കളിസ്ഥലങ്ങളില്ല; കാത്തിരിപ്പ് തുടർന്ന് കായികപ്രേമികൾ
text_fieldsഅടിമാലി പഞ്ചായത്ത് ആസ്ഥാനത്തോട് ചേർന്ന് സ്റ്റേഡിയം നിർമിക്കാൻ അനുയോജ്യമായ സ്ഥലം
ഇവിടെ പ്ലാസ്റ്റിക് മാലിന്യം കൂട്ടിയിട്ടിരിക്കുന്നതും കാണാം
അടിമാലി: പഞ്ചായത്തിൽ കളിസ്ഥലങ്ങൾ ഇല്ലാതെ യുവജനങ്ങൾ ബുദ്ധിമുട്ടുന്നു. നിരവധി പ്രതിഭകൾ ഒളിമ്പിക്സിൽവരെ എത്തിയിട്ടും ജനസാന്ദ്രതയുള്ള പഞ്ചായത്തിൽ കായിക മേഖലയുടെ വികസനത്തിന് ഗ്രൗണ്ടുകളോ സ്റ്റേഡിയങ്ങളോ ഇല്ല. വർഷങ്ങളായി വിവിധ സംഘടനകളും കായിക പ്രേമികളും ആവശ്യം ഉന്നയിക്കുന്നുണ്ടെങ്കിലും യാഥാർഥ്യമാകുന്നില്ലെന്നാണ് പരാതി.
കാത്തിരിപ്പിനൊടുവിൽ അടിമാലി പഞ്ചായത്ത് ഭരണസമിതി സ്റ്റേഡിയം നിർമിക്കുന്നതിന് സ്ഥലം കണ്ടെത്തിയിരുന്നു. പാടം ഭൂമി ഏറ്റെടുത്ത് സ്റ്റേഡിയം നിർമിക്കാൻ നടപടി ആരംഭിച്ചെങ്കിലും വ്യാപക പരാതി ഉയർന്നതോടെ നീക്കം ഉപേക്ഷിച്ചു. എന്നാൽ, പഞ്ചായത്ത് ഓഫിസിനോട് ചേർന്ന സ്ഥലം സ്റ്റേഡിയത്തിനായി ഉപയോഗപ്പെടുത്താമെന്ന് നിർദേശം വന്നെങ്കിലും ഇതിനോട് ആർക്കും താൽപര്യം ഉണ്ടായതുമില്ല.
ഇവിടെ പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യം സൂക്ഷിക്കുന്ന കേന്ദ്രമായി മാത്രമാണ് പഞ്ചായത്ത് കാണുന്നത്. പഞ്ചായത്തിന് കേരളോത്സവം നടത്തണമെങ്കിൽപോലും ഏതെങ്കിലും സ്കൂളുകളുടെ ഗ്രൗണ്ടുകൾ ഉപയോഗപ്പെടുത്തേണ്ട ഗതികേടാണ്. പത്താംമൈൽ ദേവിയാർ കോളനിയിലാണ് പഞ്ചായത്തിന് സ്വന്തമായി ചെറിയ ഗ്രൗണ്ടുള്ളത്. ഇത് ഇപ്പോൾ ഉപയോഗിക്കുന്നത് മോട്ടോർ വാഹന വകുപ്പാണ്. ഡ്രൈവിങ് ലൈസൻസിന് ആവശ്യമായ ടെസ്റ്റ് ഗ്രൗണ്ടായിട്ടാണ് ഇത് ഉപയോഗിക്കുന്നത്.
നേരത്തേ യുവജനങ്ങൾ ക്രിക്കറ്റും ഫുട്ബാളും കളിക്കാൻ ഗ്രൗണ്ട് ഉപയോഗിച്ചിരുന്നെങ്കിലും മോട്ടോർ വാഹന വകുപ്പ് ടെസ്റ്റ് ഗ്രൗണ്ടാക്കി മാറ്റിയതോടെ ഇതും നഷ്ടമായി. അടിമാലി ഗവ. ഹൈസ്കൂൾ ഗ്രൗണ്ട് ഫുട്ബാൾ കളിക്കാൻ യുവജനങ്ങൾ ഉപയോഗിച്ചിരുന്നു. എന്നാൽ, ഇതും പലപ്പോഴും ഉപയോഗിക്കാൻ പറ്റുന്നില്ല. സ്കൂൾ ഗ്രൗണ്ടുകൾ ആശ്രയിച്ചാണ് ഭൂരിഭാഗം പ്രദേശങ്ങളിലും യുവജനങ്ങൾ കായിക മേഖലയിൽ പരിശീലനം നടത്തുന്നത്. ഇത് സ്കൂൾ കുട്ടികളുടെ കായിക പുരോഗതിക്കും തടസ്സമാണ്. ഷൈനി വിൽസൻ, കെ.എം. ബീനമോൾ, കെ.എം. ബിനു ഉൾപ്പെടെ ഒളിമ്പിക്സ് താരങ്ങളുടെ വേരുകളുള്ള അടിമാലിയിൽ മികച്ച കായിക താരങ്ങളെ വളർത്തിയെടുക്കാൻ ആധുനിക സൗകര്യങ്ങളോടെയുള്ള സ്റ്റേഡിയം വേണമെന്നാണ് ആവശ്യം.