ഹൈറേഞ്ചിൽ ബസ് യാത്രാ നിരക്കും 'ഹൈ'
text_fieldsഅടിമാലി: കാലഹരണപ്പെട്ട ഫെയര്‍സ്റ്റേജ് പരിഹരിഹരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഗാട്ട് റോഡിന്റെയും ഫെയര്‍ സ്റ്റേജിന്റെയും പേരില്‍ മറ്റ് ജില്ലകളിലേക്കാള്‍ ഉയര്‍ന്ന യാത്രാനിരക്കാണ് ഹൈറേഞ്ചിൽ. 1974 ല്‍ ആണ് ഹൈറേഞ്ചില്‍ ഫെയര്‍ സ്റ്റേജ് നിലവില്‍ വന്നത്.
ഈ കാലയളവില്‍ പലമേഖലകളിലും ജനവാസമുണ്ടായിരുന്നില്ല. പിന്നീട് അതിവേഗം വളര്‍ന്ന ഹൈറേഞ്ചില്‍ ദേശീയപാതകളും സംസ്ഥാന പാതകളും പൊതുമരാമത്ത് റോഡുകളും മറ്റ് ജില്ലകളെപോലെ വളര്‍ന്നു. എന്നാല്‍ ബസ് യാത്രാ നിരക്ക് പഴയ ഫെയര്‍ സ്റ്റേജിന്റെ കണക്കില്‍തന്നെ ഉയര്‍ന്നു. ഇതോടെ ഒരുകിലോമീറ്റര്‍ യാത്രക്ക് മറ്റ് ജില്ലകളേക്കാൾ ഇരട്ടിയില്‍ അധികമായി നിരക്ക്.
അടിമാലിയില്‍ നിന്ന് ചീയപ്പാറ വരെ 17 കിലോമീറ്റര്‍ ദൂരമാണ്. 11 കിലോമീറ്റര്‍ ദൂരത്തിലുളള പത്താംമൈലിലും 15 കിലോമീറ്ററുളള വാളറയും ഫെയര്‍സ്റ്റേജില്‍ വരാത്തതിനാല്‍ ചീയപ്പാറ വരെയുളള അധിക ചാർജ് നല്‍കണം. ഇതേ അവസ്ഥയാണ് മൂന്നാര്‍ രണ്ടാംമൈല്‍, ചിത്തിരപുരം, ചെകുത്താന്‍ മുക്ക് നിവാസികളും നേരിടുന്നത്.
ഹൈവേകളും പൊതുമരാമത്ത് റോഡുകളും ഗാട്ട് റോഡിന്റെ പരിധിയില്‍ വരുന്നില്ല. മിനിമം ചാര്‍ജിന് സഞ്ചരിക്കാവുന്ന ദൂരം നേരത്തേ ഉണ്ടായിരുന്നതുപോലെ അഞ്ച് കിലോമീറ്ററായി നിശ്ചയിക്കണമെന്നും വിവിധ സംഘടനകൾ ആവശ്യപ്പെടുന്നു


