Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightAdimalichevron_rightഅടിമാലിയിൽ സമരപ്പന്തൽ...

അടിമാലിയിൽ സമരപ്പന്തൽ പൊളിക്കാൻ അധികൃതരെത്തി; പഞ്ചായത്ത് ഓഫിസിന് മുന്നിലേക്ക് സമരം മാറ്റി ദുരന്തബാധിതർ

text_fields
bookmark_border
അടിമാലിയിൽ സമരപ്പന്തൽ പൊളിക്കാൻ അധികൃതരെത്തി; പഞ്ചായത്ത് ഓഫിസിന് മുന്നിലേക്ക് സമരം മാറ്റി ദുരന്തബാധിതർ
cancel
camera_alt

അടിമാലി ലക്ഷംവീട് ഉന്നതിയിലെ ദുരന്തബാധിതർ പഞ്ചായത്ത് ഓഫിസിന് മുന്നിൽ സമരം തുടങ്ങിയപ്പോൾ

അടിമാലി: കലക്ടറുടെ ഉത്തരവ് പ്രകാരം സമരപ്പന്തൽ പൊളിക്കാൻ അധികൃതർ എത്തിയപ്പോൾ സമരക്കാർ പഞ്ചായത്ത് ഓഫിസിന് മുന്നിലേക്ക് സമരം മാറ്റി. പതിനൊന്ന് ദിവസമായി കൈക്കുഞ്ഞുങ്ങളുമായി പുനരധിവാസത്തിനായി രാപ്പകൽ സമരം നടത്തുന്ന കുടുംബങ്ങളാണ് അടിമാലി പഞ്ചായത്ത് ഓഫിസിന് മുന്നിലേക്ക് സമരം മാറ്റിയത്. മലയിടിച്ചിൽ ദുരന്തമുണ്ടായ ദുരന്തബാധിതരെ സർക്കാർ അവഗണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രദേശവാസികളുടെ സമരം. വെള്ളിയാഴ്ച രാത്രി ഇവിടെ മലയിൽനിന്ന് ചെറിയ രീതിയിൽ മണ്ണിടിഞ്ഞുവീണത് ആശങ്ക ഉണ്ടാക്കിയിരുന്നു. ഇതോടെയാണ് കലക്ടർ അടിയന്തര ഉത്തരവ് പുറപ്പെടുവിച്ചത്.

മൂന്ന് മാസത്തെ വാടക നൽകി സമരം അവസാനിപ്പിക്കാൻ അധികൃതർ ശ്രമിച്ചെങ്കിലും സമരക്കാർ തയാറായില്ല. കലക്ടർ ദുരന്തബാധിതർക്കായി 10 ലക്ഷം രൂപയുടെ ശിപാർശ സർക്കാറിന് നൽകിയെന്ന് പറയുന്നതല്ലാതെ ഒരു തീരുമാനവും ആയിട്ടില്ല. തങ്ങളെ ഇനിയും പറഞ്ഞ് പറ്റിക്കാൻ കഴിയില്ലെന്നാണ് ഇവർ പറയുന്നത്. പുനരധിവാസം നടപ്പാക്കാതെ ഈ ദുരന്തഭൂമിയിൽനിന്നും പിൻമാറില്ലെന്നും ഇവർ ഉറപ്പിച്ച് പറയുന്നു. കഴിഞ്ഞ ഒക്ടോബര്‍ 25നായിരുന്നു ലക്ഷംവീട് നഗറില്‍ മലയിടിഞ്ഞ് നാശനഷ്ടം സംഭവിച്ചത്. ദുരന്തത്തില്‍ എട്ട് വീടുകള്‍ പൂര്‍ണമായി മണ്ണിനടിയിലായി. ഒരാളുടെ ജീവന്‍ നഷ്ടമാവുകയും ചെയ്തു. നിലവിൽ എട്ട് കുടുംബങ്ങൾ കെ.എസ്.ഇ.ബിയുടെ ക്വാർട്ടേഴ്സിലും 17 കുടുംബങ്ങൾ വാടകക്കുമാണ് താമസിക്കുന്നത്.

ലക്ഷംവീട് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മുമ്പ് കരാർ കമ്പനിയുടെ യാർഡിന് മുന്നിൽ കുടിൽകെട്ടി സമരം ആരംഭിച്ചിരുന്നു. ആദ്യം സമരം നടത്തിയപ്പോൾ കരാർ കമ്പനി വാടക കുടിശ്ശികയായ ഏഴ് ലക്ഷം പഞ്ചായത്തിന് കൈമാറുകയും അടുത്ത ദിവസം മുതൽ വാടക തുക ദുരന്തബാധിതർക്ക് ലഭിക്കുകയും ചെയ്തിരുന്നു. പിന്നീട് ഒന്നും ലഭിച്ചില്ല. അപകടാവസ്ഥയെത്തുടര്‍ന്ന് റെഡ് സോണ്‍ ആയി പ്രഖ്യാപിച്ച, ഇപ്പോഴും വിള്ളലുകളും മണ്ണിടിച്ചില്‍ ഭീഷണിയും നിലനില്‍ക്കുന്ന ഇതേ സ്ഥലത്ത് കുടുംബങ്ങളെ പുനരധിവസിപ്പിക്കുക എന്നാണ് കലക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നതെന്ന് കുടുംബങ്ങള്‍ പറയുന്നു. ഭയം കൂടാതെ അന്തിയുറങ്ങാനുള്ള അവകാശം തങ്ങൾക്കുമില്ലേയെന്നാണ് ഇവർ ചോദിക്കുന്നത്.

Show Full Article
TAGS:localnews Idukki News adimali 
News Summary - disaster-affected people shift their protest to in front of the Panchayat office
Next Story