നിയമസഭ തെരഞ്ഞെടുപ്പ്; ദേവികുളത്ത് ‘രാജ’കീയ പോരാട്ടം
text_fieldsഎൻ.ഡി.എ സ്ഥാനാർഥി എസ്. രാജേന്ദ്രൻ വോട്ടഭ്യർഥിക്കുന്നു
അടിമാലി: നിയമസഭ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ശ്രദ്ധ നേടുന്ന മണ്ഡലങ്ങളിൽ ഏറ്റവും മുന്നിലാണ് ദേവികുളം. മുന്‍ സി.പി.എം എം.എല്‍.എ എസ്. രാജേന്ദ്രന്‍ ബി.ജെ.പി സ്ഥാനാർഥിയായതാണ് മണ്ഡലത്തെ ശ്രദ്ധേയമാക്കുന്നത്. അഞ്ചാമതും മണ്ഡലം നിലനിര്‍ത്താന്‍ എ. രാജയുടെ രണ്ടാം അങ്കത്തിലൂടെ കഴിയുമെന്ന് ഇടത് മുന്നണി കണക്ക് കൂട്ടുമ്പോള്‍ ഏത് വിധേനയും മണ്ഡലം തിരിച്ചുപിടിക്കുമെന്ന വാശിയിലാണ് എഫ്. രാജയെ യു.ഡി.എഫ് കളത്തിലിറക്കുന്നത്. അതുകൊണ്ട് തന്നെ ഇക്കുറി മണ്ഡലത്തിലെ വിജയം പ്രവചനാതീതമാണ്.
മൂവരും മണ്ഡലത്തിലെ പരിചിത മുഖമാണ്. രണ്ട് പേര്‍ മുമ്പ് നിയമസഭയില്‍ എത്തിയവരാണെങ്കിലും കഴിഞ്ഞ തവണ പള്ളിവാസല്‍ ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധിയായ എഫ്. രാജക്കും തെരഞ്ഞെടുപ്പ് ഗോദയില്‍ തന്റേതായ സ്ഥാനമുണ്ട്. തോട്ടം-കാര്‍ഷിക മേഖല ഉള്‍പ്പെട്ട മണ്ഡലമാണ് ദേവികുളം. കര്‍ഷകരും തോട്ടം തൊഴിലാളികളും വിധി നിർണയിക്കുന്ന ഇടം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആദിവാസികളുള്ള മണ്ഡലമെന്നതിനാല്‍ ഇവരുടെ സാന്നിധ്യവും പ്രധാനമാണ്. 1957 രൂപീകൃതമായ മണ്ഡലത്തില്‍ ഒരു മുന്നണിക്കും വ്യക്തമായ മേല്‍കോയ്മ ഇല്ല.
ജനകീയ വിഷയങ്ങൾ ഉയർത്തിക്കാട്ടി യു.ഡി.എഫ്
പ്രഖ്യാപനം അൽപം വൈകിയെങ്കിലും പ്രചാരണം വേഗത്തിലാക്കുകയാണ് യു.ഡി.എഫ് സ്ഥാനാർഥി എഫ്. രാജ. മറ്റ് രണ്ട് മുന്നണികളും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ദിവസങ്ങൾക്ക് ശേഷമാണ് പ്രഖ്യാപനം വന്നത്. പ്രചാരണം ഇപ്പോൾ വേഗത്തിലായിട്ടുണ്ട്. മുന്‍ എം.എല്‍.എ എ.കെ. മണിയാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ മുന്നില്‍നിന്ന് നയിക്കുന്നത്. മണ്ഡലത്തിലെ മൂന്ന് പ്രദേശങ്ങള്‍ റിസര്‍വ് വനമാക്കി വിജ്ഞാപനം ഇറക്കിയതും കല്ലാര്‍കുട്ടി പട്ടയ പ്രശ്‌നം പരിഹരിക്കാത്തതും കൊച്ചി -ധനുഷ്‌കോടി ദേശീയപാതയിലെ വാളറ വനമേഖലയിലെ നിർമാണ പ്രതിസന്ധിയും മാങ്കുളം മിച്ച ഭൂമി പ്രശ്‌നവും അടിമാലിയിലെ അമ്മയും കുഞ്ഞും ജില്ല ആശുപത്രി ഉള്‍പ്പെടെ എറെ ചൂടേറിയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് യു.ഡി.എഫ് പ്രചാരണം.
വികസന നേട്ടം എണ്ണിപ്പറഞ്ഞ് എൽ.ഡി.എഫ്
സിറ്റിങ് എം.എൽ.എ എ. രാജ പ്രചാരണത്തിൽ ഒരു പടി മുന്നിലാണ്. ആയിരക്കണക്കിന് പ്രവർത്തകരെ അണി നിരത്തി അടിമാലി ടൗണിൽ റോഡ് ഷോ നടത്തി. 10 വര്‍ഷത്തെ ഇടത് സര്‍ക്കാറിന്റെ വികസന നേട്ടങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് എല്‍.ഡി.എഫ് പ്രചാരണം. രാജ്യാന്തര നിലവാരത്തില്‍ ഉയര്‍ന്ന റോഡുകളും തോട്ടം മേഖലയില്‍ ശമ്പള വർധനവും ലൈഫ് ഭവന പദ്ധതിയില്‍ കൂടുതല്‍ വീടുകള്‍ നല്‍കിയതും പെൻഷന്‍ വർധനവും ഉൾപ്പടെ മണ്ഡലത്തെ 20 കൊല്ലം വികസനത്തിന്റെ ഉന്നതിയില്‍ എത്തിക്കാന്‍ സാധിച്ചുവെന്ന് അവർ അവകാശപ്പെടുന്നു. തുടര്‍ച്ചയായ മൂന്നാം മന്ത്രിസഭ വരുന്നതിനാല്‍ വികസനത്തിന് ജനങ്ങളുടെ പിന്തുണ തേടിയാണ് എല്‍.ഡി.എഫ് പ്രചാരണം.
രാജേന്ദ്രനിൽ പ്രതീക്ഷ അർപ്പിച്ച് ബി.ജെ.പി
രാജേന്ദ്രന് മണ്ഡലം സുപരിചിതമായതിനാൽ പ്രചാരണവും അതിനനുസരിച്ചാണ് മുന്നോട്ടുപോകുന്നത്. പ്രദേശത്തെ സി.പി.എം കേന്ദ്രങ്ങളിൽ നിന്നുൾപ്പെടെ വോട്ടുകൾ ചോർത്തി ശക്തി പ്രകടിപ്പിക്കുകയാണ് രാജേന്ദ്രന്‍റെയും ബി.ജെ.പി.യുടെയും ലക്ഷ്യം. മൂന്ന് തവണ സി.പി.എം എല്‍.എ.എയും മുന്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റുമായ എസ്. രാജേന്ദ്രന്‍ തന്റെ വ്യക്തിപ്രഭയാല്‍ വിജയിച്ച് കയറുമെന്ന് ബി.ജെ.പിയും പറയുന്നു. സി.പി.എം ജില്ല നേതാക്കളുടെ തെറ്റുകൾ ചോദ്യം ചെയ്തതോടെ രാജേന്ദ്രനെതിരെ സി.പി.എം തിരിഞ്ഞതെന്നും ഇവരുടെ ഇരട്ടത്താപ്പുകളടക്കം പുറത്ത് കൊണ്ടുവരുമെന്നും ബി.ജെ.പി.യും ചൂണ്ടിക്കാട്ടുന്നു.


