമി, സെക്രട്ടറി പെരുമ്പാവൂർ വെങ്ങോല ഗ്രീൻലാൻഡ് വില്ല 64 ൽ രാഹുൽ ആദിത്യ എന്നിവർക്കെതിരെയാണ് കേസെടുത്തത്. തൃപ്പൂണിത്തുറ സ്വദേശി ഹാൻസ് എന്ന വ്യവസായിയിൽ നിന്നും 34 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് കേസ്. 98 കോടിയുടെ ലോൺ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് അതിന്റെ കാര്യങ്ങൾക്കായി പല തവണകളായി പണം വാങ്ങിയെന്നാണ് പരാതിയിൽ പറയുന്നത്. സ്വാമിയെ തേടി ആശ്രമത്തിൽ പൊലീസെത്തിയെങ്കിലും ആൾ ഒളിവിൽ പോയിരുന്നു. സ്വാമി സംസ്ഥാനത്തും പുറത്തു നിന്നുമായി കോടികളുടെ തട്ടിപ്പ് നടത്തിയെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.