അടിമാലി താലൂക്ക് ആശുപത്രിയിൽ കാത്ത് ലാബ് അട്ടിമറിക്കാൻ നീക്കം
text_fieldsഅടിമാലി താലൂക്ക് ആശുപത്രി
അടിമാലി: അടിമാലി താലൂക്ക് ആശുപത്രിയിൽ അനുവദിച്ച കാത്ത് ലാബ് അട്ടിമറിക്കാൻ നീക്കം. ഗൈനക്കോളജി വാർഡും ലേബർ റൂമും കാത്ത് ലാബിനായി നിർമിച്ച ഐ.സി.യു വാർഡിലേക്ക് മാറ്റാൻ ആശുപത്രി വികസന സമിതി തീരുമാനമെടുത്തതാണ് കാരണം. ഇപ്പോൾ പഴയ കെട്ടിടത്തിലാണ് ഗൈനക്കോളജി വാർഡും ലേബർ റൂമും പ്രവർത്തിക്കുന്നത്. ഈ ഇരുനില കെട്ടിടം അപകടാവസ്ഥയിലാണെന്നും ഇടിഞ്ഞുവീഴാൻ സാധ്യതയുണ്ടെന്നും പറഞ്ഞാണ് അട്ടിമറി നീക്കം.
അത്യാഹിത വാർഡ് പ്രവർത്തിക്കുന്ന ബഹുനില മന്ദിരത്തിൽ ഓപറേഷൻ തിയറ്റർ, ഗൈനക്കോളജി വാർഡ്, ലേബർ റൂം എന്നിവ സജ്ജീകരിക്കാൻ മതിയായ സൗകര്യമുണ്ട്. ഇടുക്കി പാക്കേജിൽ ഉൾപ്പെടുത്തി അഞ്ച് കോടി രൂപ ഇതിനായി അനുവദിച്ചതായി എം.എൽ.എയും വ്യക്തമാക്കുന്നു. കാഷ്വാലിറ്റി ബ്ലോക്കിലെ താഴത്തെ നിലയിൽ സൂപ്രണ്ട് ഓഫിസ് മാറ്റിയ സ്ഥലം ഉൾപ്പെടെ നിരവധി മുറികൾ ഒഴിവായി കിടക്കുന്നു.
ഇവിടത്തെ ചില മുറികൾ കൂടി ഈ കെട്ടിടത്തിൽ പ്രവർത്തിച്ച ഓഫിസ് റൂമിലേക്ക് അടക്കം മാറ്റിയാൽ ലേബർ റൂമും, വാർഡും, ഓപറേഷൻ തിയറ്റർ അടക്കം മാറ്റാൻ സൗകര്യമുണ്ടെന്നിരിക്കെയാണ് ഐ.സി.യു വാർഡിലേക്ക് തന്നെ ലേബർ റൂമും വാർഡും മാറ്റാൻ നീക്കം നടത്തുന്നത്.
കാത്ത് ലാബിന് കോടികൾ മുടക്കിയാണ് ബഹുനില കെട്ടിടം നിർമിച്ചത്. ഓക്സിജൻ സൗകര്യമുള്ള ഐ.സി.യു വെന്റിലേറ്റർ അഞ്ച്, ഐ.സി.യു ബെഡ് 10, 2.37 കോടി മുടക്കിയ കെട്ടിടം ഉൾപ്പെടെ അനുബന്ധ ഉപകരണങ്ങൾ തുടങ്ങിയവ ഇതിനായി എത്തുകയും ചെയ്തു. ഇടുക്കി എം.പി കാത്ത് ലാബ് തുറക്കാൻ കൂടുതൽ ഫണ്ട് അനുവദിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.
ആശുപത്രി ക്വാർട്ടേഴ്സ് ഭൂമിയിൽ കൈയേറ്റം
അടിമാലി താലൂക്ക് ആശുപത്രി ക്വാർട്ടേഴ്സ് ഭൂമിയിൽ നടന്ന കൈയേറ്റത്തിനെതിരെ നടപടിയില്ല. ഇതുസംബന്ധിച്ച് നിരവധി പരാതികൾ ജില്ല ഭരണകൂടത്തിലും ആരോഗ്യ വകുപ്പിലും ലഭിച്ചെങ്കിലും കൈയേറ്റം കണ്ടുപിടിക്കാനോ നടപടി സ്വീകരിക്കാനോ അധികൃതർക്കും താൽപര്യമില്ല.
ക്വാർട്ടേഴ്സ് ഇരിക്കുന്ന സ്ഥലത്തെ കൈയേറ്റം പൂർണമായി തിരിച്ചുപിടിച്ച് ആശുപത്രിയിൽ കൂടുതൽ സൗകര്യങ്ങൾ ജീവനക്കാർക്കും രോഗികൾക്കും നൽകാൻ കഴിയും.
മന്ത്രി പ്രഖ്യാപിച്ച താമസസൗകര്യവും യാഥാർഥ്യമായില്ല
വിദൂര ആദിവാസി കോളനികളിൽനിന്ന് പ്രസവം ഉൾപ്പെടെ ചികിത്സക്കായി എത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും താമസസൗകര്യം ഒരുക്കുമെന്ന മന്ത്രി വീണ ജോർജിന്റെ പ്രഖ്യാപനവും നടപ്പായില്ല.
കഴിഞ്ഞ ദിവസം നവജാതശിശു മരിക്കാൻ ഇടയായ സംഭവം അടക്കം ഇതിലേക്കാണ് വിരൽചൂണ്ടുന്നത്. പലപ്പോഴും താലൂക്ക് ആശുപത്രിയിൽ അനസ്തേഷ്യ ഡോക്ടറുടെ സേവനം ലഭ്യമല്ല.