അടച്ചുറപ്പുള്ള മുറിയില്ല, ഇഴജന്തുക്കളുടെ ശല്യവും; അടിസ്ഥാന സൗകര്യങ്ങളില്ലാതെ അടിമാലി നർേകാട്ടിക്, എക്സൈസ് ഓഫിസുകൾ
text_fieldsഅടിമാലി എക്സൈസ് റേഞ്ച് ഓഫിസിന് മുന്നിലെ തൊണ്ടിമുതൽ
അടിമാലി: ലഹരിവേട്ടയിൽ പിടികൂടുന്ന പ്രതികളെ കസ്റ്റഡിയിൽ നിർത്താൻപോലും അടച്ചുറപ്പുള്ള മുറി ഇല്ലാതെ അടിമാലിയിലെ എക്സൈസ് ഓഫിസുകൾ. അടിമാലി റേഞ്ച് എക്സൈസ് ഓഫിസ്, അടിമാലി നാർകോട്ടിക് ഓഫിസ് എന്നിവിടങ്ങളാണ് പരിമിതിയിൽ വലയുന്നത്. വാടക കെട്ടിടങ്ങളിലാണ് ഇവ പ്രവർത്തിക്കുന്നത്.
കെട്ടിടങ്ങൾ കാലപ്പഴക്കത്താൽ അപകട ഭീഷണിയിലായിട്ട് നാളുകളായി. ഒരു നല്ല മുറി പോലുമില്ല. ഏതു നിമിഷവും തകരാവുന്ന നിലയിലാണ് നാർകോട്ടിക് ഓഫിസും റേഞ്ച് ഓഫിസും. ഈ കെട്ടിടത്തിലാണ് എക്സൈസ് ഇൻസ്പെക്ടർ അടക്കമുള്ള ഉദ്യോഗസ്ഥർ കഴിയുന്നത്. തൊണ്ടിമുതലുകൾ സൂക്ഷിക്കാനും ഇടമില്ല.
അടിമാലി നാർകോട്ടിക് ഓഫിസിന്റെ പിറകുവശം
നാർകോട്ടിക് ഓഫിസ് കെട്ടിടത്തിന്റെ പിറകുവശം തകർന്നുതുടങ്ങി. വർഷങ്ങളായി പഴയ കോടതിപ്പടിയിലാണ് നാർകോട്ടിക് ഓഫിസ് പ്രവർത്തിക്കുന്നത്. പഴയ കെട്ടിടത്തിന്റെ മേൽക്കൂരയിലെ മരം ദ്രവിച്ചുതുടങ്ങി. മഴ പെയ്താൽ ഫയലുകൾ ചുമന്ന് മാറ്റലാണ് ഉദ്യോഗസ്ഥരുടെ പ്രധാന ജോലി. പിടികൂടുന്ന വാഹനങ്ങൾ മറ്റിടങ്ങളിലേക്ക് കൊണ്ടുപോകും.
അമ്പലപ്പടിയിലെ റേഞ്ച് ഓഫിസിന്റെ സ്ഥിതിയും പരിതാപകരമാണ്. മുന്നിലെ ബോർഡ് കണ്ട് ഓഫിസിലേക്ക് എത്തിയാൽ ആക്രിക്കടയെന്ന് സംശയിക്കും വിവിധ റെയ്ഡുകളിൽ പിടികൂടിയ ബൈക്കുകൾ, പാത്രങ്ങൾ, ക്യാനുകൾ എല്ലാം രണ്ടാം നിലയിലെ വരാന്തയിലും ഓഫിസ് മുറിയിലും നിറഞ്ഞ് കവിഞ്ഞു.
ഇവ ആരും കൊണ്ടുപോകാതെ സംരക്ഷിക്കുകയെന്നത് പ്രയാസമാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. 24 മണിക്കൂറും പ്രവർത്തിക്കേണ്ട ഓഫിസിൽ ഇഴജന്തുക്കളുടെ ഭീഷണിയുമുണ്ട്. തൊണ്ടിമുതൽ ആയതിനാൽ നശിപ്പിക്കാനും കഴിയില്ല.
അടിമാലിയിൽ എക്സൈസ് സമുച്ചയം പണിയാൻ പഞ്ചായത്ത് ഭൂമി വിട്ടുനൽകിയിട്ടുണ്ട്. വർഷങ്ങളായിട്ടും നിർമാണത്തിന് ഫണ്ട് അനുവദിച്ചിട്ടില്ല. കെട്ടിട ഉടമ ഓഫിസ് ഒഴിയണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടിയില്ല.