കരാട്ടേ ചാമ്പ്യൻഷിപ്പിൽ വിജയക്കൊടി പാറിച്ച് ഇരട്ട സഹോദരിമാർ
text_fieldsമലേഷ്യയിൽ നടന്ന ഇന്റർനാഷനൽ കരാട്ടേ ചാമ്പ്യൻഷിപ്പിൽ വിജയിച്ച ഹന നസ്റീനും
സന മിസ്രിയയും മാതാപിതാക്കളോടൊപ്പം സന്തോഷം പങ്കിടുന്നു
മരട്: മലേഷ്യയിൽ നടന്ന ഇന്റർനാഷനൽ കരാട്ടേ ചാമ്പ്യൻഷിപ്പിൽ മിന്നും വിജയം കരസ്ഥമാക്കി നാടിന് അഭിമാനമായി മാറി സഹോദരിമാർ. മരട് നഗരസഭയിൽ 28ാം ഡിവിഷനിൽ നെട്ടൂർ പാറയിൽ അൻവർ-ഷാനി ദമ്പതികളുടെ മക്കളായ ഹന നസ്റീൻ കെ.എ സ്വർണവും സന മിസ്രിയ കെ.എ വെങ്കലവും കരസ്ഥമാക്കിയാണ് അഭിമാനനേട്ടം കൈവരിച്ചത്.
മലേഷ്യയിൽ നടന്ന ഇൻറർനാഷനൽ കരാട്ടേ ചാമ്പ്യൻഷിപ്പിൽ 14 രാജ്യങ്ങളുമായി ഏറ്റുമുട്ടിയാണ് ഇരുവരും രാജ്യത്തിന് അഭിമാനമായി സ്വർണമെഡലും വെങ്കലമെഡലും കരസ്ഥമാക്കിയത്. 13 വയസ്സിൽ താഴെയുള്ള ചാമ്പ്യൻഷിപ്പിലാണ് സെന്റ് തെരേസാസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനി ഹന മത്സരിച്ചത്. 16 വയസ്സിന് മുകളിലേക്കുള്ളവരുടെ ചാമ്പ്യൻഷിപ്പിലാണ് എസ്.ആർ.വി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി സന മത്സരിച്ചത്.
മുമ്പും നാഷനൽ ചാമ്പ്യൻഷിപ്പുകളിൽ മത്സരിച്ച് നിരവധി ട്രോഫിയും മെഡലുകളും കരസ്ഥമാക്കിയിട്ടുണ്ട്. എറണാകുളം വൈ.എം.സി.എയിൽ വെച്ച് കരാട്ടേ അധ്യാപകനായ ലിജു ജോസഫിന്റെ ശിക്ഷണത്തിലാണ് പരിശീലനം പൂർത്തിയാക്കിയത്.