നാടിന്‍റെ മുന്നേറ്റത്തിനൊപ്പം നടന്ന്
text_fieldsപറവൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ
പറവൂർ: ഒന്നരനൂറ്റാണ്ടിന്റെ ചരിത്രം പേറുന്ന പറവൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ പറവൂർ പട്ടണത്തിന്‍റെ പ്രൗഢിക്കൊപ്പം 152 വർഷം പിന്നിട്ടതിന്‍റെ നിറവിലാണ്. ക്വിറ്റ് ഇന്ത്യ പ്രക്ഷോഭകാലത്ത് സ്വാതന്ത്ര്യ സമരത്തിന്‍റെ ജ്വലിക്കുന്ന മുദ്രാവാക്യം ഉയർന്ന ക്ലാസ് മുറികൾ. സാമൂഹിക പരിഷ്കർത്താവായ സഹോദരൻ അയ്യപ്പൻ ഉൾപ്പെടെ പ്രഗല്ഭർ പഠിച്ചിറങ്ങിയ സ്കൂൾ.
ജില്ലയിലെ ആദ്യ പൊതുവിദ്യാലയമായ പറവൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന്‍റെ ഇന്നലെകൾ ഒരു നാടിന്‍റെ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മുന്നേറ്റത്തിന്‍റെ ചരിത്രംകൂടിയാണ്. 1872ലാണ് സ്‌കൂൾ സ്ഥാപിച്ചത്. 1965ൽ ഹൈസ്കൂളായി ഉയർത്തി. 1996ൽ ഹയർ സെക്കൻഡറി സ്കൂളായി. നഗരത്തിലെ പ്രധാന സ്ഥലത്ത് അഞ്ചേക്കറോളം വിസ്തൃതിയിൽ നൂറ്റാണ്ടുകളുടെ പഴക്കമുള്ള കെട്ടിടങ്ങളും പുതുതായി പണിതീർത്ത ഹൈടെക് ക്ലാസ് മുറികളും ഒക്കെയായി ഇപ്പോഴും സ്കൂൾ പാരമ്പര്യത്തിന്‍റെ പെരുമയോടെ നിലകൊള്ളുന്നു. മുൻവശത്തെ മതിലിനരികെ പന്തലിച്ച് നിൽക്കുന്ന വൻമരങ്ങൾ കാണാം.
അകത്തു കടന്നാൽ വിശാലമായ കളിക്കളം. ക്ലാസ് മുറികളിലും ഹൈടെക് സംവിധാനങ്ങൾ. പൈതൃകം പേറുന്ന പഴയ മന്ദിരത്തിൽ ആർ.എൽ.വി ഇംഗ്ലീഷ് ഹൈസ്കൂൾ എന്ന് അക്കാലത്ത് മരത്തിൽ കൊത്തിവെച്ചത് ഇപ്പോഴും കാണാം. ആദ്യം ഇത് ഇംഗ്ലീഷ് സ്കൂളായിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് കിലോമീറ്ററുകൾ നടന്നാണ് കുട്ടികൾ പഠനത്തിന് എത്തിയിരുന്നത്. എം. രാമവർമ തമ്പാനും ആർ. ഈശ്വരപിള്ളയും ഒക്കെ സ്കൂളിലെ പ്രധാനാധ്യാപകരായിരുന്നു. 1920ൽ ഈശ്വരപിള്ള ഇവിടെ അധ്യാപക സമ്മേളനം വിളിച്ചുചേർത്തത് ചരിത്രത്തിൽ ഇപ്പോഴും തങ്കലിപികളിൽ രേഖപ്പെടുത്തിയിരിക്കുന്നു. ആ സമ്മേളനത്തിൽ മഹാകവി കുമാരനാശാൻ സ്വന്തം കവിത ആലപിച്ചു.
പുതിയ വിദ്യാഭ്യാസ കാലഘട്ടത്തിലും പ്രമുഖർ ഇവിടെ എത്തിയിട്ടുണ്ട്. വി.ഡി. സതീശൻ എം.എൽ.എ നടപ്പാക്കിയ ‘ശാസ്ത്രയാൻ’ പദ്ധതി 2011ൽ ഉദ്ഘാടനം ചെയ്യാൻ എത്തിയത് രാഷ്ട്രപതിയായിരുന്ന എ.പി.ജെ. അബ്ദുൽ കലാമാണ്. അതിന്റെ ഭാഗമായി 2014ൽ സ്കൂൾ ഗ്രൗണ്ടിൽ ജി.എസ്.എൽ.വി സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ മാതൃക സ്ഥാപിച്ചു. ഇതിന് 49,12 മീറ്റർ ഉയരവും 2.8 മീറ്റർ വീതിയും 416 ടണ്ണോളം ഭാരവുമുണ്ട്. ഐ.എസ്.ആർ.ഒ ചെയർമാനാണ് ഉദ്ഘാടനം ചെയ്തത്. പാഠ്യ, പാഠ്യേതര പ്രവർത്തനങ്ങളിലും സ്കൂൾ മുൻപന്തിയിലാണ്.
2001ൽ സ്കൂളിനോട് ചേർന്ന് കേപ്പിന്‍റെ നേതൃത്വത്തിൽ കമ്യൂണിറ്റി എൻജീനിയറിങ് കോളജ് സ്ഥാപിക്കാൻ നീക്കമുണ്ടായെങ്കിലും വിജയംകണ്ടില്ല. നിലവിൽ 700ൽ താഴെ വിദ്യാർഥികളാണ് പഠിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ എല്ലാം ഒരുക്കിയിട്ടുണ്ടെങ്കിലും ഇലക്ട്രിക് ബെല്ലുകളും ക്ലാസ് മുറികൾ കേന്ദ്രീകരിച്ച് മൈക്ക് സെറ്റുകളും ഇല്ലാത്തത് പ്രധാന അറിയിപ്പുകൾ ഉൾപ്പെടെ വിദ്യാർഥികൾക്ക് നൽകാൻ തടസ്സമാകുന്നതായി പ്രധാനാധ്യാപിക റാണി മേരി മാത പറഞ്ഞു.


