ആൾകല്ലിൽ വാഴത്തോട്ടങ്ങൾ ചവിട്ടിമെതിച്ച് കാട്ടാനക്കൂട്ടം
text_fieldsഉടുമ്പന്നൂർ: പഞ്ചായത്തിലെ ആൾകല്ലിൽ നാലേക്കറിൽ വാഴത്തോട്ടത്തില്‍ കയറിയ കാട്ടാന ഇരുനൂറോളം കുലച്ച എത്തവാഴ നശിപ്പിച്ചു. ചേറ്റുങ്കല്‍ അശോകന്‍ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്തിരുന്ന വാഴയാണ് തിങ്കളാഴ്ച പുലർച്ച എത്തിയ ആനക്കൂട്ടം നശിപ്പിച്ചത്.
2000ത്തിൽപരം വാഴയാണ് കൃഷി ചെയ്തിരിക്കുന്നത്. വനംവകുപ്പോ സര്‍ക്കാറോ സഹായം നല്‍കിയില്ലെങ്കില്‍ ഒരുവര്‍ഷത്തെ അധ്വാനം നഷ്ടപ്പെടുന്ന സ്ഥിതിയാണെന്ന് കര്‍ഷകന്‍ പറഞ്ഞു. കൂടാതെ വാഴയിൽ ജോർജിന്‍റെ നിരവധി കൃഷികളും കാട്ടാനകൾ നശിപ്പിച്ചു. പൊട്ടനാനിക്കൽ സുധാകരന്‍റെ തെങ്ങ്, വാഴ, കൊക്കോ എന്നീ കൃഷികളും കാട്ടാനകൾ നശിപ്പിച്ചു.
ചേറ്റുങ്കൽ അശോകന്‍റെ ക്രിസ്മസിന് വെട്ടാൻ നിർത്തിയ കുലച്ച ഏത്തവാഴകളാണ് കാട്ടാനകൾ ഒറ്റരാത്രി കൊണ്ട് ചവിട്ടിയരച്ചത്. മേഖലയിൽ കാട്ടാനശല്യം രൂക്ഷമാകുമ്പോൾ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചാൽ അവർ തിരിഞ്ഞുനോക്കുന്നില്ല എന്നാണ് കർഷകർ പറയുന്നത്. പലിശക്ക് പണം എടുത്താണ് മിക്ക വരും കൃഷി നടത്തുന്നത്. എല്ലാം നഷ്ടത്തിലായെന്നാണ് കർഷകർ പറയുന്നത്. അടിയന്തരമായി മേഖലയിലെ കർഷകർക്കുണ്ടായ കൃഷിനാശത്തിന് നഷ്ടപരിഹാരം നൽകണമെന്ന് പ്രദേശവാസികളുടെ ആവശ്യം.


